-->
പല വിചിത്ര ഹാബികളും സ്വഭാവങ്ങളും ഒക്കെയുള്ള അനേകം ആളുകള്‍ നമുക്കിടയിലുണ്ടാവാം. അതുപോലെ ചൈനയില്‍ നിന്നുള്ള ഒരു യുവാവിന്റെ അതിവിചിത്രമായ ഒരു സ്വഭാവം അയാളെ എത്തിച്ചത് ആശുപത്രിയിലാണ്. ചൈനയിലെ ചോങ്കിംഗില്‍ നിന്നുള്ള ലി ക്വി എന്ന യുവാവാണ് ആശുപത്രിയില്‍ എത്തിയത്. ഇയാളുടെ വിചിത്രമായ ശീലമായിരുന്നു അഴുക്കായിരിക്കുന്ന സോക്‌സ് മണപ്പിച്ച് നോക്കുക എന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് ഇയാളെ നയിച്ചത്.
ദിവസവും വൈകുന്നേരം ഇയാള്‍ ഉപയോഗിച്ച സോക്‌സ് മണത്ത് നോക്കുമത്രെ. ഇതാണ് പിന്നീട് ഗുരുതരമായ പ്രശ്‌നങ്ങളില്‍ എത്തിച്ചത്. ഇതിന് പിന്നാലെ ഇയാള്‍ക്ക് കഠിനമായ ചുമ വരികയായിരുന്നു. ഉറങ്ങാനോ ശരിക്കും ശ്വാസം കഴിക്കാനോ ഒന്നും തന്നെ പറ്റാത്ത അവസ്ഥയായി തീര്‍ന്നു. തുടക്കത്തില്‍, ലി കുറച്ച് കഫ് സിറപ്പുകള്‍ ഒക്കെ കഴിച്ചു. എന്നാല്‍, ലക്ഷണങ്ങള്‍ വഷളായപ്പോള്‍, ഡോക്ടര്‍മാര്‍ പരിശോധന ആരംഭിക്കുകയായിരുന്നു. ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ ചീഫ് ഫിസിഷ്യന്‍ ഡോ. ലിയാങ് പീക്യാങ്ങ് പറയുന്നത് ലി ക്വിയുടെ സിടി, എംആര്‍ഐ സ്‌കാനുകളില്‍ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തായി വീക്കത്തിന്റെയും അണുബാധയുടെയും ലക്ഷണങ്ങള്‍ കാണാമായിരുന്നു എന്നാണ്.
വിശദമായ ബ്രോങ്കോസ്‌കോപ്പിക്ക് ശേഷമാണ് യുവാവിന് ആസ്പര്‍ജില്ലോസിസ് എന്നറിയപ്പെടുന്ന ആസ്പര്‍ജില്ലസ് ഫംഗസ് മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് എന്ന് സ്ഥിരീകരിക്കുന്നത്. ചെറിയ അലര്‍ജി ആയും ?ഗുരുതരമായ അണുബാധയായും ഒക്കെ ഇത് മാറിയേക്കാം എന്നാണ് പറയുന്നത്. അതുപോലെ, ശ്വാസകോശം, സൈനസസ്, മറ്റ് അവയവങ്ങള്‍ എന്നിവയെ ഒക്കെയും ഇത് ബാധിക്കുകയും ചെയ്യാം.
ഡോ. പീക്യാങ്ങ് പറയുന്നത് ലിയുടെ സോക്‌സ് മണപ്പിക്കുന്ന ശീലം അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ഫംഗസ് ബാധിക്കുന്നതിന് കാരണമായി തീര്‍ന്നിരിക്കാം എന്നാണ്. ലി തന്റെ ഈ വിചിത്രമായ ശീലത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് ഈ സംശയം ഉണ്ടായത്. ചികിത്സയോട് ലിയുടെ ശരീരം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു എന്നും ഡോക്ടര്‍മാര്‍ പറയുന്നു.