-->
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന ഇടതുമുന്നണിക്ക് പുതിയ പരസ്യവാചകം ' മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്നാണ് പ്രചരണം. നടി ഭാവന അഭിനയിച്ച വികസന വീഡിയോയും റാപ്പര്‍ വേടന്റെ ഗാനവും ഭാഗമാണ്. ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടിരിക്കുകയാണ്.
സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016-ല്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നും 2021-ല്‍ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതുമായിരുന്നു പരസ്യവാചകം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയില്‍ നടി ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തിയത്. സെറ്റല്ലേ... നമ്മളീ യാത്ര തുടരും എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വനിതാ ദിനത്തിലാണ് ഭാവന ഉള്‍പ്പെട്ട വീഡിയോ പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. സ്‌കൂളുകള്‍, ആശുപത്രികള്‍, വാട്ടര്‍ മെട്രോ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങിയ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ വീഡിയോയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. നേരത്തേ 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്ലൈനോടെ വേടന്‍ ആലപിച്ച 'കാത്തിരുന്ന കാലമേ...' എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും പുറത്തിറക്കിയിരുന്നു. 'പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 3.0' എന്ന ആശയവും ഇടതുപക്ഷം പങ്കുവെച്ചിരുന്നു.