-->
തെന്നിന്ത്യന്‍ സിനിമാ താരവും ടോക്ക് ഷോ അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ പലപ്പോഴും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. അതില്‍ ചിലതൊക്കെ വിവാദങ്ങളില്‍ പെടുകയും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്ന് തന്റെ ടോക്ക് ഷോയിലൂടെ പറഞ്ഞതിന്റെ പേരില്‍ ലക്ഷ്മി രാമകൃഷ്ണൻ വാര്‍ത്തകളില്‍ നിറഞ്ഞു. അത് സംഗീത സ്വര്‍ണ്ണലിംഗവുമായുള്ള വിവാഹമോചനക്കേസ് നിലവില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നടനും രാഷ്ട്രീയക്കാരനുമായ വിജയ് യെ ലക്ഷ്യം വച്ചുള്ളതാണ് എന്ന രീതിയില്‍ വളച്ചൊടിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിവാദങ്ങൾക്ക് കൂടുതല്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്മി രാമകൃഷ്ണന്‍. തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ വ്യക്തിജീവിതത്തെയോ രാഷ്ട്രീയ പ്രവേശനത്തെയോ കുറിച്ച് താൻ യാതൊരുവിധ പരാമർശങ്ങളും നടത്തിയിട്ടില്ലെന്നായിരുന്നു താരം കുറിച്ചത്. തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും വളച്ചൊടിച്ച് വ്യക്തിപരമായ അധിക്ഷേപമായി ചിത്രീകരിക്കുകയായിരുന്നുവെന്നും വിജയ്‌യെ ഒരു സഹകലാകാരൻ എന്ന നിലയിൽ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ അമ്മയോട് തനിക്ക് വലിയ ആദരവാണുള്ളതെന്നുമാണ് താരം കുറിച്ചത്. താൻ നടത്തിയ പൊതുവായ നിരീക്ഷണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതിലുള്ള അതൃപ്തിയും താരം ട്വീറ്റിലൂടെ പങ്കിട്ടിരുന്നു.
‘‘ഞാൻ വിജയ്‌യുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒരു പരാമർശവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ബഹുമാന്യനും ശാന്തനും സൗമ്യനുമായ ഒരു സഹനടനായി മാത്രമേ വിജയ്‌യെ എനിക്ക് അറിയൂ. അദ്ദേഹത്തിന്റെ അമ്മയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. അതിനപ്പുറം, എനിക്ക് വ്യക്തിപരമായ അറിവില്ല. .
അടുത്തിടെ ഞാൻ ഒരു വേദിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായും ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളുമായും തെറ്റായി കൂട്ടിവായിക്കുകയുമായിരുന്നു.
ഒരു ദിനപത്രം എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ, വ്യക്തിപരമായ കാര്യങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും എങ്ങനെ വേർതിരിച്ചു കാണണമെന്ന് ആളുകൾക്ക് അറിയാമെന്ന് ഞാൻ പറഞ്ഞു. ഇത് ഒരു തിരഞ്ഞെടുപ്പ് കാലമാണെന്നും ഈ വിഷയം അതിശയോക്തിപരമായി പറയപ്പെടുന്നുവെന്നും ഞാൻ പറഞ്ഞു. ഒരു കാര്യം കൂടി, സ്ത്രീകളുടെ ക്ഷേമത്തിൽ യഥാർത്ഥ ആശങ്കയുണ്ടെങ്കിൽ, നീതിക്കായി പോരാടാൻ ഒരു മാർഗവുമില്ലാതെ, നിയമസഹായമോ സാമ്പത്തിക സഹായമോ ഇല്ലാതെ, അടുത്ത ഭക്ഷണത്തിന്റെ ഉറപ്പ് പോലും ഇല്ലാതെ ജീവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അതേ നിലവാരത്തിലുള്ള ശ്രദ്ധ അവർക്കും നൽകേണ്ടതല്ലേ?... ഈ പ്രസ്താവന എന്റെ നിലപാട് വ്യക്തമാക്കാനും ഉയർന്നുവന്ന തെറ്റിദ്ധാരണ തിരുത്താനും മാത്രമാണ്....’’ എന്നാണ് ലക്ഷ്മി രാമകൃഷ്ണന്‍ ട്വീറ്റ് ചെയ്തത്.
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് അടുത്തിടെ താരം പങ്കുവച്ചത്. വ്യക്തിപരമായ ആഗ്രഹങ്ങൾക്കുപരി ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോടെയായിരിക്കണം ഒരാൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ നയിക്കാൻ കൃത്യമായ പരിശീലനം സിദ്ധിച്ച നേതാവാണ് വേണ്ടതെന്ന താരത്തിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ ലക്ഷ്മി രാമകൃഷ്ണൻ ഇത്തരമൊരു പരാമർശം നടത്തിയത് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ ഇത് കേവലം ഒരു പൊതു നിരീക്ഷണം മാത്രമാണെന്നും ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും വ്യക്തമാക്കിയതോടെ വിവാദങ്ങൾക്കും മറുപടിയായിരിക്കുകയാണ്.
. @actorvijay அவர்களின் தனிப்பட்ட விஷயங்கள் பற்றியும், அவருடைய அரசியல் வருகை பற்றியும் நான் எந்தக் கருத்தையும் வெளியிடவில்லை.விஜயை நான் அறிந்தது ஒரு மரியாதையான, அமைதியான, மென்மையான இணை நடிகராக மட்டுமே. அவருடைய தாயாரைப் பற்றியும் எனக்கு மிகுந்த மரியாதை உள்ளது. அதற்கும் மேலாக… pic.twitter.com/qk2bXgoCdI— Lakshmy Ramakrishnan (@LakshmyRamki) March 8, 2026
തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയും അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തുവെന്നും താരം കുറിച്ചിട്ടുണ്ട്.
‘‘എന്റെ ട്വീറ്റിനെക്കുറിച്ച് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു - ഈ വിഷയത്തിൽ എനിക്ക് ഒരു അഭിപ്രായവുമില്ലെന്ന് വ്യക്തമാക്കാൻ മാത്രമാണ് ഞാൻ അത് പോസ്റ്റ് ചെയ്തത്. ദയവായി മനസ്സിലാക്കാതെ തിടുക്കത്തിൽ പ്രതികരിക്കരുത്.
ഒരു സ്വകാര്യ കാര്യം പൊതുചർച്ചയുടെ വിഷയമാകുന്നത് ഉൾപ്പെട്ടിരിക്കുന്നവർ അത് പരസ്യമായി പ്രകടിപ്പിക്കുകയോ അതിൽ അഭിപ്രായം പറയുകയോ ചർച്ച ചെയ്യാൻ അനുവദിക്കുകയോ ചെയ്താൽ മാത്രമാണ്. എന്റെ പരിപാടിയിലും അത്തരം സാഹചര്യങ്ങളിൽ ചർച്ചകൾ നടക്കും.
എന്നാൽ ഒരാളുടെ ഭാര്യയെ സോഷ്യൽ മീഡിയയിൽ പരസ്യമായി അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ വൈകാരികമായി ആക്രമിക്കുകയോ ചെയ്യുമ്പോൾ, അത് ഇനി പൂർണ്ണമായും സ്വകാര്യ കാര്യമല്ല. അപ്പോൾ അതിനെതിരെ ശബ്ദമുയർത്തുന്നത് സ്വാഭാവികവും ന്യായവുമാണ്.
മുമ്പ് ഒരു സംഭവത്തിൽ ഞാൻ ഇതേ കാരണത്താൽ ഇടപെട്ടു. പക്ഷേ അപ്പോഴും എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയും അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. അതിനാൽ, ദയവായി സത്യം മനസ്സിലാക്കി അഭിപ്രായം പറയുക....’’ എന്നാണ് ലക്ഷ്മി രാമകൃഷ്ണന്റെ പുതിയ എക്സ് പോസ്റ്റ്.
என் ட்வீட்டை பற்றி தெளிவாகச் சொல்ல விரும்புகிறேன் — அந்த விஷயத்தில் நான் எந்தக் கருத்தும் தெரிவிக்கவில்லை என்பதை விளக்குவதற்காக மட்டுமே அதை பதிவு செய்தேன். தயவுசெய்து புரிந்துகொள்ளாமல் அவசரமாக எதிர்வினை அளிக்க வேண்டாம்.ஒரு தனிப்பட்ட விஷயம், சம்பந்தப்பட்டவர்கள் அதை பொதுவாக… https://t.co/yhNYvCivKA— Lakshmy Ramakrishnan (@LakshmyRamki) March 9, 2026
ജനനായകൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ചിത്രം. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.