-->
വലിച്ചെറിയപ്പെടുന്ന പഴയ സിം കാര്‍ഡുകളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്ത് ചൈനീസ് യുവാവ്. ടണ്‍ കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നും സിം കാര്‍ഡുകളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏകദേശം 24 ലക്ഷം രൂപയോളം (2,00,000 യുവാന്‍) വിലമതിക്കുന്ന 191 ഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്തത്.
ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് ഈ പരീക്ഷണത്തിന് പിന്നില്‍. പഴയ സിം കാര്‍ഡുകളും ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ചിപ്പുകളും കെമിക്കലുകള്‍ നിറഞ്ഞ ഡ്രമ്മിലിട്ട് ശുദ്ധീകരിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം വേര്‍തിരിച്ചത്. ചൂടാക്കിയും രാസപ്രവര്‍ത്തനങ്ങളിലൂടെയും കടന്നുപോയ മിശ്രിതത്തിനൊടുവില്‍ തിളങ്ങുന്ന സ്വര്‍ണ്ണക്കട്ടകള്‍ ലഭിക്കുന്നത് വീഡിയോയില്‍ കാണാം. രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഇതിനായി ഉപയോഗിച്ചെന്ന് ക്വിയാവോ പറഞ്ഞു.
വീഡിയോ വൈറലായതോടെ ചൈനയിലെ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റുകളില്‍ പഴയ സിം കാര്‍ഡുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍, ഇത് കണ്ട് ആരും വീട്ടില്‍ പരീക്ഷിക്കരുതെന്ന് ക്വിയാവോ കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രക്രിയയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അതീവ അപകടകാരിയാണെന്നും ശ്വസിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലൈസന്‍സില്ലാതെ ഇത്തരത്തില്‍ ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് പല രാജ്യങ്ങളിലും നിയമവിരുദ്ധവുമാണ്.
സിം കാര്‍ഡുകള്‍ തുരുമ്പിക്കാതെ ദീര്‍ഘകാലം ഈടുനില്‍ക്കാനാണ് അവയുടെ ചിപ്പുകളില്‍ നേരിയ അളവില്‍ സ്വര്‍ണ്ണം പൂശുന്നത്. ഒരു സാധാരണ സിം കാര്‍ഡില്‍ 0.001 ഗ്രാമിൽ താഴെ മാത്രമേ സ്വർണ്ണമുണ്ടാകൂ. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് സിം കാർഡുകൾ ശേഖരിച്ചാൽ മാത്രമേ ഗണ്യമായ അളവിൽ സ്വർണ്ണം ലഭിക്കൂ എന്നതാണ് യാഥാർത്ഥ്യം.