-->
ദോഹ: അടിയന്തര സാഹചര്യങ്ങളിലും മുൻകരുതൽ മുന്നറിയിപ്പുകൾ (Precautionary Alerts) ലഭിക്കുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. തൊഴിലിടങ്ങളിലെ ജീവനക്കാർക്കും മാർക്കറ്റ്കളിലും ഷോപ്പിംഗ് മാളുകളിലും എത്തുന്ന സന്ദർശകർക്കുമായി പ്രത്യേക ബോധവൽക്കരണ പോസ്റ്ററുകളാണ് മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തുവിട്ടത്.വിവിധ ഭാഷ സംസാരിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.ജാഗ്രതാ നിർദ്ദേശങ്ങൾ ലഭിക്കുമ്പോൾ ഓഫീസുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും ഉള്ളവർ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗരേഖയാണിത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലല്ലെങ്കിലും മലയാളികൾക്ക് സുപരിചിതമായ അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി, ബംഗാളി ഭാഷകളിൽ ഈ ഗൈഡ് ലഭ്യമാണ്.മാളുകളിൽ തിരക്കുള്ള സമയങ്ങളിൽ അടിയന്തര സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായി നീങ്ങാനുള്ള നിർദ്ദേശങ്ങളാണിവ. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് നിലവിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.ഈ സുരക്ഷാ വിവരങ്ങൾ എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്കിടയിൽ പ്രചരിപ്പിക്കണമെന്നും ഇമെയിൽ ലിസ്റ്റുകൾ വഴി പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കുന്നത് അടിയന്തര സാഹചര്യങ്ങളിലെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഷഫീക്ക് അറയ്ക്കൽ