-->
ഭോപ്പാല്‍ : വിവാഹദിനം മണ്ഡപത്തില്‍ നിന്നും തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഗുണ്ടാതലവനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ വിവാഹചടങ്ങ് പൂര്‍ത്തിയാക്കാന്‍ രണ്ടു മണിക്കൂര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വധു പോലീസ് സ്‌റ്റേഷനില്‍. ഒന്നുകില്‍ രണ്ടു മണിക്കൂര്‍ വിവാഹചടങ്ങ് നടത്താനായി നല്‍കണമെന്നും അല്ലെങ്കില്‍ സ്‌റ്റേഷനില്‍ വിവാഹം നടത്താന്‍ സമ്മതിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
കൈകളില്‍ കടും നിറത്തിലുള്ള മൈലാഞ്ചിയും മുഖത്ത് മഞ്ഞള്‍ക്കുറിയുമായി വധു കോ-ഇ-ഫിസ പോലീസ് സ്റ്റേഷനിലെത്തിയാണ് അഭ്യര്‍ത്ഥന നടത്തിയത്. വിവാഹം കഴിക്കാനിരുന്നയാള്‍ കുറ്റവാളിയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും ഇതില്‍ താന്‍ എന്താണ് തെറ്റു ചെയ്തതെന്നും വധു സീമ പോലീസ് സ്‌റ്റേഷനില്‍ എത്തി പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു. വിവാഹത്തിനായി എത്തിയ അതിഥികള്‍ വീട്ടില്‍ കാത്തുനില്‍ക്കുക ആണെന്നും മഞ്ഞള്‍ കല്യാണവും മറ്റ് ചടങ്ങുകളും കഴിഞ്ഞതാണെന്നും പോലീസുകാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
തന്റെ പ്രതിശ്രുത വരന്‍ ആകാശുമായി ചടങ്ങൂകള്‍ പൂര്‍ത്തിയാക്കാന്‍ വെറും രണ്ട് മണിക്കൂര്‍ നേരത്തേക്ക് വിട്ടയക്കണമെന്ന് അവള്‍ പോലീസിനോട് അപേക്ഷിച്ചു. എന്നാല്‍ പോലീസ് ഇത് നിരസിച്ചതോടെ, പുറത്തുവിടാന്‍ കഴിയില്ലെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ചെങ്കിലും വിവാഹം നടത്താന്‍ അനുവദിക്കണമെന്ന വിചിത്രമായ ആവശ്യം അവള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ പോലീസ് വഴങ്ങിയില്ല.
ബുധനാഴ്ച ഉച്ചയോടെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ സംഭവങ്ങള്‍ നടന്നത്. 'ഇല്ലീഗല്‍ ഗാംഗ്' എന്നറിയപ്പെടുന്ന ക്രിമിനല്‍ സംഘത്തിന്റെ തലവനായ ആകാശ് നീല്‍കാന്തിനെ വിവാഹ വേദിയിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരനെ പോലീസ് കൊണ്ടുപോകുന്നത് അതിഥികള്‍ അവിശ്വസനീയതയോടെ നോക്കിനിന്നു. ആകാശിനൊപ്പം കൂട്ടാളികളായ രാജംജി താക്കൂര്‍, അഭിഷേക് ഉപാധ്യായ, അഭിഷേക് മീന, നീരജ് ഖാംഗെ, അമിത് ഓസ്വാള്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
2018 മുതല്‍ ഭോപ്പാലില്‍ സജീവമായ സംഘമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാജ്പേയ് നഗര്‍ മേഖലയില്‍ നിന്നുള്ള അമ്പതിലധികം യുവാക്കള്‍ ഈ സംഘത്തിലുണ്ടെന്നാണ് പോലീസ് വിവരം. ഇവരില്‍ പലരും തങ്ങളുടെ കൂറും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി കഴുത്തില്‍ പച്ചകുത്തിയിട്ടുണ്ട്. സംഘത്തലവനായ ആകാശ് എന്ന ഭൂര ഒരു സാധാരണ കുറ്റവാളിയല്ല. കൊലപാതകം ഉള്‍പ്പെടെ 31 ഓളം ഗൗരവകരമായ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
2024 മാര്‍ച്ച് 18-ന് ഭോപ്പാലില്‍ ബിജെപി യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്ര കുശ്വാഹ കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതിയായിരുന്നു ആകാശ്. ഈ കേസില്‍ 18 മാസം ജയിലില്‍ കഴിഞ്ഞ ഇയാള്‍ നാല് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. 26 വയസ്സുള്ള ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി ഈദ്ഗാഹ് ഹില്‍സ് ഏരിയയിലെ ഒരു ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് കേസ്.
പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് പൂജാരിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പൂജാരിയുടെ സഹോദരനെക്കൊണ്ട് 50,000 രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ബാക്കി തുക ഗഡുക്കളായി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. മാര്‍ച്ച് 11-ന് തടവില്‍ നിന്ന് രക്ഷപ്പെട്ട പൂജാരി കോ-ഇ-ഫിസ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറത്തുവന്നത്.
പരാതിയില്‍ ഉടന്‍ നടപടിയെടുത്ത പോലീസ്, പ്രതികളെ പിന്തുടരുകയും ഒടുവില്‍ വിവാഹവേദിയില്‍ വെച്ച് ആകാശിനെ പിടികൂടുകയുമായിരുന്നു. സീമയും ആകാശും ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരേ പ്രദേശത്ത് താമസിക്കുന്ന സീമ ആഴ്ചകളോളമായി വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.