Thursday, March 12, 2026 Last Updated 25 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 12.16 PM

‘കുഞ്ഞിലെമുതൽ ഞാനൊരു ക്രിക്കറ്റ് ഭ്രാന്തനാണ്; ഞാനും സുപ്രിയയും പ്രേമിക്കുന്ന സമയത്ത് അവളാദ്യമായി എനിക്കു തന്ന സമ്മാനത്തിലൊന്ന് ഗ്രേ നിക്കോള്‍സ് ബാറ്റാണ്...’ പൃഥ്വിരാജ് സുകുമാരന്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളില്‍ ഒരാളായ പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോഴിതാ കുട്ടിക്കാലം മുതല്‍ താനൊരു ക്രിക്കറ്റ് ഭ്രാന്തനാണെന്നും പ്രേമിക്കുന്ന സമയത്ത് ഭാര്യ സുപ്രിയ ആദ്യമായി സമ്മാനമായി നല്‍കിയത് ഒരു ക്രിക്കറ്റ് ബാറ്റാണെന്നും പറയുകയാണ്.
Prithviraj Sukumaran, Supriya menon
Prithviraj Sukumaran about his cricket passion (Image Source: Instagram)

നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ തരോദയമാണ് നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം നേടിയെടുത്ത താരം പിന്നീടിങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. അഭിനേതാവ് എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവും കൂടിയാണ് താരം. പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരത്തിന്റെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
സൗന്ദര്യത്തിന്റെ കാര്യത്തിലും ഫിറ്റ്നെസ്സിന്റെ കാര്യത്തിലും മലയാളത്തിലെ യുവനടന്മാരില്‍ മുന്നിലാണ് പൃഥ്വിരാജ്. ഫിറ്റ്നെസ്സിനൊപ്പം സ്പോര്‍ട്സിനോടും താരത്തിന് താത്പര്യമുണ്ട്. ഫുട്ബോള്‍ ടീം ഉടമ കൂടിയായ താരത്തിന് ക്രിക്കറ്റും വലിയ ഇഷ്ടമാണ്.
ഇപ്പോഴിതാ താനൊരു വലിയ ക്രിക്കറ്റ് ഭ്രാന്തൻ ആണെന്ന് പറയുകയാണ് പൃഥ്വിരാജ്. പ്രേമിക്കുന്ന സമയത്ത് ഭാര്യ ആദ്യമായി ഗിഫ്റ്റ് തന്നത് ബാറ്റാണെന്നും അത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
‘‘കെസിഎ സെക്രട്ടറി ഇവിടെ പറഞ്ഞത് ചെറുപ്പത്തില്‍ നാനയും വെള്ളിനക്ഷത്രവുമൊക്കെ വായിച്ചാണ് അദ്ദേഹം വളര്‍ന്നത് എന്നാണ്. എന്നാല്‍ ഞാന്‍ വിസ്‌ഡനൊക്കെ വായിച്ചാണ് വളര്‍ന്നത്. ആദ്യമായിട്ടാണ് ക്രിക്കറ്റിന്റെ വേദിയിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്. അതിനു നന്ദി പറയേണ്ടത് സനൽ ഏട്ടനോടാണ്. കാരണം ഞാൻ തിരുവനന്തപുരത്ത് ഷൂട്ടിൽ ഉണ്ടെന്നു അറിഞ്ഞിട്ട് അദ്ദേഹമാണ് എന്നോട് ഇവിടെ ഷൂട്ടിന് വരണം എന്ന് ആവശ്യപ്പെടുന്നത്. ഒരുപാട് സന്തോഷം എന്ന് പറയാൻ കാരണം കുഞ്ഞിലെമുതൽ ഞാനൊരു ക്രിക്കറ്റ് ഭ്രാന്തൻ ആണ്. ഞാൻ ഫുട്ബാൾ ലീഗിന്റെ ഉടമ എങ്കിലും എന്റെ പാഷൻ ക്രിക്കറ്റ് ആണെന്ന് ആ വേദിയിൽ തന്നെ പറഞ്ഞ ആളാണ്.
ഞാനുമെന്റെ ഭാര്യയും പ്രേമിക്കുന്ന സമയത്ത് അവളാദ്യമായി എനിക്കുവാങ്ങിച്ചു തന്ന സമ്മാനങ്ങളിലൊന്ന് ഒരു ഗ്രേ നിക്കോള്‍സ് ബാറ്റാണ്. അതിപ്പോഴും വീട്ടിലുണ്ട്. അത്രയും പാഷനേറ്റ് ആയി ക്രിക്കറ്റിനെ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ.
ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം എല്ലാ രീതിയിലും രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന രീതിയില്‍ അംഗീകരിക്കപ്പെടേണ്ട വേദി തന്നെയാണ്. വാങ്ക‍ഡെയും ഫിറോസ് ഷാ കോട്‌ലയും ഈഡന്‍ ഗാര്‍ഡന്‍സും ചെപ്പോക്കു പോലെയുമൊക്കെ ഐക്കോണിക് ക്രിക്കറ്റ് വേദിയാവാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം.
2017ല്‍ മഴ മുടക്കിയ ടി 20 മത്സരത്തെക്കുറിച്ച് എനിക്കിപ്പോഴും ഓര്‍മയുണ്ട്. അന്ന് ക്രിക്കറ്റിനെക്കുറിച്ച് ടെക്നിക്കലായി അറിയാവുന്ന, ഞാനടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഗ്രീന്‍ഫീല്‍ഡിലെ ഡ്രെയിനേജ് സംവിധാനത്തെക്കുറിച്ച് വളരെ അഭിമാനപൂര്‍വം സംസാരിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ലോകം മുഴുവൻ അറിയപ്പെടാൻ കാലിബർ ഉള്ള സ്റ്റേഡിയമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര മത്സരങ്ങൾക്ക് വലിയ സാധ്യതയുള്ള നഗരമാണ്.
ഞാനവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. എന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിര്‍ ഒരു ക്രിക്കറ്റ് മത്സരം അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അന്നും സെന്റര്‍ വിക്കറ്റില്‍ പോയി കുറച്ചുനേരം ബാറ്റ് ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് ഇനിയും ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയാവേണ്ടതാണ് ഈ വേദിയെന്നത്.
അതിനി വരുംകാലങ്ങളില്‍ ബിസിസിഐയും ഐസിസിയും മനസിലാക്കുമെന്നും വല്ലപ്പോഴും ഒരു രാജ്യാന്തര മത്സരമെന്നതിലുപരി ഇന്ത്യയില്‍ ഏത് വിദേശ ടീം വന്നാലും ഒരു മത്സരമെങ്കിലും തിരുവനന്തപുരത്തിന് കിട്ടട്ടെ എന്നും പ്രതീക്ഷിക്കുന്നു. വളരെ നിര്‍ണായകമായൊരു പരമ്പരയാണ് വരാനിരിക്കുന്നത്.
നമ്മുടെ വൈറ്റ് ബോള്‍ ടീമും റെഡ് ബോള്‍ ടീമും കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാതിരിക്കുമ്പോള്‍ എന്നെപ്പോലെ ഒരു സാധാരണ ക്രിക്കറ്റ് ആസ്വാദകന് ശരിയായ വഴിയിലൂടെയാണോ ടീം മുന്നോട്ടു പോവുന്നത് എന്ന് തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെയിരിക്കെ ലോകകപ്പിന് തൊട്ടു മുമ്പായി ന്യൂസിലന്‍ഡിനെപ്പോലെ മികച്ചൊരു ടീമുമായി നമ്മുടെ താരങ്ങളുടെ മികവ് പരീക്ഷിക്കാന്‍ ലഭിക്കുന്ന അവസാന അവസരം തിരുവനന്തപുരത്ത് നടക്കുന്നുവെന്ന് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ്.
ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു 5 ടിക്കറ്റ് ഞാന്‍ ചോദിച്ചേനെ. ചോദിക്കുന്നില്ല, എനിക്ക് ഷൂട്ടിംഗുണ്ട്. എങ്കിലും തിരുവനന്തപുരത്ത് ഇത് വരുമ്പോൾ ഒരു ക്രിക്കറ്റ് ആസ്വാദകൻ എന്ന നിലയിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. എനിക്ക് കിട്ടാത്ത ടിക്കറ്റ് സനലേട്ടന് കൊടുത്ത് ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കാര്യവട്ടത്ത് നിറഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ മത്സരം നടക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത്. കേരളത്തിന്‍റെയും തിരുവനന്തപുരത്തിന്‍റെയും ക്രിക്കറ്റ് ആവേശം ജനുവരി 31 ന് ലോകമറിയട്ടെ...’’ പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യ - ന്യുസിലാന്റ് ട്വന്റി -20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ജനുവരി 31 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ആടുജീവിതം ജോര്‍ദ്ദാനില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആരാധകര്‍ താരത്തിനുള്ള ക്രിക്കറ്റ് പ്രേ​മം തിരിച്ചറിഞ്ഞിരുന്നു. ജോര്‍ദ്ദാനിലെ വാദി റാം മരുഭൂമിയിലായിരുന്നു തന്റെ ക്രിക്കറ്റിനോടുള്ള അമിതാവേശം പൃഥ്വി ആദ്യമായി ആരാധകർക്ക് മുൻപിൽ കാണിച്ചത്. ഷൂട്ടിംഗ് സംഘത്തോടൊപ്പം ലൊക്കേഷനില്‍ ക്രിക്കറ്റ് കളിക്കുന്ന പൃഥ്വിയുടെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഫുട്ബോള്‍ ടീം ഉടമ കൂടിയായ പൃഥ്വി, ഇത്രയും വലിയ ക്രിക്കറ്റ് ആരാധകന്‍ കൂടിയാണോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു.

വൈശാഖ് ഒരുക്കുന്ന ഖലീഫ ആണ് ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തുന്നത്.

Ads by Google
Thursday 22 Jan 2026 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW