-->
ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ആര്‍. വൈരമുത്തുവിനെ അഭിനന്ദിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി. രജനീകാന്ത് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം വൈരമുത്തുവിദെ പ്രശംസിച്ചതിന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെയും ചിന്മയി വിമര്‍ശിച്ചിരുന്നു.
നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ എന്റെ പ്രിയസുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് രജനീകാന്ത് സോഷയല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘അയ്യോ... നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ലെന്നുവെച്ചാല്‍.. ’എന്നാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ചിന്മയി പ്രതികരിച്ചത്.
Ayyyyyyoooo!!!Puriyave puriyaadha??! https://t.co/d3c34dV49Y— Chinmayi Sripaada (@Chinmayi) March 14, 2026
വൈരമുത്തുവിന് ജ്ഞാനപീഠം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ചിന്‍മയി രേഖപ്പെടുത്തുന്നത്. 'കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു നിരന്തര ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നതൊഴിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങള്‍, കരിയര്‍, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ.' എന്നായിരുന്നു ചിന്‍മയിയുടെ പ്രതികരണം.
പിന്നാലെ താരം കമല്‍ഹാസനെതിരേയും രംഗത്തെത്തി. താന്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന സഹൃത്തെന്നായിരുന്നു കമല്‍ വൈരമുത്തുവിനെക്കുറിച്ച് പറഞ്ഞത്. 'സിനിമയില്‍ അധികാരം കയ്യാളുന്ന പുരുഷന്മാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോള്‍, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേള്‍ക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര്‍ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാര്‍ട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാര്‍ അവരുടെ സഹോദരന്മാര്‍, അമ്മാവന്മാര്‍, അച്ഛന്മാര്‍, സുഹൃത്തുക്കള്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കും. എത്ര സ്ത്രീകള്‍ക്ക് മാനസികാഘാതം സംഭവിച്ചാലും ആര്‍ക്കാണ് വിഷമം?' എന്നായിരുന്നു ചിന്‍മയിയുടെ മറുപടി.