Wednesday, March 25, 2026 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 11.36 PM

വനിതാ സംവരണം: ആവേശം പ്രായോഗികതയ്‌ക്ക്‌ വഴിമാറുമ്പോള്‍

uploads/news/2026/03/832039/ed.jpg

ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു വഴിത്തിരിവിനാണ്‌ രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്‌. പതിറ്റാണ്ടുകളായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന വനിതാ സംവരണ ബില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും, അത്‌ ഉയര്‍ത്തുന്ന ഭരണഘടനാപരവും പ്രാദേശികവുമായ ചോദ്യങ്ങള്‍ ഗൗരവതരമായ ചര്‍ച്ചകള്‍ അര്‍ഹിക്കുന്നു. 2011ലെ സെന്‍സസ്‌ അടിസ്‌ഥാനമാക്കി ലോക്‌സഭാ-നിയമസഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം കേവലം ഒരു സംഖ്യാമാറ്റമല്ല, മറിച്ച്‌ രാജ്യത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തെ തന്നെ പുനര്‍നിര്‍ണയിക്കുന്ന ഒന്നാണ്‌.
ലോക്‌സഭാ സീറ്റുകള്‍ 543ല്‍നിന്ന്‌ 816 ആയി ഉയര്‍ത്തുന്നതും അതില്‍ മൂന്നിലൊന്ന്‌ സ്‌ത്രീകള്‍ക്കായി മാറ്റിവയ്‌ക്കുന്നതും ജനാധിപത്യത്തിന്റെ അന്തസ്സത്തയ്‌ക്ക്‌ കരുത്തുപകരും എന്നതില്‍ തര്‍ക്കമില്ല. നയരൂപീകരണത്തിന്റെ ഉന്നതതലങ്ങളില്‍ സ്‌ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നത്‌ സാമൂഹിക നീതിയുടെ താല്‍പര്യമാണ്‌. വരാനിരിക്കുന്ന പുതിയ സെന്‍സസിനായി കാത്തുനില്‍ക്കാതെ 2011ലെ കണക്കുകള്‍ ആധാരമാക്കുന്നത്‌ ഒരു പരിധിവരെ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളുടെ ആശങ്കകള്‍ക്ക്‌ ആശ്വാസം നല്‍കുന്നുണ്ട്‌. ജനസംഖ്യാ നിയന്ത്രണം മാതൃകാപരമായി നടപ്പിലാക്കിയ കേരളം പോലുള്ള സംസ്‌ഥാനങ്ങള്‍ക്ക്‌, പുതിയ സെന്‍സസ്‌ അടിസ്‌ഥാനമാക്കിയാല്‍ രാഷ്‌ട്രീയ പ്രാതിനിധ്യം കുറയുമെന്ന ഭീതി നിലനിന്നിരുന്നു. ആ അര്‍ത്ഥത്തില്‍ ഈ നീക്കം അത്തരം സംസ്‌ഥാനങ്ങള്‍ക്ക്‌ പ്രതികൂലമാവില്ലെന്ന്‌ പ്രഥമദൃഷ്‌ട്യാ വിലയിരുത്താം.
വികസന സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്‌ഥാനങ്ങളെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പിന്നോട്ടടിക്കുന്നത്‌ ജനാധിപത്യപരമായ നീതിയല്ല. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതിന്റെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ക്ക്‌ സീറ്റുകളുടെ എണ്ണത്തില്‍ ആനുപാതികമായ കുറവുണ്ടാകുന്നത്‌ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്‌. അതിനാല്‍, പുതിയ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയില്‍ ജനസംഖ്യയെ മാത്രം മാനദണ്ഡമാക്കാതെ, ഭരണഘടനാപരമായ സംരക്ഷണത്തിലൂടെ ദക്ഷിണേന്ത്യയുടെ രാഷ്‌ട്രീയ ശബ്‌ദം ഇല്ലാതാകുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സവിശേഷമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌.
സീറ്റുകളുടെ എണ്ണത്തിലുള്ള ഈ വന്‍ വര്‍ധന രാജ്യത്തിന്‌ വലിയ സാമ്പത്തിക ബാധ്യതയാകരുത്‌ എന്നതാണ്‌ മറ്റൊരു പ്രധാന വശം. അടിസ്‌ഥാന സൗകര്യങ്ങള്‍ക്കും ശമ്പളത്തിനുമായി ഖജനാവില്‍നിന്ന്‌ ഒഴുക്കുന്ന പണം ജനങ്ങളുടെ നികുതിപ്പണമാണെന്ന ബോധ്യം സര്‍ക്കാരിനുണ്ടാകണം. അതോടൊപ്പം, നറുക്കെടുപ്പ്‌ സമ്പ്രദായത്തിലൂടെ വനിതാ സംവരണ മണ്ഡലങ്ങള്‍ നിശ്‌ചയിക്കുന്നത്‌ മണ്ഡലങ്ങളിലെ വികസനത്തുടര്‍ച്ചയെ ബാധിക്കുമോ എന്ന ആശങ്കയും ഗൗരവതരമാണ്‌. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ജനപ്രതിനിധികള്‍ മാറുന്നത്‌ ജനങ്ങളുമായുള്ള ബന്ധത്തെയും ദീര്‍ഘകാല പദ്ധതികളെയും തടസ്സപ്പെടുത്തിയേക്കാം.
ഏറ്റവും പ്രധാനമായി, ഈ പരിഷ്‌കാരം കേവലം ഒരു രാഷ്‌ട്രീയ തന്ത്രമായോ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ടുള്ള നീക്കമായോ മാറരുത്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായും തുറന്ന ചര്‍ച്ചകള്‍ നടത്തിയും പ്രതിപക്ഷത്തിന്റെ വിശ്വാസമാര്‍ജിച്ചും മാത്രമേ മുന്നോട്ട്‌ പോകാവൂ. പരാതികള്‍ക്കും സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സുതാര്യമായിരിക്കണം ഇതിന്റെ ഓരോ ഘട്ടവും. സ്‌ത്രീ ശാക്‌തീകരണം എന്ന വലിയ ലക്ഷ്യം നടപ്പിലാക്കുമ്പോള്‍ അത്‌ രാജ്യത്തിന്റെ ഐക്യത്തെയോ ഫെഡറല്‍ തത്വങ്ങളെയോ മുറിപ്പെടുത്തുന്നതാകരുത്‌. നാടിന്റെ നന്മയും ജനാധിപത്യത്തിന്റെ കരുത്തും മാത്രമാകണം ഈ ചരിത്രപരമായ നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യം.

Ads by Google
Tuesday 24 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW