-->
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിയമപരമായി ദയാവധത്തിന് അനുമതി ലഭിച്ച ആദ്യ വ്യക്തിയായ ഹരീഷ് റാണ (32)യുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാല്‍വുകളും കോര്‍ണിയയുമാണ് കുടുംബം ദാനം ചെയ്തത്. അവയവദാനത്തിന് കുടുംബം നേരത്തെ തന്നെ സമ്മതപത്രം നല്‍കിയിരുന്നു. ബുധനാഴ്ച ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ മതാചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
പതിമൂന്ന് വര്‍ഷത്തോളം യന്ത്രസഹായത്തോടെ മാത്രം ജീവന്‍ നിലനിര്‍ത്തിയിരുന്ന ഹരീഷിന്റെ ദുരിതാവസ്ഥ പരിഗണിച്ചാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നല്‍കിയത്. മകന്റെ ദുരിതം കണ്ടുനില്‍ക്കാനാവാതെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. ഈ തീരുമാനത്തോടെ ഇന്ത്യന്‍ നിയമചരിത്രത്തില്‍ ഹരീഷ് റാണയുടെ പേര് അടയാളപ്പെടുത്തപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ട് 4.10-ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് ഹരീഷ് റാണയുടെ മരണം സ്ഥിരീകരിച്ചത്. ദീര്‍ഘകാലത്തെ വേദനകള്‍ക്ക് വിരാമമിട്ട് മടങ്ങുമ്പോഴും, അവയവദാനത്തിലൂടെ മറ്റൊരാള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ഹരീഷ് യാത്രയായത്. 'അന്തസ്സോടെ മരിക്കാനുള്ള അവകാശം പൗരന്റെയും മൗലികാവകാശമാണെന്നായിരുന്നു മാര്‍ച്ച് 11-ന് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവില്‍ നിരീക്ഷിച്ചത്.