-->
ദോഹ: മേഖലയിലെ അപ്രതീക്ഷിതമായ വ്യോമപാത നിയന്ത്രണങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും പ്രവാസികളുടെ യാത്രയെ പ്രതിസന്ധിയിലാക്കുന്നു. ദോഹയിൽ നിന്നും അക്ബർ ട്രാവൽസ് വഴി സൗദി എയർലൈൻസിന്റെ ചാർട്ടർ വിമാനത്തിൽ കോഴിക്കോട്ടേക്ക് മടങ്ങാനിരുന്ന 150 പ്രവാസികളാണ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം റിയാദിൽ വഴിയാധാരമായത്. മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ വിമാനം റീ-ഷെഡ്യൂൾ ചെയ്തതോടെ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘം വലിയ ദുരിതത്തിലാണ്. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭാഗികമായി വ്യോമപാത അടച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചാർട്ടർ വിമാനത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിൽ പ്രവാസികൾ യാത്ര തിരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദോഹയിൽ നിന്നും മൂന്ന് ബസ്സുകളിലായാണ് യാത്രാസംഘം റിയാദിലെത്തിയത്. എന്നാൽ അടിയന്തരമായി നാട്ടിലെത്തേണ്ടവർ പോലും ഇപ്പോൾ റിയാദിലെ ഹോട്ടലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ 3:30-ന് പോകേണ്ട വിമാനം ബോർഡിംഗ് പാസ് നൽകിയ ശേഷമാണ് പെട്ടെന്ന് രാത്രി 11:30-ലേക്ക് മാറ്റിയത്. രാത്രി എയർപോർട്ടിലെത്തിയപ്പോൾ വീണ്ടും സമയം ശനിയാഴ്ച ഉച്ചയ്ക്ക് 3:30-ലേക്ക് പുനർനിശ്ചയിച്ചു. ഒടുവിൽ ഞായറാഴ്ച പുലർച്ചെ 1:30-ന് പുറപ്പെടുമെന്ന് അറിയിച്ച വിമാനവും മുടങ്ങിയതോടെ യാത്രക്കാർ റിയാദ് എയർപോർട്ടിൽ കുടുങ്ങി. വിമാനത്താവളത്തിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ വിമാനക്കമ്പനിക്കാണ് ഉത്തരവാദിത്തമെന്ന് ട്രാവൽസ് അധികൃതർ പറയുമ്പോൾ, ട്രാവൽസിനെതിരെ വലിയ പ്രതിഷേധത്തിലാണ് യാത്രക്കാർ.ചെക്ക്-ഇൻ പൂർത്തിയാക്കിയതിനാൽ യാത്രക്കാരുടെ ലഗേജുകൾ വിമാനക്കമ്പനിയുടെ പക്കലാണ്. മാറിയുടുക്കാൻ വസ്ത്രമോ അത്യാവശ്യ മരുന്നുകളോ ഇല്ലാത്ത അവസ്ഥയിലാണ് പലരും. കടുത്ത മാനസിക സമ്മർദ്ദവും തളർച്ചയും മൂലം ചില യാത്രക്കാർക്ക് ചികിത്സ തേടേണ്ടി വന്നു. മലയാളി കൾക്ക് പുറമെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ സ്വദേശികളും സംഘത്തിലുണ്ട്.
സൗദി എയർലൈൻസിന്റെ കൊച്ചി, കോഴിക്കോട്, ഡൽഹി സെക്ടറുകളിലേക്കുള്ള റെഗുലർ സർവീസുകൾ മുടക്കമില്ലാതെ നടക്കുമ്പോഴാണ് ചാർട്ടർ വിമാനം മാത്രം വൈകുന്നത്. ഇതിൽ വലിയ ദുരൂഹതയുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം. സൗദിയിലേക്കുള്ള സിംഗിൾ എൻട്രി വിസയും ദോഹയിൽ നിന്നുള്ള ട്രാൻസ്‌പോർട്ടേഷനും ഉൾപ്പെടെ 2800 റിയാലിന്റെ പാക്കേജാണ് അക്ബർ ട്രാവൽസ് ഈടാക്കിയത്.പ്രശ്നം രൂക്ഷമായതോടെ റിയാദിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് തയ്യാറാക്കും വരെ കൃത്യമായ ഒരു പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല.
ഷഫീക്ക് അറയ്ക്കൽ