-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറി. കരിയറിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന താരം പല ഭാഷകളിലായി സിനിമകളും സീരീസുകളുമായി മുന്നേറുകയാണ്. സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും പ്രിയാമണിക്ക് തെന്നിന്ത്യന്‍ സിനിമാമേഖലയില്‍ തന്റേതായ ഒരു ഐഡന്റിയുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറില്‍ മാനസികമായും ശാരീരികമായും സ്വാധീനിച്ചത് മൂന്നു സിനിമകളാണെന്ന് പറയുകയാണ് താരം. ശാരീരികമായും മാനസികമായും വൈകാരികമായും മൂന്ന് സിനിമകളാണ് എന്നെ പൂർണ്ണമായും തളർത്തിക്കളഞ്ഞത് പരുത്തീവീരനും തിരക്കഥയും ചാരുലതയുമാണെന്നാണ് പ്രിയാമണി പറയുന്നത്.
‘‘എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തത് എന്താണെന്ന് എനിക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല. പക്ഷേ, ശാരീരികമായും മാനസികമായും വൈകാരികമായും എന്നെ തളർത്തിയ മൂന്ന് വെല്ലുവിളികൾ ഉണ്ടായിരുന്നു, പരുത്തിവീരൻ, ചാരുലത, തിരക്കഥ എന്നിവയാണവ. ശാരീരികമായും മാനസികമായും വൈകാരികമായും മൂന്ന് സിനിമകളാണ് എന്നെ പൂർണ്ണമായും തളർത്തിക്കളഞ്ഞത്. പരുത്തിവീരൻ (തമിഴ്), മലയാളത്തിലെ തിരക്കഥ, പിന്നെ ഞാൻ ഇരട്ട വേഷം ചെയ്ത ചാരുലത. അതെ, അതൊരു മികച്ച സിനിമയായിരുന്നു.
അന്ന് മുതൽ ഇന്നുവരെ ഈ മൂന്ന് സിനിമകളും എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു, കാരണം ഈ സിനിമകൾക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഉദാഹരണത്തിന്, പരുത്തിവീരൻ എടുത്താൽ അത് അതികഠിനമായ കാലാവസ്ഥയിലായിരുന്നു ഷൂട്ട് ചെയ്തത്. ഏകദേശം 160 ദിവസത്തോളം ഇടവിട്ട് ഞങ്ങൾ ഇതിനായി ജോലി ചെയ്തു. ഒരു ലൊക്കേഷനിൽ സംവിധായകന് തൃപ്തിയായാൽ മാത്രമേ ഞങ്ങൾ അത് ചെയ്യുകയുള്ളൂ. രാവിലെ 8 മണിക്ക് ലൊക്കേഷനിൽ എത്തിയിട്ട് അമീർ സാർ (സംവിധായകൻ) നോക്കിയിട്ട് ശരിയായില്ല എന്ന് തോന്നിയാൽ പാക്ക് അപ്പ് പറഞ്ഞു പോയ ദിവസങ്ങളുണ്ട്.
ചിലപ്പോൾ ഒരു സീൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം അതേ സെറ്റിൽ വന്ന് ആ പ്രത്യേക ലൈറ്റിനു വേണ്ടി ഞങ്ങൾ കാത്തിരിക്കും. അത് വൈകുന്നേരമായാലും ശരി, രാവിലെ മുതൽ ആ വെളിച്ചം വരുന്നത് വരെ ഞങ്ങൾ അവിടെ ഇരിക്കും. ആ ലൈറ്റ് വന്നാൽ മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂ, ഇല്ലെങ്കിൽ പാക്ക് അപ്പ് പറഞ്ഞു പോകും. പരുത്തിവീരന്റെ ക്ലൈമാക്സ് ഒക്കെ എന്നെ ശരിക്കും തളർത്തിക്കളഞ്ഞു...’’ എന്നാണ് പ്രിയാമണി പറയുന്നത്.
ഫാമിലി മാൻ എന്ന ചിത്രത്തിലൂടെയാണ് വെബ് സീരീസുകളുടെ ലോകത്തേക്ക് പ്രിയാമണി തുടക്കം കുറിച്ചത്. ഇതിന്റെ മൂന്നാമത്തെ സീസണിലും പ്രിയാമണിയുടെ പെര്‍ഫോമന്‍സ് ഏറെ പ്രശംസ നേടുന്നുണ്ട്. മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം എത്തിയ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യായിരുന്നു പ്രിയാമണിയുടെ അവസാന ചിത്രം. വരലക്ഷ്മി ശരത്കുമാര്‍ സംവിധാനം ചെയ്യുന്ന സരസ്വതിയിലും ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.