Tuesday, March 10, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 02.16 PM

ആശങ്കകൾക്കിടയിലും ആശ്വാസതീരമായി ഖത്തർ:സുരക്ഷിതാനുഭവംസാക്ഷ്യപ്പെടുത്തി അമേരിക്കൻ സഞ്ചാരി

uploads/news/2026/03/829424/k.jpg

ദോഹ: പ്രാദേശികമായ അശാന്തിക്കും യുദ്ധഭീതിക്കും ഇടയിലും ഖത്തർ കാത്തുസൂക്ഷിക്കുന്ന ശാന്തതയും സുരക്ഷിതബോധവും ലോകത്തിന് മാതൃകയാകുന്നു. ഉംറ തീർത്ഥാടനത്തിന് ശേഷം ദോഹ സന്ദർശിക്കാനെത്തിയ അമേരിക്കൻ പൗരൻ വജീഹ് മഹ്‌മൂദിന്റെ അനുഭവങ്ങളാണ് ഇപ്പോൾ പ്രവാസി സമൂഹത്തിനിടയിൽ ചർച്ചയാകുന്നത്.പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ദോഹയിലെത്തിയ വജീഹ്, മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ശബ്ദം കേട്ടപ്പോൾ ആദ്യം പരിഭ്രാന്തനായെങ്കിലും നഗരത്തിലെ ശാന്തമായ അന്തരീക്ഷം അദ്ദേഹത്തിന് പെട്ടെന്നുതന്നെ ആത്മവിശ്വാസം നൽകി.
ജനാലകൾ കുലുങ്ങുന്ന ശബ്ദം കേട്ട് പരിഭ്രമിച്ച തനിക്ക്, ദോഹയിലെ സാധാരണ ജീവിതം കണ്ടപ്പോൾ അത്ഭുതം തോന്നിയെന്ന് വജീഹ് പറയുന്നു. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുന്നതും ജനങ്ങൾ ഭയമില്ലാതെ പുറത്തിറങ്ങുന്നതും ഭരണകൂടത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റമദാൻ മാസത്തിലെ സവിശേഷമായ ആതിഥ്യമര്യാദ തന്നെ ഏറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അപരിചിതർ പോലും ഇഫ്താറിന് ക്ഷണിക്കുന്ന നഗരത്തിലെ സ്നേഹോഷ്മളമായ അന്തരീക്ഷം ഒറ്റപ്പെടലിന്റെ വിഷമം കുറയ്ക്കുന്നു.നാട്ടിലുള്ള കുടുംബാംഗങ്ങൾ ആശങ്കയിലാണെങ്കിലും, ഖത്തർ പോലുള്ള സുരക്ഷിതമായ ഒരിടത്ത് കുടുങ്ങിപ്പോയതിൽ താൻ ഭാഗ്യവാനാണെന്നാണ് വജീഹിന്റെ പക്ഷം. "എവിടെയെങ്കിലും കുടുങ്ങിപ്പോകണമെന്നുണ്ടെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ദോഹയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.പ്രാദേശിക വെല്ലുവിളികൾക്കിടയിലും സാധാരണ ജീവിതത്തിന് തടസ്സമില്ലാതെ മുന്നോട്ടുപോകുന്ന ഖത്തറിന്റെ സമാധാനാന്തരീക്ഷം സഞ്ചാരികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Tuesday 10 Mar 2026 02.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW