Saturday, March 14, 2026 Last Updated 21 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 12.19 PM

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ തുടരുന്നു ; അവകാശവാദങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തലവേദന

uploads/news/2026/03/830171/congrass-full.gif

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പല ജില്ലകളിലും സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു. ഒട്ടുമിക്ക ജില്ലകളിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പുറേമേ ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശീക നേതാക്കളുടെ അവകാശവാദങ്ങളുമെല്ലാമായി ഒന്നും രണ്ടും സീറ്റുകള്‍ തീരുമാനമാകാതെ സംസ്ഥാനനേതൃത്വത്തിന് വലിയ തലവേദനയായി മാറുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായി തുടരുന്ന ജില്ലകളില്‍ പ്രധാനപ്പെട്ടവയാണ് തിരുവനന്തപുരവും കൊല്ലവും. വാമനപുരത്ത് പാലോട് രവിക്ക് എതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോള്‍, നെടുമങ്ങാട് മീനാങ്കല്‍ കുമാറിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചിറയന്‍കീഴില്‍ രമ്യ ഹരിദാസിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍.

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ആര്‍. ചന്ദ്രശേഖരനെതിരെ പരാതികള്‍ ഉയര്‍ന്നതോടെ അവിടെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കങ്ങളും സജീവമാണ്. കൂടാതെ, പുനലൂര്‍ സീറ്റ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്തിനെ പരിഗണിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.

പത്തനംതിട്ടയില്‍ കോന്നി സീറ്റിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശ് എംപി ഇവിടെ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സതീഷ് കൊച്ചുപറമ്പിലും സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. അതേസമയം, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അമ്പലപ്പുഴയില്‍ ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വലിയ അതൃപ്തിയുണ്ട്. ജി. സുധാകരന്‍ പിണറായി വിജയനെ അനുകൂലിച്ച് സംസാരിച്ചതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം സുധാകരന് പിന്തുണ നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

തര്‍ക്കങ്ങള്‍ക്കിടയിലും പെരുമ്പാവൂരില്‍ സിറ്റിംങ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി സീറ്റ് ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേയും രമേശ് ചെന്നിത്തലയുടേയും സമ്മര്‍ദ്ദമാണ് പെരുമ്പാവൂരില്‍ ഫലം കണ്ടത്. മനോജ് മൂത്തേടനെ കൊണ്ടുവരാന്‍ എ ഗ്രൂപ്പും ശ്രമം നടത്തിയിരുന്നു. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരെയും വൈപ്പിനില്‍ മനു ജേക്കബിനെയുമാണ് പ്രഥമ പരിഗണന.

തൃക്കരിപ്പൂരില്‍ ജോമോന്‍ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ഡിസിസി ശക്തമായി എതിര്‍ക്കുന്നു. കണ്ണൂര്‍ സീറ്റിനെ ചൊല്ലി മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ കൂടി ഇടഞ്ഞതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കടുത്ത ആശയക്കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW