-->
ഗവേഷണ ലോകത്തിന്റെ ഒരു അത്ഭുത കണ്ടെത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭൂമിയുടെ അകക്കാമ്പ് നിറയെ കാത്തുവച്ചിരിക്കുന്ന സ്വര്‍ണം പുറത്തേക്ക് നിരന്തരം പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഭൂമി സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വര്‍ണത്തിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും ഭൂരിഭാഗവും ഏറ്റവും ഉള്ളില്‍, മധ്യഭാഗത്താണ് മറഞ്ഞിരിക്കുന്നത്. നമുക്കും ഈ പ്രകൃതി നിധികള്‍ക്കുമിടയില്‍ ആയിരക്കണക്കിന് മൈലുകള്‍ വ്യാപിച്ചു കിടക്കുന്ന, തകര്‍ക്കാനാവാത്ത പാറയാണ്. അതായത് ഭൂമിയുടെ അകക്കാമ്പില്‍ നിറഞ്ഞിരിക്കുന്ന ഈ സ്വര്‍ണം മനുഷ്യന് ഒരിക്കലും ഖനനം ചെയ്‌തെടുക്കാനാവില്ല. എന്നാല്‍ വിലയേറിയ ഈ ലോഹങ്ങള്‍ പാറകളിലേക്ക് കയറിക്കൂടി ഒടുവില്‍ ഭൂമിയുടെ ആവരണത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേച്ചര്‍ എന്ന ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹവായിയിലെ അഗ്‌നിപര്‍വത പാറകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയില്‍ പ്ലാറ്റിനം ഗ്രൂപ്പ് ലോഹമായ റുഥേനിയത്തിന്റെ അടയാളങ്ങള്‍ ശാസ്ത്രജ്ഞരുടെ സംഘം തിരിച്ചറിഞ്ഞിരുന്നു. അത് ഭൗമോപരിതലത്തില്‍ നിന്ന് 1,800 മൈലില്‍ (2900 കിലോമീറ്റര്‍) താഴെ കോര്‍ മാന്റില്‍ അതിര്‍ത്തിയില്‍ നിന്നു മാത്രമേ വരാന്‍ സാധ്യതയുള്ളൂ എന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. പരിശോധനയുടെ ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ സ്വര്‍ണം കണ്ടെത്തിയതായി മനസ്സിലാക്കുകയായിരുന്നുവെന്ന് ജര്‍മനിയിലെ ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ ജിയോകെമിസ്റ്റ് നില്‍സ് മെസ്ലിങ് പറയുന്നു. സ്വര്‍ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉള്‍പ്പെടെ അകക്കാമ്പില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയുടെ ആവരണത്തിലേക്ക് ചോര്‍ന്നൊലിക്കുന്നുണ്ടെന്ന് ഈ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പുതിയ പഠനത്തിനായി സജീവമായ കിലൗയ അഗ്‌നിപര്‍വതത്തിലെ ലാവാ തടാകത്തില്‍ നിന്ന് ശേഖരിച്ചവ ഉള്‍പ്പെടെ ഹവായിയില്‍ നിന്നുള്ള അഗ്‌നിപര്‍വത പാറ സാമ്പിളുകള്‍ ഗവേഷകര്‍ വിശകലനം ചെയ്തിരുന്നു. ഈ സാമ്പിളുകളില്‍ കണ്ടെത്തിയ റുഥേനിയവും സാധാരണയായി ഭൂമിയുടെ മാന്റിലില്‍ കണ്ടെത്തുന്ന റുഥേനിയവുമായി താരതമ്യം ചെയ്തായിരുന്നു പഠനം. ഹവായിയിലെ അഗ്‌നിപര്‍വത പാറകളില്‍ കോര്‍ റുഥേനിയത്തിന്റെ ഉയര്‍ന്ന സാന്ദ്രത കണ്ടെത്തി. അങ്ങനെ ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നാണ് ഈ റുഥേനിയം ഉത്ഭവിച്ചതെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.
കാമ്പുമായി ബന്ധപ്പെട്ടിരിക്കുന്ന റുഥേനിയത്തിന്റെ കണ്ടെത്തല്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങള്‍ക്ക് ഭൂമിയുടെ മധ്യഭാഗത്ത് നിന്ന് പുറത്തേക്ക് നീങ്ങാന്‍ കഴിയുമെന്നാണ് തെളിയിക്കുന്നത്. അതായത് ഇന്ന് നമ്മള്‍ ഖനനം ചെയ്യുന്ന വിലയേറിയ ലോഹങ്ങളില്‍ ചിലത് യഥാര്‍ഥത്തില്‍ കാമ്പില്‍ നിന്നാണ് വന്നതെന്ന് കരുതാനാകും. ഭൂമിയുടെ കാമ്പ് മുമ്പ് കരുതിയിരുന്നതുപോലെ ഒറ്റപ്പെട്ടതല്ലെന്നും ഈ പഠനം തെളിയിക്കുന്നുണ്ട്.
ഭൗമോപരിതലത്തില്‍ നമുക്ക് സ്വര്‍ണം ലഭ്യമാകുന്നുണ്ടെങ്കിലും ഭൂമിയുടെ നിക്ഷേപത്തിലുള്ള സ്വര്‍ണത്തിന്റെ ഒരു ചെറിയ അംശം മാത്രമേ ഇവിടെയുള്ളൂ. കട്ടിയേറിയ പാറക്കൂട്ടങ്ങളും പാളികളുംകൊണ്ട് ഭൂമി അതിന്റെ സ്വര്‍ണശേഖരത്തിന്റെ ഭൂരിഭാഗവും സംരക്ഷിച്ചു വച്ചിരിക്കുകയാണ്. ഈ ശേഖരത്തിന്റെ 99 ശതമാനത്തില്‍ അധികവും അതിന്റെ ലോഹ കാമ്പിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ സ്വര്‍ണത്തിന്റെ കണക്കെടുത്താല്‍ ഭൂമിയുടെ മുഴുവന്‍ കരയേയും 50 സെന്റീമീറ്റര്‍ ഘനത്തില്‍ മൂടാനാവുന്നത്ര ശേഖരം ഉണ്ടാവുമെന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.