Friday, March 13, 2026 Last Updated 43 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 11.02 AM

മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ ട്രക്കിങ് ചെയ്തിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം; ജി. വേണുഗോപാല്‍

g-venugopal-

കശ്മീര്‍ ഭീകരാക്രമണത്തിന് മുമ്പ് താനും സുഹൃത്തുക്കളും പഹല്‍ഗാമില്‍ ഉണ്ടായിരുന്നുവെന്ന് ഗായകന്‍ ജി വേണുഗോപാല്‍. മൂന്ന് ദിവസം മുമ്പ് അവിടെ ട്രെക് ചെയ്തിരുന്നു. അതോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലമെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയതെന്നും വേണുഗോപാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ എന്നും വേണുഗോപാല്‍ ചോദിക്കുന്നുണ്ട്.

‘ദൈവമേ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍, (ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ, എന്നിവര്‍) വെറും മൂന്ന് ദിവസങ്ങള്‍ മുമ്പ് ട്രെക് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം! ഞങ്ങള്‍ക്ക് Aru Valley യില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്.”

വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും, വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും’ എന്നാണ് വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.

വേണു​ഗോപാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ​ഗായകന്റെയും കുടുംബത്തിന്റെയും സുഖ വിവരങ്ങൾ അന്വേഷിച്ച് എത്തി. തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വേണു​ഗോപാൽ. ​ഗായകന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കുന്നതോടൊപ്പം പെഹൽ​ഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ആളുകൾ ആദരാഞ്ജലികൾ നേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീർ താഴ്വരയിലെ മഞ്ഞിൽ ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ജി.വേണു​ഗോപാൽ പങ്കിട്ടിരുന്നു.

അതേസമയം, ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു.

20 പേര്‍ക്കു പരുക്കേറ്റു. കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW