-->
സാധാരണയായി കടല്‍ തീരത്ത് കൂടി നടക്കുമ്പോള്‍ മണല്‍തരികള്‍ സൂര്യപ്രകാശമേറ്റ് സ്വര്‍ണം പോലെ തിളങ്ങുന്നത് നാം കാണാറുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡിന്റെ തീരത്ത് സഞ്ചരിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ കാണുന്നത് യഥാര്‍ഥ സ്വര്‍ണം തന്നെയാവാം. ഇവിടത്തെ മണല്‍ത്തരികളില്‍ സ്വര്‍ണം നിറഞ്ഞുനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.രാജ്യത്തിന്റെ കിഴക്കന്‍ തീരദേശ മേഖലയിലുടനീളം വ്യാപിച്ചു കിടക്കുന്ന മണല്‍പ്പരപ്പിലാകെ സ്വര്‍ണ കണികകളുടെ സാന്നിധ്യമുണ്ട്.
ഒട്ടാഗോ സര്‍വകലാശാലയിലെ എമെറിറ്റസ് ജിയോളജി പ്രഫസര്‍ ഡേവ് ക്രാവും സംഘവും നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായി സ്വര്‍ണമടങ്ങിയ മണല്‍ത്തരികളുടെ ചിത്രവും പകര്‍ത്തിയിട്ടുണ്ട്. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ഈ ചിത്രം ലോകത്ത് തന്നെ ബീച്ച് സ്വര്‍ണത്തിന്റേതായി പകര്‍ത്തപ്പെടുന്ന ആദ്യ ചിത്രമാണ്. നേരിട്ട് കണ്ണില്‍പ്പെടാത്തത്ര ചെറിയ സ്വര്‍ണ പൊട്ടുകളാണ് തീരത്തുള്ളവയില്‍ ഏറെയും. 10 മൈക്രോമീറ്റര്‍ മാത്രം വലുപ്പമുള്ളവ പോലും ഈ കൂട്ടത്തിലുണ്ട്. അതായത് മനുഷ്യന്റെ മുടിനാരിന്റെ അഞ്ചിലൊന്ന് മാത്രം വലിപ്പമുള്ളവ.
ഇങ്ങനെ വ്യത്യസ്ത വലിപ്പത്തിലുള്ള കോടാനുകോടിക്കണക്കിന് സ്വര്‍ണ കണികകളാണ് തീരത്തുള്ളത്. നന്നേ ചെറുതായതുകൊണ്ടുതന്നെ തീരത്ത് എത്തുന്നവര്‍ സ്വര്‍ണത്തില്‍ ചവിട്ടി നടക്കുമ്പോള്‍ പോലും അത് തിരിച്ചറിയുന്നില്ല. ഏതു പ്രദേശത്ത് സ്ഥിതി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത ആകൃതികളിലാണ് സ്വര്‍ണ കണികകള്‍ കാണപ്പെടുന്നത്. ചിലയിടങ്ങളില്‍ കൃത്യമായ വൃത്താകൃതിയിലാണെങ്കില്‍ മറ്റൊരിടത്ത് വളയങ്ങളായാവും സ്വര്‍ണമുള്ളത്. വായുവിന്റെയും ജലത്തിന്റെയും പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആകൃതികളിലെ ഈ വ്യത്യാസം. ഇവയുടെ ആകൃതിയെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠനം നടത്തുന്നതിലൂടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ഈ പ്രദേശങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു എന്നും സ്വര്‍ണ കണികകള്‍ എങ്ങനെ ഇവിടെ എത്തിയിട്ടുണ്ടാവാം എന്നും വിശകലനം ചെയ്യാന്‍ സാധിച്ചേക്കും.
സൗത്ത് ഐലന്‍ഡിനും സ്റ്റിവാര്‍ട്ട് ഐലന്‍ഡിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഫോവെക്‌സ് സമുദ്ര കനാല്‍ ഭാഗത്താണ് കൂടുതലായും സ്വര്‍ണശേഖരം കാണപ്പെടുന്നത്. ഈ പ്രദേശത്തിന് ഒട്ടേറെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളുണ്ട്. ഇവിടെ സമുദ്രതീരത്തു നിന്നും അകലെമാറി കര മേഖലകളില്‍ സ്വര്‍ണമുണ്ടെന്ന് കാലങ്ങള്‍ക്ക് മുന്നേ കണ്ടെത്തിയിരുന്നു. അത്തരം പ്രദേശങ്ങളില്‍ നിന്നും ഒഴുകിവരുന്ന നദികളിലൂടെ സമുദ്രത്തില്‍ പതിച്ച സ്വര്‍ണത്തരികള്‍ തീരത്തുവന്ന് അടിഞ്ഞതാവാം എന്നാണ് അനുമാനം.
സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഗോള്‍ഡ് പാന്‍ ഉപയോഗിച്ചുപോലും കണ്ടെത്താനാവാത്ത ഈ സ്വര്‍ണക്കണികകള്‍ ജലോപരിതലത്തില്‍ പൊങ്ങിക്കിടന്ന് വലിയതോതില്‍ നഷ്ടപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂസീലന്‍ഡ് ജേര്‍ണല്‍ ഓഫ് ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സിലാണ് പഠന വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.