Tuesday, March 24, 2026 Last Updated 34 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 12.20 PM

സംസ്ഥാനത്ത് ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

gold,on

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിയുടെ സൂചന നല്‍കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW