-->
തൃക്കരിപ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന ഇന്ന് നടക്കാനിരിക്കെ സന്ദീപ് വാരിയരുടെ നാമനിര്‍ദ്ദേശ പത്രികയുടെ പേരില്‍ ചങ്കിടിച്ച് യുഡിഎഫ് ക്യാംപ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാനിരിക്കെ പതിക്രാസമര്‍പ്പണം നടത്തിയത് 2.50 ന്. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ പിഴവ് വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
രാവിലെ 11.20-ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവര്‍ക്കൊപ്പമെത്തി സന്ദീപ് വാരിയര്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ മുമ്പാകെ ആദ്യതവണ പത്രിക നല്‍കിയിരുന്നു. എന്നാല്‍, സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉപയോഗിച്ച മുദ്രപ്പത്രത്തിന്റെ വില കുറവാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 200 രൂപയുടെ മുദ്രപ്പത്രം വേണ്ട സ്ഥാനത്ത് 100 രൂപ പത്രമാണ് വെച്ചത്.
തുടര്‍ന്ന് അഡ്വ. ബി.എം. ജമാലിന്റെ നേതൃത്വത്തില്‍ അടിയന്തരമായി പുതിയ സത്യവാങ്മൂലം തയ്യാറാക്കി നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് പത്രികയില്‍ തള്ളിപ്പോകാന്‍ സാധ്യതയുള്ള മറ്റ് ചില ഗുരുതരമായ തെറ്റുകള്‍ കൂടി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മറ്റ് തിരക്കുകള്‍ മാറ്റിവെച്ച് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ വസതിയിലിരുന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ പത്രിക തയ്യാറാക്കുകയായിരുന്നു.
പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ വെറും പത്ത് മിനിറ്റ് ബാക്കിനില്‍ക്കെയാണ് സന്ദീപ് വാരിയറും സംഘവും താലൂക്ക് ഓഫീസില്‍ തിരിച്ചെത്തി പിഴവുകള്‍ തിരുത്തിയുള്ള പുതിയ പത്രിക നല്‍കിയത്. ഇതോടെ സന്ദീപ്‌വാര്യര്‍ക്ക് ചില പ്രചരണ പരിപാടി നഷ്ടമാകുകയും ചെയ്തു. കാഞ്ഞങ്ങാട് യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു സന്ദീപ് വാര്യര്‍ക്ക് പങ്കെടുക്കേണ്ടിയിരുന്നത്.