-->
ജീവിതത്തില്‍ നമ്മള്‍ കാരണം ആരെങ്കിലും സന്തോഷം അനുഭവിക്കുന്നുണ്ടെങ്കില്‍ അതില്‍ പരം സന്തോഷം നമ്മുക്ക് വേറെയില്ല എന്ന് തന്നെ പറയാം. ഇത്തരം മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെയും ദയയിലൂടെയും ഒക്കെ തന്നെയാണ് ഈ ലോകം ഇങ്ങനെ പോകുന്നതും. ദിവസേന ഒരുപാട് ക്രൈം വാര്‍ത്തകളും മനസ് മടുപ്പിക്കുന്ന സംഭവങ്ങളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. എന്നാല്‍, അതുപോലെ തന്നെ മനുഷ്യരിലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്ന സംഭവങ്ങളും നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്.
moamen12323 എന്ന യൂസറാണ് പോസ്റ്റിട്ടിരിക്കുന്നത്. അതില്‍ തിരക്കേറിയ ഒരു ബസില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് പറയുന്നത്. താന്‍ കയറിയ ബസില്‍ വലിയ തിരക്കായിരുന്നു എന്നാണ് യുവാവ് എഴുതുന്നത്. നേരത്തെ തന്നെ യുവാവിന് സീറ്റ് കിട്ടി. എന്നാല്‍, ബസില്‍ ഒരുപാടുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രായമായ ഒരാളും ഉണ്ടായിരുന്നു. അയാള്‍ക്ക് താന്‍ സീറ്റ് ഒഴിഞ്ഞുനല്‍കി എന്നാണ് യുവാവ് പറയുന്നത്. പിന്നീട് അവര്‍ ഇരുവരും തമ്മില്‍ നടന്ന സംഭാഷണമാണ് യുവാവിന്റെ ആ ദിവസം തന്നെ വളരെ വ്യത്യസ്തമായ ഒരു ദിവസമാക്കി മാറ്റിയത്.
ആ സമയത്ത് യുവാവും പ്രായം ചെന്ന മനുഷ്യനും തമ്മില്‍ ചെറിയ ചില സംഭാഷണങ്ങളുണ്ടായി. അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് യുവാവിന്റെ മനസിനെ സ്പര്‍ശിച്ചത്. താന്‍ നാല് ദിവസമായി ആരോടെങ്കിലും സംസാരിച്ചിട്ട്, എന്നെ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് അയാള്‍ യുവാവിനോട് പറഞ്ഞത്.
ഈ സംഭാഷണം വളരെ സാധാരണയായി പോയിക്കൊണ്ടിരുന്ന തന്റെ ദിവസത്തെ ആകെ മാറ്റി എന്നാണ് യുവാവ് പറയുന്നത്. വളരെ ചെറുത് എന്ന് തോന്നുന്ന ചില പ്രവൃത്തികള്‍ വലിയ ചില അനുഭവങ്ങളാണ് നല്‍കുക എന്ന് തെളിയിക്കുന്നതാണ് യുവാവിന്റെ പോസ്റ്റ്.
ഒരുപാടുപേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവാവ് ആ മനുഷ്യനെ കേള്‍ക്കാന്‍ കാണിച്ച മനഃസന്നദ്ധതയെ പലരും അഭിനന്ദിച്ചു. ഇങ്ങനെയുള്ള ആളുകളെയാണ് ഈ ലോകത്തിന് ആവശ്യം എന്ന് പ്രതികരിച്ചവരും ഒരുപാടുണ്ട്.
I Gave Up My Seat to an Elderly Man on the Bus ,What He Said to Me Afterwards Made Me Think a Lot. byu/moamen12323 inself