Friday, March 13, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 12.54 PM

ആക്രിയായി വിറ്റ ഇരുമ്പ് ലോക്കറില്‍ പത്ത് ലക്ഷം രൂപയുടെ സ്വര്‍ഭാരണങ്ങള്‍: വീട്ടമ്മയ്ക്ക് തിരികെ നല്‍കി യുവാവ്

scrap, dealer, gold, ornaments, housewife
representative image

ഡല്‍ഹിയിലെ രോഹിണിയില്‍ പഴയ സാധനങ്ങള്‍ തൂക്കിവില്‍ക്കുന്നതിനിടെ വീട്ടമ്മ കൊടുത്ത ഇരുമ്പു ലോക്കറില്‍ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. സെക്ടര്‍ 26ല്‍ താമസിക്കുന്ന ചാന്ദ്‌നി കുമാരി എന്ന വീട്ടമ്മയാണ് ഒരു പഴയ ഇരുമ്പ് ലോക്കര്‍ ആക്രിക്കാരന് വിറ്റത് എന്നാല്‍ ധൃതിക്കിടയില്‍ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കാന്‍ അവര്‍ മറന്നുപോകുകയായിരുന്നു.

ലോക്കര്‍ വാങ്ങി കൊണ്ടുപോയ അഷ്‌റഫ് എന്ന ആക്രി കച്ചവടക്കാരന്‍ പിറ്റേന്ന് അത് തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. സ്വര്‍ണ്ണമാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവയടങ്ങിയ ഒരു പെട്ടി അതിനുള്ളില്‍ ഉണ്ടായിരുന്നു. ആദ്യം അവ കൃത്രിമ ആഭരണങ്ങളാണെന്ന് കരുതിയെങ്കിലും, പരിശോധനയില്‍ അവ യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന് ബോധ്യപ്പെട്ടു. ഉടന്‍ തന്നെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആഭരണങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താന്‍ അഷ്‌റഫ് തീരുമാനിച്ചു.

തന്റെ സത്യസന്ധത കൈവിടാതെ, കഠിനപ്രയത്‌നത്തിലൂടെ ചാന്ദ്‌നി കുമാരിയെയും ഭര്‍ത്താവിനെയും കണ്ടെത്തി അഷ്‌റഫ് ആഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ സമ്പാദ്യം തിരികെ ലഭിച്ചപ്പോള്‍ ആ കുടുംബം വികാരാധീനരായി. നന്ദിസൂചകമായി അവര്‍ നല്‍കിയ പണം സ്‌നേഹപൂര്‍വ്വം നിരസിച്ച അഷ്‌റഫ്, മറ്റൊരാളുടെ സ്വത്ത് കൈവശം വെക്കുന്നത് തെറ്റാണെന്നും അധ്വാനിച്ചുണ്ടാക്കുന്ന പണമേ സമാധാനം നല്‍കൂ എന്നും അവരോട് പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ആക്രി കച്ചവടം നടത്തുന്ന അഷ്‌റഫിന്റെ ഈ മാതൃകാപരമായ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. സത്യസന്ധത ഇന്നും മനുഷ്യരില്‍ ജീവനോടെയുണ്ട് എന്നതിന് തെളിവാണ് ഈ സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു. തന്റെ വ്യക്തിത്വമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് വിശ്വസിക്കുന്ന അഷ്‌റഫ് ഇന്ന് ഒരു വലിയ സമൂഹത്തിന് തന്നെ പ്രചോദനമായി മാറിയിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW