-->
അമേരിക്കയിലെ ഒറിഗണ്‍ തീരത്ത് കടലിനടിയിലുള്ള ആക്‌സിയല്‍ സീമൗണ്ട് എന്ന അഗ്‌നിപര്‍വതം ഈ വര്‍ഷം അവസാനത്തോടെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. വടക്കുകിഴക്കന്‍ പസഫിക്കില്‍ കാനന്‍ ബീച്ചിന് സമീപം 1.4 കിലോമീറ്റര്‍ അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കാനുള്ള ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1918, 2011, 2015 വര്‍ഷങ്ങളില്‍ പൊട്ടിത്തെറിച്ച സജീവ അഗ്‌നിപര്‍വതമാണിത്. 1,100 മീറ്റര്‍ ഉയരവും 2 കിലോമീറ്റര്‍ വ്യാസവുമുള്ള ആക്‌സിയല്‍ സീമൗണ്ട് സമുദ്രനിരപ്പില്‍ നിന്ന് 1,400 മീറ്റര്‍ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്.
അഗ്‌നിപര്‍വതത്തിന്റെ ഉപരിതലം കൂടുതല്‍ വികസിച്ചുവരുന്നതിനാല്‍ ഭൂകമ്പങ്ങളുടെ ആവൃത്തി അടുത്തിടെ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഒരു പൊട്ടിത്തെറിക്കായി അടുത്തിരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആയിരത്തോളം ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷം അല്ലെങ്കില്‍ 2026 ന്റെ തുടക്കത്തില്‍ ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കാനാണ് സാധ്യതയെന്ന് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഓഷ്യാനോഗ്രഫിയിലെ മറൈന്‍ ജിയോഫിസിസിസ്റ്റും പ്രഫസറുമായ വില്യം വില്‍കോക്ക് പറഞ്ഞു. 2015 ഏപ്രിലില്‍ അഗ്‌നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 10,000 ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായതായും വില്‍കോക്ക് പറഞ്ഞു.
മുന്‍ സ്‌ഫോടനങ്ങളില്‍ കടലിലെ ചെറിയ സസ്യങ്ങള്‍ ലാവാ പ്രവാഹങ്ങളാല്‍ കത്തിനശിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ തഴച്ചുവളരുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് പ്രഫസറായ ഡെബ്ബി കെല്ലി പറഞ്ഞു. മത്സ്യങ്ങള്‍, തിമിംഗലങ്ങള്‍, നീരാളികള്‍ തുടങ്ങിയ സമുദ്രജീവികള്‍ക്ക് ഭൂകമ്പ വ്യതിയാനത്തിന്റെ ചൂടും മുഴക്കവും അനുഭവപ്പെടാമെങ്കിലും അവയ്ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയില്ലെന്നും കരയിലുള്ള ആളുകളെ പൊട്ടിത്തെറി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.2015 മുതല്‍ 2023 വരെ നിര്‍ജീവമായിരുന്നു അഗ്‌നിപര്‍വതം 2023 അവസാനത്തോടെയാണ് വീണ്ടും സജീവമാകാന്‍ തുടങ്ങിയത്.