-->
ദുബായ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യാപകമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ആക്രമണങ്ങളില്‍ യുഎസ് സൈനികര്‍ക്കും ഇന്ത്യക്കാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ നീക്കം. 12 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ കെസാദിന് നേരെ വിട്ട ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ യുഎഇയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കെസാദിലെ രണ്ട് കേന്ദ്രങ്ങളില്‍ തീപിടുത്തമുണ്ടാവുകയും ചെയ്തു.
ഇത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തെ നേരിടുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണിത്. ഒമാനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം നടത്തി. സലാല തുറമുഖത്തിന് നേരെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
സ്‌ഫോടനത്തില്‍ തുറമുഖത്തെ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീഴുകയും ഒരു തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സലാല തുറമുഖം താല്‍ക്കാലികമായി അടച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ത്തെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുലര്‍ച്ചെയോടെ ബഹ്റൈന് നേരെയും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ നടന്നതായാണ് വിവരം. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും വിദേശ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം ശക്തമാക്കിയത്.