-->
ഒരു നദിയില്‍ കുടുങ്ങിപ്പോയ വാഹനത്തെ ഏതാനും പേര്‍ ചേര്‍ന്ന് ആനയുടെ സഹായത്തോടെ വലിച്ച് കരയ്ക്ക് കയറ്റുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം വന്‍ ചര്‍ച്ചയായി കഴിഞ്ഞെന്ന് പറയാം.
saidkoya90 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്. 'തിരുവേഗപ്പുറ ശങ്കരനാരായണന്‍.. ഞങ്ങളെ കുട്ട്യാന...' എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. നദിക്കരയിലെ മണല്‍ കൂമ്പാരത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഫോര്‍ച്യൂണറാണ് ആന വലിച്ച് കരയ്ക്ക് കയറ്റിയത്. വീഡിയോ ചിത്രീകരിച്ച വ്യക്തി, വലിക്ക് ശങ്കരാ എന്ന് പറഞ്ഞ് കൊണ്ട് ആനയെ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ വടംവലിയാണെന്ന് കരുതിയാല്‍ മതിയെന്ന് പറയുന്നതും കേള്‍ക്കാം. ആന തെല്ലും മടി കാണിക്കാതെ പാപ്പാന്മാരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് വാഹനം അനായാസമായി വലിച്ച് കരയ്ക്ക് കയറ്റുന്ന കാഴ്ച ഏറെ കൗതുകകരമാണ്.
ആന വാഹനം കയറ്റുന്നതിന് മുന്‍പ് വാഹനത്തിന്റെ ടയര്‍ മാത്രമാണ് നദിയിലെ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നത്. നാട്ടുകാരും വാഹനത്തിന്റെ ഉടമയും ഏറെനേരം പരിശ്രമിച്ചിട്ടും വാഹനം കരയ്ക്കു കയറാന്‍ സാധിക്കാതെ വന്നതോടെയാണ് ആനയുടെ സഹായം തേടിയത്. 2,105 കിലോഗ്രാം മുതല്‍ 2,135 കിലോഗ്രാം വരെ ഭാരമുള്ള വാഹനം മിനിറ്റുകള്‍ക്കുള്ളില്‍ ആന വിജയകരമായി വെള്ളക്കെട്ടില്‍ നിന്ന് വലിച്ച് പുറത്തെത്തിച്ചു. ടൊയോട്ട ഫോര്‍ച്യൂണറിന്റെമൊത്തം വാഹന ഭാരം 2,735 കിലോഗ്രാം വരെയാണ്. പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറയിലാണ് സംഭവം.