-->
ഇന്ത്യയിലെത്തുന്ന വിദേശ വ്‌ളോഗര്‍മാര്‍ പലപ്പോഴും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ 15 മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്രയ്ക്ക് ശേഷം കടുത്ത ശ്വാസകോശ അണുബാധയുണ്ടായി ചികിത്സയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുഎസ് ട്രാവല്‍ വ്‌ലോഗര്‍. ഇന്ത്യയില്‍ സ്ലീപ്പര്‍ ട്രെയിനില്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് താന്‍ ഗുരുതരാവസ്ഥയിലായെന്നാണ് മിസോറി സ്വദേശിയായ നിക്ക് മഡോക്ക് ആരോപിച്ചത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആശുപത്രി കിടക്കയില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ പരാമര്‍ശമുള്ളത്.
എട്ട് വര്‍ഷമായി ലോകം ചുറ്റി സഞ്ചരിക്കുന്ന ട്രാവല്‍ വ്‌ളോഗറാണ് മഡോക്ക്. ട്രെയിന്‍ യാത്രയുടെ അനുഭവം എന്തെന്നറിയാന്‍ രണ്ട് പേര്‍ തന്നോട് പറഞ്ഞു. എന്നാല്‍ ഇനി ഒരിക്കലും താന്‍ ട്രെയിന്‍ യാത്ര ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനിനുള്ളിലെ വൃത്തികെട്ട ടോയ്ലറ്റ് ദൃശ്യവും അദ്ദേഹം പങ്കുവച്ചു. 'ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. അവിടെ ഊഷ്മളതയുള്ള ഉദാരമതികളായ ആളുകളുണ്ട്. അനന്തമായ പ്രകൃതിഭംഗിയുണ്ട്. സമ്പന്നവും പവിത്രവുമായ ഒരു ചരിത്രവുമുണ്ട്. എന്നാല്‍ വാരണാസിയില്‍ നിന്ന് ന്യൂ ജല്‍പൈഗുരിയിലേക്കുള്ള 15 മണിക്കൂര്‍ സെക്കന്റ് ക്ലാസ് എസി ട്രെയിന്‍ യാത്ര എന്റെ 6 വര്‍ഷത്തെ യാത്രയില്‍ ഞാന്‍ കണ്ട ഏറ്റവും വൃത്തികെട്ട കാര്യങ്ങളിലൊന്നാണ്'- നിക്ക് മഡോക്ക് പറഞ്ഞു.
അതേസമയം ട്രെയിന്‍ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അത് 15 മണിക്കൂര്‍ യാത്രയാണെന്ന് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ഭൂട്ടാനില്‍ വച്ച് ഗുരുതരമായ ശ്വാസകോശ അണുബാധ കണ്ടെത്തി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണം കാണാം. ചിലര്‍ മഡോക്കിനോട് സഹതാപം പ്രകടിപ്പിച്ചു. നിര്‍ഭാഗ്യകരമായ അനുഭവമെന്ന് പ്രതികരിച്ചു. അതേസമയം ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. രാജ്യത്തെ കുറിച്ച് തെറ്റായ ചിത്രം ലോകത്തിന് നല്‍കുകയാണെന്നാണ് വിമര്‍ശനം. ഒരു രാജ്യത്തെ മുഴുവനായി അപകീര്‍ത്തിപ്പെടുത്തി ലൈക്കുകള്‍ നേടാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.