-->
മലയാള സിനിമയുടെ മുഖശ്രീയായി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഒരു താരമാണ് ശ്രീവിദ്യ. ഗായികയായും നർത്തകിയായും സകല ഐശ്വര്യങ്ങളും നിറഞ്ഞൊരു കലാകാരിയായി ശ്രീവിദ്യ തന്റെ 13-ാം വയസ്സിലാണ് അഭിനയ രംഗത്തെത്തിയത്. ജന്മം കൊണ്ട് തമിഴ്നാട്ടുകാരി ആയിരുന്നു എങ്കിലും, സിനിമ-സീരിയൽ ഇൻഡസ്ട്രികളുടെ നിറസാന്നിധ്യമായി ശ്രീവിദ്യയെ ചേർത്ത് പിടിച്ചത് കേരളക്കരയായിരുന്നു. മലയാളി അല്ലാതിരുന്നിട്ടും മരിച്ചിട്ട് വർഷങ്ങള്‍ക്കിപ്പുറവും ശ്രീവിദ്യയെ മലയാളികള്‍ മറന്നിട്ടില്ല.
പലഭാഷകളിലായി 800 ലേറെ ചിത്രങ്ങളില്‍ തിളങ്ങിയ താരം 2006 ലാണ് ആരാധകരെ വിട്ടുപോയത്. ഏറെക്കാലം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന താരം തന്റെ അവസാന കാലത്ത് താമസം കേരളത്തിലേക്ക് മാറ്റിയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും ശ്രീവിദ്യയെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്.
ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച് നടി മോഹിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ഫോണ്‍ വിളിച്ചപ്പോള്‍ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞെന്നും തിരക്കു കാരണം പിന്നീട് വരാമെന്ന് പറഞ്ഞെന്നും പിന്നീട് കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് മോഹിനി പറയുന്നത്. വല്ലാതെ കരഞ്ഞ മരണം ശ്രീവിദ്യാമ്മയുടെ മരണത്തിലാണെന്നും മോഹിനി പറയുന്നു.
‘‘ശ്രീവിദ്യാമ്മ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ഫോണ്‍ ചെയ്തിരുന്നു. ‘നീ തിരുവനന്തുപുരത്ത് വരുമ്പോള്‍ എന്റെ വീട്ടിലേക്ക് വാ, നിനക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടമല്ലേ. നീ ഇവിടെ വന്ന് കഴിച്ചോ’ എന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ വന്നപ്പോള്‍ ശ്രീവിദ്യാമ്മ എന്നെ വിളിച്ചു. വീട്ടിലേക്ക് വരുന്നോയെന്ന് ചോദിച്ചു. അവർക്ക് സുഖമില്ലെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. രാവിലെ തിരിച്ച് പോകും, അടുത്ത തവണ വരുമ്പോള്‍ അങ്ങോട്ടേക്ക് വരാമെന്ന് ഞാൻ പറഞ്ഞു.
വിദ്യാമ്മ മരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അവരെ പോയി കാണേണ്ടതായിരുന്നു. എനിക്കിപ്പോഴും അതില്‍ വിഷമം ഉണ്ട്. ഞാൻ വല്ലാതെ കരഞ്ഞ മരണം ശ്രീവിദ്യാമ്മയുടെ മരണമാണ്. ഗണേശേട്ടന് (ഗണേശ്കുമാർ) ഫോണ്‍ ചെയ്ത് ഭയങ്കരമായി കരഞ്ഞു. രണ്ട് മൂന്ന് മിനുട്ട് എനിക്ക് സംസാരിക്കാനേ കഴിഞ്ഞില്ല. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. ‘കുഴപ്പമില്ല മോഹിനി, പോട്ടെ...’ എന്ന് പറഞ്ഞു. അത്രയധികം ഞാനിഷ്ടപ്പെട്ടയാളായിരുന്നു ശ്രീവിദ്യാമ്മ.
അടുത്ത ജന്മത്തില്‍ നിനക്ക് സുന്ദരിയുടെ (മോഹിനിയുടെ അമ്മ) മകളായി പിറക്കണോ ശ്രീവിദ്യയുടെ മകളായി പിറക്കണോ എന്ന് ചോദിച്ചാല്‍ സുന്ദരിക്ക് ജനിച്ച് എനിക്ക് അനുഭവങ്ങള്‍ വന്നു. ഇനി ശ്രീവിദ്യയുടെ മകളായി ജനിക്കണം എന്ന് പറയും. അത്രയധികം അവരുടെ കണ്ണുകളും ചുണ്ടുകളും മൂക്കും മനോഹരമാണ്. അളവെടുത്ത് ചെയ്തത് പോലെ. വളരെ ഗ്രേസ്ഫുളായ ആർട്ടിസ്റ്റായിരുന്നു. മനോഹരമായി പാടുന്ന ഗായികയും...’’ മോഹിനി പറയുന്നു.
ആഗ്രഹിച്ചതൊന്നും ആകാതെ ആഗ്രഹിക്കാത്തതെല്ലാം ആയിപ്പോയ ഒരു ജീവിതമാണ് ശ്രീവിദ്യയുടേത്. സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്ന കുട്ടികൾക്കു വേണ്ടി തന്റെ സമ്പാദ്യം ഒരു ട്രസ്റ്റിലൂടെ ശ്രീവിദ്യ നീക്കി വച്ചിരുന്നു. പക്ഷേ എല്ലാ നഷ്ടങ്ങളിലും ആശ്രയമായിരുന്ന അമ്മയെ കവർന്ന കാൻസർ ഒടുവിൽ ശ്രീവിദ്യയെയും തേടിയെത്തി. മാരകവേദനയ്ക്ക് ഒരാശ്വാസമാകുന്ന മരുന്നിനുള്ള പണത്തിനായി പോലും ആ ട്രസ്റ്റ് കനിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു കാര്യം.
അവസാന കാലത്ത് ശ്രീവിദ്യക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് നടനും ഇന്ന് മന്ത്രിയുമായ ഗണേശ്കുമാറിനോടാണ്. ശ്രീവിദ്യ വില്‍പത്രം ഏല്‍പ്പിച്ചതും ഗണേശ് കുമാറിനെയാണ്. ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ശ്രീവിദ്യ വില്‍പത്രത്തില്‍ പറഞ്ഞത് പോലെയല്ല സ്വത്തുക്കള്‍ വിനിയോഗിച്ചതെന്ന് ശ്രീവിദ്യയുടെ സഹോദരൻ എംഎല്‍വി ശങ്കറടക്കം ശ്രീവിദ്യയുടെ കുടുംബം ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. എംഎല്‍വി ശങ്കര്‍ മരിച്ചു. എന്നാല്‍ ഈയടുത്ത് എംഎല്‍വി ശങ്കറിന്റെ ഭാര്യ ഒരു തമിഴ് മീഡിയക്ക് അഭിമുഖം നല്‍കുകയും ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. വില്‍പത്രത്തിലെ വിവരങ്ങള്‍ പോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവർ പറഞ്ഞത്.
ശ്രീവിദ്യ എന്ന മലയാളത്തിന്റെ മുഖശ്രീ വിട പറഞ്ഞിട്ട് രണ്ടുപതിറ്റാണ്ടിനോട് അടുക്കുമ്പോള്‍, ആ നോവുകൾക്കിടയിലും അനശ്വരമാക്കിയ വേഷങ്ങളിലൂടെ ശ്രീവിദ്യാമ്മ ഇന്നും ജീവിക്കുന്നുണ്ടെന്നുള്ളത് മറ്റൊരു സത്യം.