Sunday, March 15, 2026 Last Updated 31 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 10.41 AM

ആയിരകണക്കിന് മുട്ടകള്‍ അടക്കിവാഴുന്ന സജീവ അഗ്നിപര്‍വ്വതം: ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

underwater, volcano, nursery, pacific, white, skate

ഭൂമിയും പ്രകൃതിയും മനുഷ്യന് ഇന്നും അജ്ഞമാണ്. കാരണം മനുഷ്യന് ഇനിയും കണ്ടെത്താനാവാത്ത ലക്ഷക്കണക്കിന് അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും നിലവറയാണ് ഭൂമി. കാനഡയിലെ വാന്‍കൂവര്‍ ദ്വീപിന് സമീപം കടലാഴങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒരു അഗ്‌നിപര്‍വതം ഒളിപ്പിച്ചുവച്ച അത്തരമൊരു രഹസ്യം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭീമന്‍ മുട്ടകള്‍ക്ക് അടയിരിക്കുകയാണ് സജീവമായ ഈ അഗ്‌നിപര്‍വതം. സമുദ്രത്തിന്റെ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളുടെയും നാം കണ്ടിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഭൂമിയില്‍ തന്നെ നിലനില്‍ക്കുന്ന ആവാസവ്യവസ്ഥകളുടെയും ഏറ്റവും മികച്ച ഉദാഹരണം ഈ പ്രതിഭാസം.

'മെര്‍മെയ്ഡ്‌സ് പഴ്സുകള്‍'എന്ന് വിളിക്കപ്പെടുന്ന ഈ മുട്ടകള്‍ നിഗൂഢതകള്‍ നിറഞ്ഞ പസഫിക് വൈറ്റ് സ്‌കേറ്റ് എന്ന സമുദ്ര ജീവികളുടേതാണ്. സമുദ്ര ജലത്തില്‍ പൊതുവേ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചൂട് ഈ മുട്ടകള്‍ക്ക് ഇന്‍ക്യൂബേറ്റര്‍ എന്നപോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 2019ലായിരുന്നു മുട്ടകള്‍ ആദ്യം കണ്ടെത്തിയത്. അന്നോളം ഈ അഗ്‌നിപര്‍വതം നിര്‍ജീവമാണെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ അഗ്‌നിപര്‍വ്വതം സജീവമാണെന്നും സമുദ്രജീവികള്‍ക്ക് സഹായകരമായ അന്തരീക്ഷം അത് ഒരുക്കുന്നുണ്ടെന്നും പര്യവേഷണങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു.

അഗ്‌നിപര്‍വതത്തിന് 3600 അടി ഉയരം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സമുദ്രോപരിതലത്തിന് ഏകദേശം 0.93 മുതല്‍ 0.99 മൈല്‍ വരെ താഴെയാണ് അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ഇതില്‍ നിന്നും ചൂടുള്ളതും ധാതുക്കളാല്‍ സമ്പന്നമായതുമായ ജലം പുറന്തള്ളപ്പെടുന്നുണ്ട്. ഈ ജലത്തിന്റെ സാന്നിധ്യം മൂലമാണ് വൈവിധ്യം നിറഞ്ഞ ഒരു സമുദ്ര ആവാസ വ്യവസ്ഥ ഇതിന് ചുറ്റും ഉടലെടുത്തത്. ഇവിടുത്തെ സ്വാഭാവിക ചൂട് തിരണ്ടി വര്‍ഗ്ഗത്തില്‍ പെടുന്ന പസഫിക് വൈറ്റ് സ്‌കേറ്റിന് മുട്ടകള്‍ വിരിയിക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു.

സമുദ്രോപരിതലത്തില്‍ നിന്നും 2600 മുതല്‍ 9500 അടി വരെ താഴ്ചയില്‍ ജീവിക്കുന്നവയാണ് പസഫിക് വൈറ്റ് സ്‌കേറ്റുകള്‍. 18 മുതല്‍ 20 ഇഞ്ച് വരെ വീതിയുള്ള ഭീമന്‍ മുട്ടകളാണ് ഇവയുടേത്. ഇവ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ നാലുവര്‍ഷം വരെ സമയമെടുക്കും. ഇക്കാലയളവില്‍ അത്രയും അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചൂട് മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അഗ്‌നിപര്‍വതത്തിന്റെ ഏറ്റവും ആഴം കുറഞ്ഞ കൊടുമുടി പവിഴ പുറ്റുകളുടെ ഒരു പൂന്തോട്ടം പോലെയാണെന്നും കടലാഴങ്ങളിലേയ്ക്ക് നീങ്ങാന്‍ പ്രാപ്തമാകും മുന്‍പ് പസഫിക് വൈറ്റ് സ്‌കേറ്റ് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു നേഴ്‌സറി പോലെയാണ് ഇവിടം പ്രവര്‍ത്തിക്കുന്നതെന്നും 2019ല്‍ അഗ്‌നിപര്‍വതത്തിലേക്കുള്ള പര്യവേഷണത്തിന് നേതൃത്വം നല്‍കിയ സമുദ്ര ജീവശാസ്ത്രജ്ഞയായ ചെറിസ് ഡു പ്രീസ് പറയുന്നു.

2023ല്‍ പസഫിക് വൈറ്റ് സ്‌കേറ്റ് അഗ്‌നിപര്‍വതത്തില്‍ മുട്ടകള്‍ ഇടുന്നത് നിരീക്ഷിക്കാനും ഗവേഷകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇവ മാത്രമല്ല ഒന്നിലധികം സമുദ്ര ജീവിവര്‍ഗങ്ങള്‍ ഈ സവിശേഷ ആവാസവ്യവസ്ഥയെ പ്രകൃതിദത്ത നഴ്‌സറിയായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടുണ്ട്. കടലിനടിയിലെ ഭൂമിശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ പ്രക്രിയകള്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധമാണ് ഈ പ്രതിഭാസം വെളിവാക്കുന്നത്.

ഗവേഷകര്‍ക്ക് ഇന്നോളം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്ത പസഫിക് വൈറ്റ് സ്‌കേറ്റ് പോലെയുള്ള സമുദ്രജീവി വര്‍ഗ്ഗങ്ങളുടെ പ്രജനന കേന്ദ്രം ഒരു സജീവ അഗ്‌നിപര്‍വതത്തിനുള്ളില്‍ ഉണ്ടെന്ന കണ്ടെത്തല്‍ ഈ ദുര്‍ബലമായ പരിസ്ഥിതികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും എടുത്തുകാണിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സമുദ്ര താപനിലയെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി സ്വാധീനിക്കുന്നത് ഈ ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും ഗവേഷകര്‍ പങ്കുവയ്ക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW