Tuesday, March 24, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 11.13 AM

കേന്ദ്രം ഒന്നും നല്‍കുന്നില്ലെന്ന ആവലാതി ; 311 കോടി അനുവദിച്ചിട്ടും കേരളം വാങ്ങിയില്ല ; കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്‍

Union Finance Minister  union minister

ന്യൂഡല്‍ഹി: അര്‍ഹതപ്പെട്ട കേന്ദ്രഫണ്ടുകള്‍ നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഞെരുക്കുന്നു എന്ന ആക്ഷേപം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ പ്രചരണ ആയുധമാക്കുമ്പോള്‍ ഇതിനെ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നനുവദിച്ച 311.95 കോടി രൂപ കേരളം വാങ്ങിയില്ലെന്ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

311.95കോടി രൂപയില്‍ 72 കോടിയും വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതിക്ക് നീക്കിവച്ചതാണ്. കേരളത്തില്‍ കാട്ടുതീ നിയന്ത്രിക്കാനാണ് 17.73 കോടി. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിവാരണപദ്ധതിക്കാണ് 222.22 കോടി.

തമിഴ്‌നാടിനും കേരളത്തിനുമുള്ള കേന്ദ്ര സഹായങ്ങള്‍ വെട്ടിച്ചുരുക്കുന്നതായി തമിഴ്‌നാട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം മണിക്കം ടാഗോര്‍ ഉന്നയിച്ച ഉപചോദ്യത്തിനായിരുന്നു കേന്ദ്രധനമന്ത്രി മറുപടി നല്‍കിയത്. സംസ്ഥാനം അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്താലല്ലാതെ തുക അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അര്‍ഹമായ സഹായധനം നല്‍കാതെ കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാനം ആരോപിക്കുമ്പോഴാണ് അനുവദിച്ച തുക വാങ്ങിയില്ലെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍.

കേന്ദ്ര സഹായധനം അനുവദിക്കുന്നതും അതേറ്റെടുക്കുന്നതിനായി അപേക്ഷിക്കുന്നതും വെവ്വേറെയാണ്. അനുവദിച്ചാലും തുക നല്‍കണമെങ്കില്‍ പ്രത്യേകം അപേക്ഷിക്കണം. അനുവദിച്ച തുക വിനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ അടുത്ത ഗഡു അനുവദിക്കുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ധനമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ പുതിയ ആയുധമാകും.

ആരോപണങ്ങള്‍ തുടരുകയാണ്. കേന്ദ്രം അനുവദിക്കുന്ന പണം വാങ്ങാന്‍ കേരളം ഒരിക്കലും തയ്യാറാകാതിരുന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊല്ലത്ത് നടന്ന പ്രചരണ പരിപാടിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രസംഗിച്ചിട്ട് കാര്യമില്ലെന്നും എല്ലാറ്റിനും ഔദ്യോഗിക രേഖകളുള്ളതാണെന്നും ബാലഗോപാല്‍ പറഞ്ഞു.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും പറയുന്ന പരിധിക്കപ്പുറത്തേക്ക് സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് എല്ലാംകൂടി കണക്കിലെടുത്താല്‍പ്പോലും 4,80,000 കോടിക്കപ്പുറം കടന്നില്ല. ബജറ്റ് രേഖകളിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW