-->
തിരുവനന്തപുരം: കേരളത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന അഞ്ച് സ്‌പെഷ്യല്‍ തീവണ്ടികള്‍ സ്ഥിരപ്പെടുത്താനും ഒരു ട്രെയിനിന്റെ സര്‍വീസ് നീട്ടാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു.
തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്സ്പ്രസ്സ്, കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ്, കൊല്ലം-എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷന്‍ വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ കോഴിക്കോട് എക്സ്പ്രസ്സ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.
തിരുവനന്തപുരത്ത് നിന്ന് മാര്‍ച്ച് 16-നും മംഗളൂരുവില്‍ നിന്ന് മാര്‍ച്ച് 17-നും തിരിക്കുന്ന തിരുവനന്തപുരം - മംഗലുരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ് പ്രസിന് വര്‍ക്കല ശിവഗിരി, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങിലാണ് സ്‌റ്റോപ്പുള്ളത്.
എറണാകുളം ജംഗ്ഷന്‍ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ്സ് എറണാകുളത്ത് നിന്ന് മാര്‍ച്ച് 18-നും വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19-നും യാത്ര തിരിക്കും. കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെങ്കാശി, രാജപാളയം, വിരുദുനഗര്‍, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം. എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. മാര്‍ച്ച് 16 മുതല്‍ സ്ഥിരം സര്‍വീസ് ആരംഭിക്കുന്ന പാലക്കാട് കണ്ണൂര്‍ എക്സ്പ്രസ്സിന് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.
മാര്‍ച്ച് 16 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന കൊല്ലം എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചറിന് പ്രധാന സ്റ്റോപ്പുകള്‍ പെരിനാട്, മണ്‍ട്രോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ്. കണ്ണൂര്‍ കോഴിക്കോട് പ്രതിദിന പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 17 മുതലാണ്. തലശ്ശേരി, മാഹി, വടകര, പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിനൊപ്പം മംഗളൂരു സെന്‍ട്രല്‍ കോഴിക്കോട് എക്സ്പ്രസ്സ് ഇനി മുതല്‍ പാലക്കാട് വരെ സര്‍വീസ് നീട്ടി നടത്തും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.