-->
കേരള രാഷ്ട്രീയത്തില്‍ പാലാ നിയമസഭാ മണ്ഡലം ഒരു സാധാരണ മണ്ഡലം മാത്രമല്ല, മറിച്ച് ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രതീകമാണ്. പതിറ്റാണ്ടുകളോളം കെ.എം. മാണി എന്ന നേതാവിന്റെ സാന്നിധ്യം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ഈ മണ്ഡലം, അദ്ദേഹത്തിന്റെ മരണശേഷം പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണശാലയായി മാറിയിരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പാലായ്ക്ക് വെറും ഒരു വോട്ടെടുപ്പ് മാത്രമല്ല;ഒരു പാരമ്പര്യത്തിന്റെ പുനരാവിഷ്‌കാരമോ അതോ പുതിയ രാഷ്ട്രീയ അധ്യായത്തിന്റെ തുടക്കമോ എന്നതിന്റെ നിര്‍ണായക ഘട്ടമാണ്. കേരള ചരിത്രത്തില്‍ത്തന്നെ ഒരു വ്യക്തി ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ നാള്‍ പ്രതിനിധീകരിച്ചത് പാലായില്‍ മാണിയാണ്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമുള്ള സ്ഥലമാണ് പാലാ.
എന്നാല്‍, കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമായി. 2006 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്ന് തവണ കെ.എം. മാണിയോട് പരാജയപ്പെട്ടിരുന്ന മാണി സി. കാപ്പന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇതു പാലായുടെ പരമ്പരാഗത രാഷ്ട്രീയ സ്വഭാവത്തില്‍ വലിയ മാറ്റമായി വിലയിരുത്തപ്പെട്ടു.
അത് പക്ഷേ, ഉപതെരഞ്ഞെടുപ്പു മാത്രമായിരുന്നു. തുടര്‍ന്നുള്ള പൊതുതെരഞ്ഞെടുപ്പില്‍, കെ.എം. മാണിയുടെ മകനായ ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയ സാഹചര്യത്തില്‍ പോലും പാലായില്‍ പരാജയപ്പെട്ടത് ശ്രദ്ധേയമായിരുന്നു. അതിനു കാരണം മാണിക്കുള്ളതുപോലെ സ്വീകാര്യത പാലാക്കാര്‍ക്കിടയില്‍ ജോസ് കെ. മാണിക്ക് ഇല്ലായിരുന്നു എന്നതാണ്. മറ്റൊന്നു സീനിയര്‍ നേതാക്കളെ അട്ടിമറിച്ച് നേതൃത്വത്തിലേക്ക് വന്നു എന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഇടതുപക്ഷതരംഗം വീശിയിരുന്ന കാലഘട്ടത്തിലും പാലായിലെ വോട്ടര്‍മാരുടെ നിലപാട് വ്യത്യസ്തമായിരുന്നു. സി.പി.എംകാര്‍ക്കിടയിലും ജോസ് കെ. മാണി ജയിച്ചു വരണമെന്ന് വലിയ താല്‍പര്യമൊന്നുമില്ല എന്നത് വേറേ കാര്യം. മാണിഗ്രൂപ്പിന്റെ അഞ്ച് എം.എല്‍.എമാര്‍ ജയിച്ചു. റോഷി അഗസ്റ്റിന്‍ മന്ത്രിയുമായി.
കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളെ പോലെ പാലായും പരമ്പരാഗതമായി യു.ഡി.എഫ്. സ്വഭാവമുള്ള മണ്ഡലമായാണ് കണക്കാക്കപ്പെടുന്നത്. ക്രിസ്ത്യന്‍, നായര്‍ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി തിരിഞ്ഞാല്‍ എല്‍.ഡി.എഫിന് ഇനിയും ഇവിടെ രക്ഷയില്ല. അതേസമയം വൈക്കം, ഏറ്റുമാനൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ വ്യത്യസ്തമാണ്. അവിടങ്ങളില്‍ ഈഴവ പിന്നോക്കാദികളുടെ വോട്ടുകള്‍ ഇടതുപക്ഷം സമാഹരിക്കുന്നതുകൊണ്ടാണിത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമോ? മത്സരിച്ചാല്‍ വിജയസാധ്യത എത്രത്തോളം? എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.
കേരള കോണ്‍ഗ്രസ്-എം നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, മത്സരിച്ചാല്‍ വിജയിക്കുമോ എന്ന് ജോസ് കെ. മാണിക്കുപോലും ഉറപ്പില്ല. അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ പാലായില്‍ തന്നെ മത്സരിക്കണം. മാണി സാറിന്റെ മകന്‍ പൂഞ്ഞാറിലോ കടുത്തുരുത്തിയിലോ മത്സരിക്കുന്നതില്‍ കഥയില്ല. 'ടു ബി ഓര്‍ നോട്ട് ടുബി' എന്ന ദാര്‍ശനിക പ്രതിസന്ധിയാണ് ജോസ് നേരിടുന്നത്. മാത്രവുമല്ല, നേരത്തേ സൂചിപ്പിച്ചപോലെ സി.പി.എമ്മിനും സി.പി.ഐക്കും ജോസ് കെ. മാണി ജയിച്ചുവരണമെന്നു വാശിയൊന്നുമില്ല. അതിലുപരി ഈ രണ്ടു പാര്‍ട്ടികള്‍ക്ക് പാലായില്‍ വലിയ വേരോട്ടവുമില്ല.
ജോസ് കെ. മാണിക്ക് 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും കയ്‌പേറിയ ഓര്‍മയാണ്. അന്ന് പി.സി. തോമസുമായി ഏറ്റുമുട്ടിയപ്പോള്‍, പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ജോസ് കെ. മാണി മൂന്നാം സ്ഥാനത്തായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ജോസ് വീണുപോയി. അങ്ങനെ ഭയപ്പെടുത്തുന്ന ചില അനുഭവങ്ങള്‍ ജോസ് കെ. മാണിക്കുണ്ട്.
നിലവിലെ എം.എല്‍.എയായ മാണി സി. കാപ്പന്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടെ രംഗത്തുണ്ട്. വിജയം ഉറപ്പിച്ച രീതിയിലാണ് കാപ്പന്റെ സംസാരവും ശൈലിയും ശരീരഭാഷയും. ബോക്‌സിങ് താരം മുഹമ്മദാലി ഒരിക്കല്‍ പറഞ്ഞത് ഇവിടെ ഓര്‍മിക്കുന്നതില്‍ തെറ്റില്ല, 'ഏഴാമത്തെ റൗണ്ടില്‍ നിന്നെ ഇടിച്ചു പഞ്ചറാക്കും ഒമ്പതാമത്തെ റൗണ്ടില്‍ റിങിന് പുറത്തേക്കിടും.' ഏതാണ്ട് അതുപോലെയുള്ള ആത്മവിശ്വാസമാണ് മാണി സി. കാപ്പന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന് വലിയ വെല്ലുവിളിയായി മാറാന്‍ സാധ്യതയുള്ളത് ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഷോണ്‍ ജോര്‍ജ് ആണ്.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സമയത്ത് ഷോണ്‍ ജോര്‍ജിന്റെ ഡിവിഷനില്‍ ഉണ്ടായിരുന്ന, മുമ്പ് പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഒരു പ്രദേശം ഇപ്പോള്‍ പാലാ മണ്ഡലത്തില്‍ ഉണ്ട്. ഇത് ഒരു പരിധിവരെ ഷോണിന് ഗുണകരമാകാനും സാധ്യതയുണ്ട്.അതോടൊപ്പം ജോസ് കെ. മാണി കടുത്തുരുത്തിയിലേക്ക് മാറി പാലായില്‍ ഭാര്യ നിഷ ജോസ് കെ. മാണി മത്സരിക്കുമെന്ന അഭ്യൂഹവും നിലവിലുണ്ട്. മുന്‍പും സമാനമായ അഭ്യൂഹങ്ങള്‍ വന്നിട്ടുള്ളതിനാല്‍ നിഷ മല്‍സരിക്കുമെന്നുള്ളതിന് സാധ്യത കുറവാണ്.
സംസ്ഥാനതലത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാകുന്നുവെന്നും, വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നതായും വിലയിരുത്തപ്പെടുന്നു. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഈ തരംഗം കൂടുതല്‍ പ്രതിഫലിക്കുമോ എന്നതാണ് ശ്രദ്ധേയമായ ചോദ്യം.
ഇതിനിടെ കഴിഞ്ഞുപോയ തദ്ദേശ തെരഞ്ഞെടുപ്പിലും ജോസ് കെ. മാണി കൂടെയുണ്ടായിരുന്നിട്ടും എല്‍.ഡി.എഫിന് പാലായില്‍ തിരിച്ചടിയാണ് കിട്ടിയത്. പാലാ മുനിസിപ്പാലിറ്റി കൈവിട്ടുപോയതാണ് ഞെട്ടിച്ചുകളഞ്ഞത്. ചരിത്രത്തിലാദ്യമായി പാലാ നഗരസഭയില്‍ ഒരു നായര്‍ കുടുംബത്തില്‍ നിന്ന് 21 വയസുകാരിയായ പെണ്‍കുട്ടി ചെയര്‍പേഴ്‌സണ്‍ ആയതും ശ്രദ്ധിക്കപ്പെട്ടു.
പുളിക്കക്കണ്ടം കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനവും ആ തെരഞ്ഞെടുപ്പില്‍ കണ്ടു. ഒരുകാലത്ത് മാണിയുടെ വലിയ അടുപ്പക്കാരായിരുന്ന പുളിക്കക്കണ്ടം കുടുംബക്കാര്‍. പിന്നീട് രണ്ടു കൂട്ടരും വലിയ ശത്രുക്കളായി മാറിയതാണ് ഇതിലെ കഥാ തന്തു. പരമ്പരാഗതമായി കെ.എം. മാണിയെ അനുകൂലിച്ചിരുന്ന പുളിക്കക്കണ്ടം കുടുംബത്തെ കൂടെ ചേര്‍ത്ത് മുനിസിപ്പല്‍ ഭരണം പിടിക്കണമെന്ന് സി.പി.എമ്മിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, ജോസ് കെ. മാണി അതിനു വഴങ്ങിയില്ല. അതോടെ ആ വോട്ടുബാങ്കും ജോസില്‍ നിന്ന് അകന്നുപോകുകയായിരുന്നു. ജോസ് കെ. മാണി അല്‍പം രാഷ്ട്രീയ വിവേകവും നയവും പ്രകടിപ്പിച്ച് പുളിക്കക്കണ്ടം കുടുംബത്തെ ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ അവിടെ നഗരസഭ പിടിച്ചു നിര്‍ത്താന്‍ കഴിയുമായിരുന്നു. പുളിക്കക്കണ്ടം കുടുംബം നായര്‍ സമുദായത്തെയാണ് പ്രതിനിധീകരിക്കുന്നത്. പാലാ മുനിസിപ്പാലിറ്റി രൂപീകരിച്ചശേഷം കത്തോലിക്കന്‍ അല്ലാത്ത ഒരു ചെയര്‍മാന്‍ അവിടെ ഉണ്ടായിട്ടില്ല. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും ഇപ്പോള്‍ നായര്‍ സമുദാംഗമാണ്.
മാണിയുണ്ടായിരുന്നപ്പോള്‍ നായര്‍ സമുദായം അദ്ദേഹത്തിനൊപ്പമായിരുന്നു. ഇപ്പോള്‍ ആ പ്രബല സമുദായത്തെ ജോസ് കെ. മാണി വെറുപ്പിച്ചു എന്നതാണ് വാസ്തവം. നിഷ മത്സരിച്ചാലൂം ജോസ് മത്സരിച്ചാലും ഇനി മറ്റൊരാള്‍ മത്സരിച്ചാലും ഈ ഡാമേജ് മറികടക്കാന്‍ അവര്‍ക്കാകില്ല.
നരേന്ദ്രമോദി സൃഷ്ടിച്ച വികസന കാഴ്ച്ചപ്പാടും മറ്റും ഉയര്‍ത്തിക്കാട്ടിയാണ് ഷോണ്‍ ജോര്‍ജ് രംഗത്തുവന്നിട്ടുള്ളത്. ചെറുപ്പക്കാരനും ഉത്സാഹിയും ആയ ഷോണ്‍ ജോര്‍ജിനെ ഒട്ടും എഴുതി തള്ളാനും കഴിയുകയില്ല. പി.സി. ജോര്‍ജിന്റെ മകനാണ്. ജോര്‍ജിന്റെ അങ്കക്കളരിയില്‍ നിന്നാണ് വരവ്. പ്രത്യേകിച്ച് ഒന്നും പഠിപ്പിച്ചുകൊടുക്കാനില്ല. പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവരുടെ മകന്‍ ആരോമല്‍ ചേകവര്‍ എന്നപോലെ പുത്തരിയങ്കത്തിന് ഇറങ്ങിയിരിക്കുകയാണ് ഷോണ്‍. എനിക്കു തോന്നുന്നത്, കാപ്പന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത ഷോണ്‍ ആയിരിക്കും. ഒരു ഭാഗത്ത് കാപ്പന്റെ അമിത ആത്മവിശ്വാസം. മറുഭാഗത്ത് ജോസ് കെ. മാണിയുടെ ഭീരുത്വത്തോടെയുള്ള പ്രതിരോധം.
അപ്പോള്‍ മൂന്നാമതൊരാള്‍ക്ക് സാധ്യതയുണ്ട്. പി.സി. തോമസ് 2004ല്‍ മൂവാറ്റുപുഴയില്‍ മത്സരിച്ചപ്പോള്‍ ഇതാണ് സംഭവിച്ചത്. പി.എം. ഇസ്മയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോര്‍ വോട്ടുകള്‍ പിടിച്ചു. നേരേ മറിച്ച് യാതൊരു വിധ നിലപാടുകളില്ലാത്ത പി.സി. തോമസ് യു.ഡി.എഫിന് പോകുമായിരുന്ന വോട്ടുകള്‍ പിടിച്ചു. അതുവരെ എല്ലാവരും ഇസ്മയില്‍ ജയിക്കുമെന്നാണ് പൊതുവില്‍ കരുതിയിരുന്നത്. പക്ഷേ, ഫലം വന്നപ്പോള്‍ തോമസ് ജയിച്ചു. കെ. കരുണാകരന്‍ പറഞ്ഞതുപോലെ രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാലല്ല. ചിലപ്പോള്‍ അഞ്ചാകും മറ്റു ചിലപ്പോള്‍ മൂന്നാകാം. ആ കണക്കിലാണ് ഷോണ്‍ ജോര്‍ജിന്റെ വിജയ പ്രതീക്ഷ. രണ്ടും രണ്ടും കൂട്ടി അഞ്ചായാല്‍ ഷോണ്‍ ജയിക്കും. മൂന്നായാല്‍ ജോസ് കെ. മാണി തോല്‍ക്കും. നാലായാല്‍ മാണി സി. കാപ്പന്‍ പാട്ടുംപാടി ജയിക്കും.
പാലാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകും. ജോസ് കെ. മാണി വീണ്ടും തന്റെ പിതാവിന്റെ തട്ടകത്തില്‍ രാഷ്ട്രീയ പുനരാഗമനം നടത്തുമോ, മാണി സി. കാപ്പന്‍ തന്റെ ഭരണംനിലനിര്‍ത്തുമോ, അല്ലെങ്കില്‍ ഷോണ്‍ ജോര്‍ജ് പുതിയ രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കുമോ എന്നതിലാണ് പാലായുടെ ഭാവി രാഷ്ട്രീയം നിര്‍ണയിക്കപ്പെടുക.