-->
ബൈക്കില്‍ കാമുകിയോടൊപ്പം സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21 -കാരനായ മകനെ നടുറോഡില്‍ വച്ച് ചെരുപ്പൂരിയടിച്ച് മാതാപിതാക്കള്‍. കാണ്‍പൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്യുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഗുജൈനി പ്രദേശത്തെ രാം ഗോപാല്‍ ജംഗ്ഷനില്‍ വെള്ളിയാഴ്ച നടന്ന ഈ സംഭവം പരിസരവാസികളാണ് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 -കാരനായ രോഹിത് എന്ന യുവാവും 19 -കാരിയായ യുവതിയുമാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇരുവരും ഒരുമിച്ച് ഒരു വഴിയോര ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത് രോഹിത്തിന്റെ മാതാപിതാക്കള്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കള്‍ രോഹിത്തിനെയും ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയും ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ വാഹനത്തില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞുനിര്‍ത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ മാതാപിതാക്കള്‍ രോഹിതിന്റെ മുഖത്ത് ചെരുപ്പുകൊണ്ട് അടിക്കുന്നതും ശകാരിക്കുന്നതും കാണാം. തടിച്ചുകൂടിയ നാട്ടുകാരില്‍ ചിലര്‍ രോഹിതിനെയും ഒപ്പമുള്ള യുവതിയെയും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്. ഗുജൈനി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ ഇന്‍-ചാര്‍ജ് വിനയ് തിവാരി ആണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇരുകക്ഷികളെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി തല്‍ക്കാലത്തേക്ക് പ്രശ്‌നം പരിഹരിച്ചതായാണ് ഇദ്ദേഹം പറയുന്നത്. വിഷയം കൂടുതല്‍ മോശമാകാതിരിക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പോലീസ് പ്രസ്താവനയില്‍ പറയുന്നു.
#कानपुर मां ने बेटे और बेटे की प्रेमिका को साथ पकड़ा बीच सड़क कर दी पिटाई.. लड़के की मां ने बेटे की प्रेमिका को बीच सड़क जमकर पीटा,बीचब चाव कर थे बेटे की भी हुई पिटाई, गुजैनी थाना क्षेत्र के राम गोपाल चौराहे की घटना ।#kanpur #news #sirfsuch pic.twitter.com/Rh9vopObhz— ठाkur Ankit Singh (@liveankitknp) May 2, 2025