Friday, March 13, 2026 Last Updated 57 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 03.09 PM

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ചാരുലതയ്ക്ക് സമ്മാനിച്ച് സഞ്ജു സാംസണ്‍; ‘​എന്റെ ട്രോഫി, അവന് കിട്ടിയ ട്രോഫിയുമായി’ എന്ന് കുറിച്ച് ചാരു; ഏറ്റെടുത്ത് ആരാധകര്‍

uploads/news/2026/03/829234/Untitled-4.jpg
Charulatha ramesh on sanju samson's and india's victory (Image Source: Instagram)

ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മൂന്നാമതായി മുത്തമിട്ടപ്പോള്‍ കേരളക്കരയ്ക്കത് ഒരു പ്രത്യേക അഭിമാനനിമിഷം കൂടിയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനത്തിലൂടെ സഞ്ജു വിശ്വനാഥ് സാംസൺ എന്ന മലയാളിയുടെ കരുത്തിലാണ് ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടത്. വിമർശനങ്ങളെ പ്രചോദനമാക്കി മുന്നേറിയ സഞ്ജു ഇന്ന് പ്രശംസകളുടെ കൊടുമുടിയിലാണ്. ഇന്ത്യയുടെ വിജയം അടുത്തെത്തിയപ്പോള്‍ മൈതാനിയില്‍ മുഴങ്ങിക്കേട്ടത് സഞ്ജുവിന്റെ പേരായിരുന്നു.
ഇന്ത്യയുടെ കലാശപ്പോര് കാണാന്‍ കളിക്കാരുടെ കുടുംബങ്ങളും ഇന്നലെ നരേന്ദ്ര മോദി സ്‌റ്റേഡിയം മൈതാനത്ത് ഉണ്ടായിരുന്നു. സഞ്ജുവിന്റെ കുടുംബാംഗങ്ങളും മറ്റ് താരങ്ങളുടെ പങ്കാളികളും ഗാലറിയില്‍ സജീവമായിരുന്നു, ഒപ്പം സഞ്ജു സാംസന്റെ ഭാര്യ ചാരുലതയുമുണ്ടായിരുന്നു. സഞ്ജു എവിടെ മത്സരത്തിന് പോയാലും നിഴല്‍ പോലെ പിന്തുടരുന്നയാളാണ് ചാരുലത.
ഇപ്പോഴിതാ സഞ്ജുവിന്റെ ഈ വിജയത്തില്‍ ആവേശം പങ്കുവെയ്ക്കുകയാണ് ഭാര്യ ചാരുലത രമേഷ്. സഞ്ജുവിന് ലഭിച്ച പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി പിടിച്ച് സഞ്ജുവിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ചാരുവിന്റെ കുറിപ്പ്.
‘‘എന്റെ ട്രോഫി...അവന്റെ ട്രോഫി പിടിച്ചുകൊണ്ട്...വളരെ നന്ദിയുള്ളവളാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചാരു ചിത്രം പങ്കിട്ടിരിക്കുന്നത്. തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി സഞ്ജു ചാരുലതയ്ക്ക് സമ്മാനിച്ചപ്പോള്‍ ടീം ബസില്‍ സഞ്ജുവിന്റെ ട്രോഫി നെഞ്ചോട് അടുക്കി ചാരുലത നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് സഞ്ജുവും ചാരുലതയും. സഞ്ജുവിന്റെയും ചാരുലതയുടെയും പ്രണയം ആരംഭിക്കുന്നത് കോളേജ് കാലഘട്ടത്തിലാണ്. പ്രണയം തുടങ്ങും മുമ്പ് തന്നെ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയിരുന്നു. എന്നാല്‍ സഞ്ജു ആരാണെന്നോ എന്താണെന്നോ ചാരുലതയ്ക്ക് അറിയില്ലായിരുന്നുവെന്ന് താരം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ വലിയ പിന്തുണയുമായി എന്നും ചാരുലത ഒപ്പമുണ്ടായിരുന്നു. ക്രിക്കറ്റിന്റെ സമ്മര്‍ദ്ദത്തിനിടെ ചാരുവിന്റെ സാമിപ്യം തനിക്ക് കരുത്താകാറുണ്ടെന്നും തന്റെ ആത്മവിശ്വാസത്തില്‍ ചാരു വലിയ പങ്കുവഹിക്കുന്നുണ്ടെന്നും സഞ്ജു തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.
അപമാനഭാരത്താൽ തലതാഴ്ത്തി നിന്നൊരു ഭൂതകാലത്തില്‍ നിന്ന് കലാശപ്പോരിലും ഇന്ത്യയുടെ എല്ലാമെല്ലാമായി സഞ്ജു മാറിയപ്പോള്‍, ഇന്ത്യയെ കീരിടം അണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരമായി. മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍, ഇതുവരെ കിവീസിനെ ടി20 ലോകകപ്പിൽ തോൽപ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച രാജകീയവരവായിരുന്നു ഇന്ത്യയുടേത്. ഈ വിശ്വവേദിയില്‍ സഞ്ജു സാംസണ്‍ എന്ന ആ ചേട്ടൻ പുതുചരിത്രമെഴുതി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ സഞ്ജു നില്‍ക്കുമ്പോള്‍, കേരളത്തിലെ ആരാധകരും ഈ വിജയത്തെ വലിയ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. ബിസിസിഐയുടെ ഔദ്യോഗിക വിരുന്നിന് ശേഷം സഞ്ജുവും ചാരുലതയും ഉടന്‍ തന്നെ കേരളത്തിലേക്ക് മടങ്ങും. സഞ്ജുവിന്റെ വരവിനായി കാത്തിരിക്കയാണ് മലയാളികള്‍. വീരോചിതമായി വരുന്ന സഞ്ജുവിനെ കാത്തിരിക്കയാണ് മലയാളികള്‍. ഇന്നലെ രാത്രി കേരളത്തിലെ നഗരങ്ങളില്‍ നീണ്ട ആഘോഷമായിരുന്നു.

Ads by Google
Ads by Google
TRENDING NOW