-->
തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ സ്വകാര്യജീവിതമാണ് കുറച്ചു ദിവസങ്ങളായി ഏറ്റവും ചർച്ചയായിക്കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനഹര്‍ജി നല്‍കിയതു മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഹര്‍ജിയില്‍ വിവാഹേതരബന്ധവും, മാനസികപീഡനവുമൊക്കെ പ്രധാന ആരോപണങ്ങളായതോടെ താരം സ്വകാര്യ ജീവിതം ചര്‍ച്ചകളില്‍ നിറഞ്ഞു. അതോടെ വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തമിഴ് സിനിമയിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും ചർച്ചകളിൽ ആധിപത്യം സ്ഥാപിച്ചു.
അതിനു പിന്നാലെ ഒരു വിവാഹസത്കാരത്തിൽ വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത് പ്രശ്‌നങ്ങൾ രൂക്ഷമാക്കി. സൈബര്‍ മീഡിയ അറ്റാക്ക് ഉള്‍പ്പടെ കോലാഹലം ശക്തമായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾക്കും ചർച്ചകൾക്കും കാരണമായി മാറി. വിജയ് ക്ക് മാത്രമല്ല തൃഷയ്ക്കും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ അഭ്യൂഹങ്ങൾക്കിടെ, പ്രശസ്ത നടനും സംവിധായകനുമായ പാര്‍ഥിപൻ തൃഷയ്ക്കെതിരെ നടത്തിയ പരാമർശം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഇതിന് തൃഷയുടെ പ്രതികരണം എന്താകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ പാര്‍ഥിപന്റെ പേരെടുത്തു പറയാതെ രൂക്ഷമായ ഭാഷയില്‍ ഇതിനുള്ള മറുപടി നല്‍കുകയാണ് തൃഷ കൃഷ്ണന്‍. ഒരു പ്രത്യേക വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യർത്ഥന പ്രകാരം അവസാന നിമിഷമാണ് തന്റെ പേരും ഫോട്ടോയും പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നും, അറിവില്ലാതെ പറയുന്ന തരംതാണ വാക്കുകൾ, ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് അവരെക്കാൾ ഉപരി പറയുന്ന ആളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും തൃഷ കുറിച്ചു.
‘‘അടുത്തിടെ നടന്ന ഒരു പരിപാടിയുടെ സംഘാടകർ എന്നെ അറിയിച്ചത്, ഒരു വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യർത്ഥന പ്രകാരം അവസാന നിമിഷത്തിലാണ് എന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതെന്നാണ്...
ഒരു മൈക്രോഫോൺ കൈയ്യിലുണ്ടെന്ന് കരുതി ഒരു കമന്റ് ബുദ്ധിപരമായോ തമാശയായോ മാറുന്നില്ല. അത് വിഡ്ഢിത്തത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അറിവില്ലാതെ പറയുന്ന തരംതാണ വാക്കുകൾ, ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് അവരെക്കാൾ ഉപരി പറയുന്ന ആളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്...’’ എന്നാണ് രൂക്ഷമായ പ്രസ്താവനയിൽ തൃഷ കുറിച്ചിരിക്കുന്നത്. പാർഥിപന്റെ പരോക്ഷ പരാമർശങ്ങളോടുള്ള തൃഷയുടെ അതൃപ്തി ഈ പ്രതികരണത്തില്‍ വ്യക്തമായി നിഴലിക്കുന്നുണ്ട്. ഈ ഉറച്ചതും മൂർച്ചയുള്ളതുമായ മറുപടിയിലൂടെ, അനാദരവുള്ള പരാമർശങ്ങൾ നേരിടേണ്ടിവരുമ്പോൾ താൻ നിശബ്ദത പാലിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.
I was informed by the organisers of a recent event that my name and picture were included at the last minute at the request of an individual conveyed through his assistant.A microphone doesn’t make a comment intelligent or humorous. It just makes stupidity louder.Crude words…— Trish (@trishtrashers) March 8, 2026
അടുത്തിടെ നടന്ന ഒരു ചടങ്ങിൽ വച്ചാണ് ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ച് തൃഷ വീട്ടിൽ ഇരിക്കുന്നതാണ് ‘കെപ്റ്റ് അറ്റ് ഹോം’ നല്ലതെന്ന പരാമർശം പാർഥിപന്‍ നടത്തിയത്. ‘‘കുന്ദവൈയോട് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവര്‍ വീടിന് വെളിയില്‍ ഉറങ്ങിയില്ലെങ്കില്‍ നല്ലത്. അത് (വീടിന് വെളിയില്‍ ഇറങ്ങുന്നത്) ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്...’’ എന്നായിരുന്നു പാര്‍ഥിപന്‍ പറഞ്ഞത്. തൃഷയുടെ ഫോട്ടോ കാണിച്ചു കൊണ്ട് ഇവരെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകർ ചോദിച്ചപ്പോഴായിരുന്നു പാർഥിപന്റെ പരാമർശം. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരെത്തി.
വിജയ്‌യും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം. വിഷയം വിവാദമായതോടെ പാർഥിപൻ മാപ്പപേക്ഷയുമായി രംഗത്തെത്തി. താൻ ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങൾ പുറത്തുവന്നതെന്നും അതിൽ ഖേദിക്കുന്നുവെന്നുമാണ് പാർഥിപന്‍ പറഞ്ഞത്. സംഭവിച്ചതില്‍ തെറ്റുപറ്റി, ഖേദിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നായിരുന്നു പാർഥിപന്റെ പ്രതികരണം.
നടൻ വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ കോളിവുഡിൽ സജീവമായിട്ട് ഒരുപാട് കാലങ്ങളായി. ഇതിനിടെ വിജയ്‌യും തൃഷയും ഒരു വിവാഹച്ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹത്തിനാണ് നടനും തൃഷയും ഒരുമിച്ചെത്തിയത്. ഒരേ വണ്ടിയില്‍ വരികയും പോവുകയും ചെയ്ത ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. ഇതോടെ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
വനിതാ ദിനത്തോടനുബന്ധിച്ച് മാമല്ലപുരത്ത് നടന്ന ചടങ്ങിൽ വിജയ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
‘‘അടുത്തിടെ എന്റെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിനുവേണ്ടി വാദിക്കുമ്പോൾ നിങ്ങൾക്ക് വിഷമമുണ്ടാകുന്നത് ഞാൻ കാണുന്നു. അത് എന്നെയും വേദനിപ്പിക്കുന്നു. എന്റെ പ്രശ്നങ്ങൾ ഞാൻ നോക്കിക്കൊള്ളാം, നിങ്ങൾ വിഷമിക്കേണ്ടതില്ല...’’ എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ. വിജയ്-തൃഷ ഗോസിപ്പുകൾക്ക് മറുപടി നൽകാതെ തന്നെ തന്റെ ആരാധകരോടുള്ള കരുതലാണ് താരം ആ വാക്കുകളിലൂടെ പ്രകടിപ്പിച്ചത്.