-->
നായകളുമായി ബന്ധപ്പെട്ട് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ
ഒരു വിമാനത്തില്‍ വളരെ ശാന്തനായി ഇരുന്ന് യാത്ര ചെയ്യുന്ന ഒരു നായയുടെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്. ആ വിമാനത്തിലെ മറ്റേതൊരു യാത്രക്കാരനെയും പോലെയാണ് ഈ നായയും ഇരിക്കുന്നത്. വളരെ ശാന്തനായ സൗമ്യനായ ഒരു യാത്രക്കാരനെ പോലെ.
ആ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ തന്നെയാണ് ഈ മനോഹര നിമിഷം വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നായയുടെ തലയുടെ പിന്‍ഭാഗമാണ് വീഡിയോയില്‍ ആദ്യം തന്നെ കാണുന്നത്. ക്യാമറ അടുക്കുന്തോറും നായയുടെ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു. അതിന്റെ ഉടമയാണ് എന്ന് കരുതുന്ന ഒരു സ്ത്രീയുടെ അരികിലായി അവന്‍ ശാന്തനായി ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ശാന്തമായ പെരുമാറ്റത്തിലൂടെ വിമാനത്തിലെ യാത്രക്കാരുടെയും സോഷ്യല്‍ മീഡിയയിലൂടെ നെറ്റിസണ്‍സിന്റെയും ഹൃദയം തന്നെ നായ കവര്‍ന്നിരിക്കയാണ്. 2019 -ലാണ് ഈ വീഡിയോ ആദ്യമായി വൈറലായി മാറിയത്. ചൈന സതേണ്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരുന്നത്. ബെയ്ജിംഗില്‍ നിന്ന് ടോക്കിയോയിലേക്കുള്ള ഒരു വിമാനത്തില്‍ നിന്നുള്ളതാണ് ഈ രംഗം എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരുന്നു.
മിക്ക കുട്ടികളെക്കാളും നന്നായിട്ടാണ് ആ നായ പെരുമാറിയിരിക്കുന്നത് എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. വീഡിയോയില്‍ നായ സാകൂതം ചുറ്റും വീക്ഷിക്കുന്നത് കാണാം. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.