Saturday, March 14, 2026 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 10.23 AM

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം പ്രതികാരം: കൊല്ലപ്പെട്ട വിജയകുമാറില്‍ നിന്നും ശമ്പളക്കുടിശ്ശിക ഒരു മാസം ; ഫോണ്‍ മോഷ്ടിച്ചു പ്രതി 2.79 ലക്ഷം രൂപ തട്ടി

uploads/news/2025/04/777572/amith-urasng.jpg

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കൊല്ലപ്പെട്ട വിജയകുമാര്‍ കാണുന്നതും ജോലി നല്‍കുന്നതും ആകസ്മികമായി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ അമിത് ഉറാങ്ങ് വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലുമായി ജോലി ചെയ്തുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കട്ടപ്പനയില്‍ ജോലി ചെയ്തിരുന്ന അമിത് ഉറാങ്ങും ഭാര്യയും ബംഗളൂരുവിലേക്ക് പോകാനായി കോട്ടയത്ത് എത്തിയപ്പോള്‍ വിജയകുമാറിന്റെ ലോഡ്ജില്‍ താമസിച്ചിരുന്നു.

അവിടെ ഇരുവരെയും കണ്ട വിജയകുമാര്‍ ഓഡിറ്റോറിയത്തില്‍ സഹായിയുടെ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ആറുമാസത്തോളം ഇവിടെ പ്രതി ജോലി ചെയ്തു. അവസാനമായപ്പോള്‍ 20 ദിവസത്തെ വേതനം വിജയകുമാര്‍ നല്‍കാനുണ്ടായിരുന്നു. ഇതോടെ ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങി. പിന്നീട് വിജയകുമാര്‍ ഫോണില്‍ വിളിച്ച് വരാന്‍ പറഞ്ഞു. മടങ്ങിയെത്തിയശേഷം 15 ദിവസത്തോളം ജോലി ചെയ്തു.

ഇതോടെ ശമ്പളകുടിശിക ഒരുമാസത്തേതായി. ഇത് അടുത്തമാസം നല്‍കാമെന്ന് വിജയകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം പ്രതിക്ക് ഉണ്ടായിരുന്നു. ഒരുദിവസം ഒന്നും പറയാതെ ജോലി വിട്ട് പോയ ഇയാള്‍ പിന്നീട് വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിക്കുകയും ഇതുപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് 2.79 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടന്‍ വിജയകുമാര്‍ ബാങ്കില്‍ വിളിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടസപ്പെടുത്തി. ഇതോടെ പണം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ വിജയകുമാറിനെ വിളിച്ച് പണം തിരിച്ച് നല്‍കാമെന്ന് പ്രതി പറഞ്ഞു. വിജയകുമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വിജയകുമാറിന്റെ പരാതിയില്‍ അറസ്റ്റിലായ ഇയാള്‍ അഞ്ചരമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷവും പ്രതി വിജയകുമാറിനെ ബന്ധപ്പെട്ടു. കേസ് പിന്‍വലിക്കണമെന്നും പണം തിരികെ നല്‍കാമെന്നും അറിയിച്ചു. വിജയകുമാര്‍ സമ്മതിച്ചില്ല. പ്രതി റിമാന്‍ഡില്‍ കഴിയുമ്പോള്‍ ഭാര്യ ഗര്‍ഭിണിയിരുന്നു. ഇതിനിടെ ഗര്‍ഭം അലസി. പിന്നാലെ അമിത് ഉറാങ്ങില്‍ നിന്ന് അകലുകയും ചെയ്തു. ഇതിനൊക്കെ കാരണക്കാരന്‍ വിജയകുമാറാണെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ പ്രതി പിറ്റേന്ന് കോട്ടയത്ത് പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.

തുടര്‍ന്ന് ഇടുക്കിയില്‍ പോയി ജോലി ചെയ്തു. ഇവിടെനിന്ന് വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 19ന് കോട്ടയതെത്തി ലോഡ്ജില്‍ മുറിയെടുത്തു. ഇടുക്കിയില്‍ ജോലി ചെയ്തപ്പോള്‍ ലഭിച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്.

വിജയകുമാറിന്റെ വീട്ടിലെ ഔട്ട്ഹൗസില്‍ പ്രതി ഭാര്യക്കൊപ്പം നേരത്തേ താമസിച്ചിരുന്നു. അതിനാല്‍ വീടിനകത്തെ സാഹചര്യവും വീടിനകത്ത് എങ്ങനെ കടക്കാമെന്നത് സംബന്ധിച്ചും ഇയാള്‍ക്ക് ധാരണയുണ്ടായിരുന്നു സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നിട്ടും ഒന്നും എടുത്തില്ല. വിജയകുമാറിനോട് പ്രതികാരമെന്ന ചിന്ത മാത്രമേ പ്രതിക്ക് ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് സാങ്കേതികമായി പ്രതിക്ക് ഏറെ അറിവുകള്‍ ഉണ്ടായിരുന്നു. വിജയകുമാറിന്റെ കൊലപാതകത്തില്‍ പ്രതിയ്ക്കു കൂസലൊന്നുമില്ലെങ്കിലും കുടുംബത്തെക്കുറിച്ചു പറയുമ്പോള്‍ വൈകാരികമായാണ് പ്രതികരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

മകന്‍ ഗൗതമിന്റെ മരണവുമായി ബന്ധമില്ലെന്ന് ഉറപ്പിച്ചു പോലീസ്

കോട്ടയം: വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെും കൊലപ്പെടുത്തിയ കേസിന് മകന്‍ ഗൗതമിന്റെ മരണവുമായി ബന്ധമില്ലെന്ന് ഉറപ്പിച്ചു പോലീസ്. അറസ്റ്റിലായ പ്രതി അമിത് ഉറാങ്ങിന് വിജയകുമാറിനോടുണ്ടായിരുന്ന വൈരാഗ്യം മാത്രമാണ കൊലപാതകത്തിന് കാരണമെന്നു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു. മറ്റ് കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മകന്റെ മരണസമയത്ത് വിജയകുമാറിന് ശത്രുക്കള്‍ ഉള്ളതായി പൊലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.

അദ്ദേഹവും അത്തരം സംശയങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. മകന്റെ മരണത്തിലെ അന്വേഷണ ഫയലുകള്‍ സി.ബി.ഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞമാസം വിജയകുമാര്‍ തന്നെ വന്നുകണ്ടിരുന്നു. തുടര്‍ന്ന് കേസ് ഫയലുകള്‍ സി.ബി.ഐക്ക് നല്‍കി. അപ്പോഴൊന്നും ഭീഷണിയെക്കുറിച്ചോ ശത്രുതയെക്കുറിച്ചോ വിജയകുമാര്‍ പറഞ്ഞിരുന്നില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴും അസ്വഭാവിക ഇടപാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എസ്.പി വ്യക്തമാക്കി. ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം കൊലപാതകവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇനി അതില്‍ പോലീസിന് റോളില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യ മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്

കോട്ടയം: ജാമ്യ മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. തിരുവാതുക്കല്‍ കൊലക്കേസിലെ പ്രതിയെ മോഷണക്കേസിലെ റിമാന്‍ഡില്‍ നിന്ന് ഇറക്കിയത് ഇത്തരത്തില്‍ ജാമ്യ മാഫിയയുടെ സ്വാധീനമുപയോഗിച്ചാണ്. ഏറ്റുമാനൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകളാണ് കണ്ടു പരിചയം പോലുമില്ലാാത്ത അമിതിനായി ജാമ്യം നിന്നത്. പണം വാങ്ങിയാണ് ഇത്തരത്തില്‍ ജാമ്യത്തിനായി കോടതിയില്‍ എത്തിയത്. ഇക്കാര്യം വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാതൊരു പരിചയവുമില്ലാത്ത ഇവര്‍ പണം ലക്ഷ്യമിട്ടായിരിക്കും ജാമ്യത്തില്‍ ഇറക്കിയതെന്നാണ് കരുതുന്നതെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിക്കും. ഇത്തരത്തില്‍ സംഘങ്ങളുണ്ടോയെന്ന് അറിയില്ല. ഇനി മുതല്‍ വിവിധ കേസുകളില്‍ പുറത്തിറങ്ങുന്നവര്‍ക്ക് ആരാണ് ജാമ്യം നില്‍ക്കുന്നതെന്ന് നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജാമ്യം നില്‍ക്കുന്നവര്‍ അവര്‍ ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും എസ്.പി മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള ജാമ്യ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ചില അഭിഭാഷകരുടെ ഒത്താശയോടെയാണ് പ്രവര്‍ത്തനം. അന്യസംസ്ഥാന തൊഴിലാളികള്‍, മോഷണക്കേസുകളില്‍ കുടുന്നവര്‍ തുടങ്ങിയവരാണ് ഇത്തരക്കാരുടെ വലയിലാകുന്നത്. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള നാടോടി മോഷണ സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു.

സി.സി.ടിവി ദൃശ്യങ്ങളും പുറത്ത്

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത്. പ്രതി അമിത് കൊലപാതകം നടത്തിയ ശേഷം സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൃത്യം നടത്തിയ ശേഷം വീട്ടില്‍ നിന്നു ഇറങ്ങിയത് 3.30ന് ശേഷമാണ്. കൊലപാതകം നടത്താന്‍ അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ചു പോയതും ഒരേ വഴിയില്‍ തന്നെയാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW