Wednesday, March 11, 2026 Last Updated 41 Min 39 Sec ago English Edition
Todays E paper
Ads by Google
വി.പി.നിസാര്‍
Tuesday 08 Apr 2025 10.19 AM

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സര്‍വേയിലും സമവാക്യത്തിലും ആര്യാടന്‍ ; സ്വതന്ത്രനെ കാത്ത് സി.പി.എം

uploads/news/2025/04/774773/aryadan-shoukath.jpg

മലപ്പുറം: പി.വി.അന്‍വര്‍ കളമൊഴിഞ്ഞ നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ രണ്ട് സര്‍വേകളിലും സാമുദായിക സമവാക്യത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനാണ് മുന്‍തൂക്കം. നിലമ്പൂര്‍ നിലനിര്‍ത്താന്‍ ഒരു സ്വതന്ത്ര പരീക്ഷണത്തിന് ഒരുങ്ങുകയാണ് സി.പി.എം. ആര്യാടന്‍ മുഹമ്മദിന്റെ മകനും നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറികൂടിയായ ഷൗക്കത്തിനെ യു.ഡി.എഫ്. പരിഗണിക്കുന്നില്ലെങ്കില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങള്‍ ഇടതുപാളയത്തില്‍ നടന്നിരുന്നു.

തൃക്കാക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് അടുത്ത കേരള ഭരണം പിടിക്കാന്‍ നിലമ്പൂര്‍ തിരിച്ചുപിടിക്കല്‍ നിര്‍ണായകമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വിജയം ഹൈക്കമാന്‍ഡിനും ഏറെ പ്രധാനപ്പെട്ടതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ കനഗോലുവിന്റെ സംഘം നിലമ്പൂരില്‍ രണ്ടു തവണ സര്‍വേ നടത്തി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.

നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിനെ തന്നെയാണു നിലമ്പൂര്‍ തിരിച്ചുപിടിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി സര്‍വേകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌ക്കാരിക രംഗത്തും സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചതും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായിരിക്കെ ദേശീയ തലത്തില്‍ നടപ്പാക്കിയ ശ്രദ്ധേയ പദ്ധതികളുടെ മികവുമാണ് സര്‍വെയില്‍ ആര്യാടന്‍ ഷൗക്കത്തിനെ തുണച്ചത്.

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പല്‍ ആര്യാടന്‍ ഷൗക്കത്തായിരിക്കും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലാണ് സര്‍വെ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്ന മറ്റൊരുഘടകം.

കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള മുസ്ലിം ഭൂരിപക്ഷമായ ആറു ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാറില്‍ ഹിന്ദു വിഭാഗത്തില്‍നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും ഐ.സി ബാലകൃഷ്ണന്‍, മലപ്പുറത്ത് വണ്ടൂരില്‍നിന്നും എ.പി അനില്‍കുമാര്‍, പാലക്കാട് മണ്ഡലത്തില്‍നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ മൂന്നു എം.എല്‍.എമാരാണുള്ളത്. ക്രിസത്യന്‍ വിഭാഗത്തില്‍നിന്നും കണ്ണൂര്‍ ഇരിക്കൂറില്‍നിന്നും സജീവ് ജോസഫ്, പേരാവൂരില്‍നിന്നും സണ്ണി ജോസഫ് എന്നിവരും മുസ്ലിം വിഭാഗത്തില്‍നിന്നും വയനാട് കല്‍പ്പറ്റയില്‍നിന്നും ടി. സിദ്ദിഖും മാത്രമാണുള്ളത്.

നേരത്തെ ടി. സിദ്ദിഖും പാലക്കാട് ഷാഫി പറമ്പിലുമായി മലബാറില്‍നിന്നും രണ്ട് മുസ്ലീം എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഷാഫി പറമ്പില്‍ വടകരയില്‍നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുകയും ചെയ്തതോടെ മലബാറിലെ കോണ്‍ഗ്രസിന്റെ മുസ്ലിം പ്രാതിനിധ്യം രണ്ടില്‍നിന്നും ഒന്നായി കുറഞ്ഞു. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കുന്നതോടെ മുസ്ലിം പ്രാതിനിധ്യം കോണ്‍ഗ്രസിന് ഉറപ്പിക്കാനാവും.

അതേസമയം വര്‍ഗീയതക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന ഇതരമതവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ മതേതരവാദിയായ നേതാവെന്ന പ്രതിഛായയും ഗുണകരമാകുമെന്നാണ് സര്‍വേയില്‍ ചൂണ്ടികാട്ടുന്നത്. മലബാറില്‍ മേധാവിത്വമുള്ള മുസ്ലിം ലീഗിനെതിരേ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലിം വിഭാഗത്തില്‍നിന്നുള്ള എം.എല്‍.എ എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ ആവശ്യം കൂടിയാണ്. കഴിഞ്ഞ 34 വര്‍ഷം ആര്യാടന്‍ മുഹമ്മദാണ് വര്‍ഗീയതക്കും മത രാഷ്ട്രീയത്തിനെതിരേ പൊരുതി മലബാറില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ചത്.

സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ ഒരു വര്‍ഷത്തിനു ശേഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കാമെന്നതാണ് നേതൃത്വതലത്തില്‍ ധാരണയായത്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ 2016ല്‍ വി.എസ് ജോയിക്ക് മലമ്പുഴയില്‍ സീറ്റ് നല്‍കിയിരുന്നു. അന്ന് ബി.ജെ.പിക്ക് പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്നു വി.എസ് ജോയി. വി.എസ് അച്യുതാനനന്ദന്‍ 27,142 വോട്ടിനു ജയിച്ചപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പിയുടെ കൃഷ്ണകുമാര്‍ 46157 വോട്ടുമായി രണ്ടാമതെത്തിയപ്പോള്‍ വി.എസ് ജോയിക്ക് 35333 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 2001ല്‍ കെ.എസ്.യു പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനി മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന്റെ ഭൂരിപക്ഷ 4703 ആയി കുറച്ചപ്പോഴായിരുന്നു വി.എസ് ജോയി ബി.ജെ.പിക്കു പിന്നില്‍ മൂന്നാമതായത്.

ആര്യാടന്‍ ഷൗക്കത്ത് 2016ല്‍ നിലമ്പൂരില്‍ പി.വി അന്‍വറിനോട് 11 504 വോട്ടിനാണ് പരാജയപ്പെട്ടത്. പിന്നീട് അഞ്ചുവര്‍ഷം നിലമ്പൂരില്‍ സജീവമായിട്ടും 2021ല്‍ ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനാണ് സീറ്റ് നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനമാണ് ആര്യാടന്‍ ഷൗക്കത്തിന് പകരം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആര്യാടന്‍ ഷൗക്കത്തിനെ നീക്കുകയും ചെയ്തു. അന്ന് പൊട്ടിത്തെറിക്കാതെ ആര്യാടന്‍ ഷൗക്കത്ത് നേതൃത്വത്തിന് വഴങ്ങുകയായിരുന്നു. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അത് സി.പി.എമ്മിന് ആയുധമാകുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

നിലമ്പൂരില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് സി.പി.എം നീക്കം. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി ചര്‍ച്ചയിലേക്ക് സി.പി.എം കടക്കുക. കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ സ്വതന്ത്ര്യനെ കിട്ടിയില്ലെങ്കില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി, ആര്യാടന്‍ മുഹമ്മദിനെതിരേ ഇടതു സ്വതന്ത്രനായിരുന്ന തോമസ് മാത്യു എന്നിവരാണ് സി.പി.എമ്മിന്റെ പരിഗണനയിലുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സാമുദായിക സമവാക്യം പരിഗണിച്ച് ജില്ലാ പഞ്ചായത്തംഗം ഷൊറോണ റോയി, സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.എം ഷൗക്കത്ത്, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം എന്നിവരിലാര്‍ക്കെങ്കിലും നറുക്കുവീണേക്കാം. അതുമല്ലെങ്കില്‍ പുതിയൊരു സ്വതന്ത്ര്യനെ പയറ്റാനും സാധ്യതയുണ്ട്.

നിലമ്പൂര്‍ വിജയിച്ചാല്‍ സി.പി.എം സീറ്റ് പിടിച്ചെടുത്തെന്ന രാഷ്ട്രീയ നേട്ടംമാത്രമല്ല ഭരണമാറ്റമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ടാകും. നിലമ്പൂര്‍ നിലനിര്‍ത്തിയാല്‍ പി.വി അന്‍വര്‍ ഒന്നുമല്ലെന്നും മൂന്നാം ഭരണത്തിന്റെ മുന്നൊരുക്കമായും സി.പി.എമ്മിനു കണക്കാക്കാം.

മേയ് മാസത്തില്‍ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളാരംഭിച്ചിരിക്കെയാണു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കുള്ള അവസാന ഘട്ട ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നിരിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു നിരുപാധികം പിന്തുണ നല്‍കുമെന്ന പി.വി.അന്‍വറിന്റെ നിലപാടും ഇത്തവണ വലിയ രീതിയില്‍ നിലമ്പൂരില്‍ യു.ഡി.എഫിന് ഗുണം ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW