-->
ആദ്യം പിന്നിലാകുക അതിന് ശേഷം രണ്ടുഗോളുകള്‍ അടിച്ച് മടങ്ങിവരിക. ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് യൂറോപ്യന്‍ വമ്പന്മാരായ എഫ്‌സി പോര്‍ട്ടോയെ തകര്‍ത്ത് അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമി. 20 വാര അകലെ നിന്ന് ലയണല്‍ മെസ്സി തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ഗോള്‍ നേടി ഇപ്പോഴും തന്റെ കാലുകള്‍ക്ക് ഗോള്‍നേടാന്‍ കഴിവുണ്ടെന്ന് മെസ്സി തെളിയിച്ചു.
സഹതാരം ടെലാസ്‌കോ സെഗോവിയയുടെ അതിശയകരമായ ഗോളില്‍ സമനില പിടിച്ച ടീമിനെ മെസ്സിയുടെ സ്ട്രൈക്ക് വിജയത്തിലേക്ക് നയിച്ചു. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കാനുള്ള ടീമിന്റെ സാധ്യത കൂട്ടി. അടുത്ത മത്സരത്തില്‍ ബ്രസീലിയന്‍ ടീമായ പാല്‍മിറാസിനെതിരായ അവരുടെ അവസാന ഗ്രൂപ്പ് എ മത്സരത്തില്‍ സമനില നേടിയാല്‍ ടീം ക്വര്‍ട്ടറിലെത്തും. ഇന്റര്‍മയാമി ലോകകപ്പില്‍ നേടുന്ന ആദ്യ ജയം കൂടിയാണ് ഇത്. 37-കാരന്റെ ഫ്രീ-കിക്ക് വിന്റേജ്, ട്രേഡ്മാര്‍ക്ക് ആയിരുന്നു. വലയുടെ വലതുമൂലയിലേക്ക് താഴ്ന്നിറങ്ങിയ പന്ത് രക്ഷിക്കാന്‍ ഗോള്‍കീപ്പര്‍ ക്ലോഡിയോ റാമോസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
നേരിട്ടുള്ള ഫ്രീകിക്കുകളില്‍ നിന്നുള്ള താരത്തിന്റെ 68-ാം ഗോളായിരുന്നു ഇത്. തന്റെ കരിയറിന്റെ ഭൂരിഭാഗവും ലിയോണ്‍, പെലെയ്ക്കൊപ്പം (70) ചെലവഴിച്ച ജുനിഞ്ഞോ പെര്‍നാംബുകാനോ (77) മാത്രമാണ് മെസ്സിയെക്കാള്‍ കൂടുതല്‍ നേരിട്ടുള്ള ഫ്രീകിക്കുകള്‍ നേടിയത്. ക്ലബ് ലോകകപ്പിലെ എക്കാലത്തെയും ഗോള്‍ സ്‌കോറര്‍മാര്‍ക്കുള്ള റാങ്കിംഗില്‍ ഗാരെത് ബെയ്ലിനും കരീം ബെന്‍സെമയ്ക്കുമൊപ്പം രണ്ടാമത് എത്താനും മെസ്സിക്കായി. ആറു ഗോളുകളാണ് ഇവര്‍ക്കുള്ളത്. ഏഴൂഗോളുമായി കിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നില്‍.
ഇന്റര്‍ മിയാമിക്ക് വേണ്ടി 61 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ നേടിയ മെസ്സി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ്. ക്ലബ് തലത്തില്‍ 754 ഗോളുകള്‍ മെസ്സി നേടിയിട്ടുണ്ട്. ബാഴ്സലോണയ്ക്കൊപ്പമുള്ള സമയത്ത് അദ്ദേഹം ഫൈനലില്‍ മൂന്ന് ഗോളുകള്‍ ഉള്‍പ്പെടെ അഞ്ച് ഗോളുകള്‍ നേടി, 2009, 2011, 2015 വര്‍ഷങ്ങളില്‍ മത്സരത്തില്‍ വിജയിച്ച അദ്ദേഹം മൂന്ന് തവണ ലോക ക്ലബ്ബ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.
ബാഴ്‌സിലോണയില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ലൂയിസ് സുവാരസ്, ബുസ്‌കെറ്റ്സ്, ജോര്‍ഡി അല്‍ബ തുടങ്ങിയ പ്രായമായ ചില താരങ്ങള്‍ക്ക് ഒപ്പം അമേരിക്കയില്‍ നിന്നുള്ള ചില യുവ കളിക്കാര്‍ക്കൊപ്പമാണ് ഇന്റര്‍ മിയാമി കളിക്കാനെത്തിയിരിക്കുന്നത്. വ്യാഴാഴ്ച പോര്‍ട്ടോയ്ക്കെതിരായ വിജയം, ഔദ്യോഗിക മത്സരത്തില്‍ ഒരു എംഎല്‍എസ് ടീം ഒരു യൂറോപ്യന്‍ ടീമിനെ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. ക്ലബ് വേള്‍ഡ് കപ്പിന്റെ അടുത്ത ഘട്ടത്തില്‍ ഇടം നേടി മെസ്സിക്ക് തന്റെ 38-ാം ജന്മദിനം ചൊവ്വാഴ്ച ആഘോഷിക്കാം.