-->
കായികലോകത്തെ ഒരു വലിയ നഷ്ടമായി മാറുകയാണ് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കല്‍ ഡിയോഗോ ജോട്ട. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടാണ് ജോട്ട മരിച്ചത്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ അവിശ്വസനീയമായ ഈ വാര്‍ത്ത പങ്കിട്ട് തങ്ങളുടെ നൊമ്പരം കുറിച്ചത്.
ഇപ്പോഴിതാ പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ തന്റെ സഹതാരമായ ഡിയോഗോ ജോട്ടയുടെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വൈകാരികമായി കുറിച്ചു. അടുത്ത കാലത്തുകൂടി ടീമില്‍ ഒരുമിച്ച് കളിച്ച സഹതാരത്തിന്റെ വിയോഗം അവിശ്വസനീയമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘ഇത് ശരിക്കും അര്‍ത്ഥശൂന്യമാണ്, വിശ്വസിക്കാന്‍ സാധിക്കാത്തതാണ്. ഞങ്ങള്‍ ഈയടുത്തും ദേശീയ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നു, ഈയടുത്താണ് നിങ്ങള്‍ വിവാഹിതനായത്. നിങ്ങളുടെ കുടുംബത്തിനും ഭാര്യക്കും കുട്ടികള്‍ക്കും എന്റെ അനുശോചനം അറിയിക്കുകയും അവര്‍ക്ക് ലോകത്തിലെ എല്ലാ ശക്തിയും നേരുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് എനിക്കറിയാം. ഡിയോഗോ, ആന്ദ്രേ, സമാധാനത്തോടെ വിശ്രമിക്കൂ. ഞങ്ങള്‍ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും...’’ റൊണാള്‍ഡോ കുറിച്ചു. സ്‌പെയിനിലെ സമോറയിലുണ്ടായ കാറപകടത്തിലാണ് ഡിയോഗോ ജോട്ടയും സഹോദരന്‍ ആന്ദ്രേ സില്‍വയും മരിച്ചത്.
സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ പ്രാദേശിക സമയം രാത്രി 12.30 ടെയാണ് ഡിയോഗോ ജോട്ട ഓടിച്ചിരുന്ന ലംബോര്‍ഗിനി കാര്‍ നിയന്ത്രണംവിട്ട് അപകടമുണ്ടായത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡില്‍നിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കത്തിയ കാറില്‍നിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമായി, അത് ജീവനെടുക്കുന്ന ദുരന്തമായി മാറി. അപകടത്തിനു പിന്നാലെ സ്പാനിഷ് സിവില്‍ ഗാര്‍ഡും സമോറയിലെ അഗ്‌നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല.
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജോട്ട, നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ തകര്‍ത്ത് കിരീടം നേടിയ പോര്‍ച്ചുഗല്‍ ടീമിലും അംഗമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജോട്ടയുടെ വിവാഹം നടന്നത്. ദീര്‍ഘകാല പങ്കാളിയായിരുന്ന റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
ജോട്ടയുടെ സഹോദരന്‍ 26കാരനായ ആന്ദ്രേ സില്‍വ പോര്‍ച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്റെ താരമായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത് യുറോപ്യന്‍ ഫുട്ബാളിന് തീരാനഷ്ടമായി മാറുകയാണ്.