Saturday, March 14, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.04 AM

ഇറാനിലെ ഖാര്‍ഗ്ദ്വീപ് ആക്രമിച്ചെന്ന് ട്രംപ് ; ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെന്ന് വിശദീകരണം

uploads/news/2026/03/830106/donald-trump.jpg

ടെഹ്‌റാന്‍ : ഇറാനിലെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ ഇട്ട ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ ലക്ഷ്യമിടേണ്ടെന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞു.

മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നില്‍ ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തെന്ന് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകള്‍ക്ക് ഉടന്‍ തന്നെ യുഎസ് നേവി അകമ്പടി സേവിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ നിലവില്‍ ലക്ഷ്യമിടേണ്ടെന്ന് താന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ എണ്ണക്കയറ്റുമതി മേഖലയുടെ ഹൃദയമാണ് ഖാര്‍ഗ് ദ്വീപ്. പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ ഇറാന്‍ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. 8 കിലോമീറ്റര്‍ നീളവും 5 കിലോമീറ്ററോളം വീതിയും മാത്രമാണ് ഈ ദ്വീപിനുള്ളത്. ഇറാനിലെ എണ്ണ ഉല്‍പ്പാദന നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉല്‍പ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് പ്രതികരിച്ചു.

അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരത്തിന് ഇറാന്‍ തടസ്സം സൃഷ്ടിച്ചാല്‍, ഈ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍, പശ്ചിമേഷ്യയില്‍ യുഎസിന് ഓഹരി പങ്കാളിത്തമുള്ളതോ യുഎസുമായി സഹകരിക്കുന്നതോ ആയ എണ്ണക്കമ്പനികളുടെ എല്ലാ സന്നാഹങ്ങളും തകര്‍ത്ത് ചാരമാക്കുമെന്ന് വക്താവ് പറഞ്ഞു.

അമേരിക്ക ഇറാന് മേല്‍ ബോംബാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിനും മറ്റ് ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ പുതിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. അതിനിടയില്‍ ടെഹ്റാനില്‍ നടന്ന സര്‍ക്കാര്‍ അനുകൂല റാലിയില്‍ നിരവധി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 'അമേരിക്കയ്ക്ക് മരണം', 'ഇസ്രായേലിന് മരണം' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ഏന്തിയാണ് പ്രകടനക്കാര്‍ മാര്‍ച്ച് ചെയ്തത്.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 10 മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW