Thursday, March 12, 2026 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 11 Mar 2026 11.36 PM

രാഷ്‌ട്രീയത്തിനപ്പുറം കോവളത്ത്‌ വിധി നിര്‍ണയിക്കുക സാമുദായിക രാഷ്‌ട്രീയം; നാടാര്‍, ലത്തീന്‍ കത്തോലിക്ക സമുദായങ്ങളുടെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

uploads/news/2026/03/829696/k14.jpg

തിരുവനന്തപുരം; രാഷ്‌ട്രീയത്തിനപ്പുറം സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള കേരളത്തിലെ നിയമസഭാ മണ്‌ഡലങ്ങളിലൊന്നാണ്‌ തിരുവനന്തപുരത്തെ കോവളം. അതുകൊണ്ടുതന്നെ ഇവിടത്തെ വിധിയെഴുത്ത്‌ സാമുദായിക ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നാടാര്‍, ലത്തീന്‍ കത്തോലിക്ക സമുദായങ്ങള്‍ കോവളത്ത്‌ നിര്‍ണായക ശക്‌തികളാണ്‌. ഇവരുടെ സ്വാധീനം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി ഇവിടെ ജയിക്കുന്നത്‌ കോണ്‍ഗ്രസിലെ എം. വിന്‍സന്റാണ്‌. ജില്ലയില്‍ യു.ഡി.എഫിലെ ഏക എംഎല്‍എ എന്ന പ്രത്യേകതയും നിലവില്‍ വിന്‍സന്റിനുണ്ട്‌. എന്നാല്‍ യു.ഡി.എഫ്‌ കോട്ടയെന്ന്‌ കോവളത്തെ വിശേഷിപ്പിക്കാനുമാകില്ല. ജനതാദളിലെ ഡോ. എ. നീലലോഹിതദാസന്‍ നാടാരാണ്‌ സ്വാധീനശക്‌തിയില്‍ മണ്ഡലത്തിലെ പ്രമുഖന്‍. അദ്ദേഹം അഞ്ചുതവണ മത്സരിച്ച്‌ മൂന്നുതവണ ജയിച്ചിട്ടുണ്ട്‌. നീലലോഹിതദാസന്റെ ഭാര്യ ജമീല പ്രകാശം രണ്ടുതവണ മത്സരിക്കുകയും ഒരുതവണ വിജയിക്കുകയും ചെയ്‌തു.

1977 ലാണ്‌ നീലലോഹിതദാസന്‍ നാടാര്‍ ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്‌. അന്നു കേരള കോണ്‍ഗ്രസിലായിരുന്ന എന്‍. ശക്‌തനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 1980 ല്‍ കോണ്‍ഗ്രസിലെ എം.ആര്‍. രഘുചന്ദ്രബാല്‍ സി.പി.ഐയിലെ വി. തങ്കയ്യനെ പരാജയപ്പെടുത്തി കോവളം പിടിച്ചെടുത്തു. 1982 ല്‍ രഘുചന്ദ്ര ബാലിനെ തോല്‍പ്പിച്ച്‌ എന്‍. ശക്‌തന്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. 1987 ല്‍ ശക്‌തനെ വീഴ്ത്തി നീലന്‍ വീണ്ടും എം.എല്‍.എയായി. അടുത്ത തെരഞ്ഞെടുപ്പിലും നീലലോഹിതദാസന്‍ നാടാര്‍ വിജയക്കുതിപ്പ്‌ തുടര്‍ന്നു.

എന്നാല്‍ 2006 ല്‍ കോണ്‍ഗ്രസിലെ ജോര്‍ജ്‌ മേഴ്‌സിയറിനു മുന്നില്‍ നീലനു കാലിടറി. അന്നു സീറ്റ്‌ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ സ്വതന്ത്രനായി മത്സരിച്ച നീലന്‍ രണ്ടാമതെത്തുകയായിരുന്നു. 2011 ല്‍ നീലന്‍ മത്സരരംഗത്തുണ്ടായില്ല. പകരം മത്സരിച്ച ഭാര്യ ജമീല പ്രകാശം ജോര്‍ജ്‌ മേഴ്‌സിയറിനെ പരാജയപ്പെടുത്തി. 2016 ല്‍ എം. വിന്‍സന്റിനോട്‌ ജമീല 2,615 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. 2011 ല്‍ മണ്ഡലം വീണ്ടെടുക്കാന്‍ നീലലോഹിതദാസന്‍ തന്നെ മത്സരത്തിനിറങ്ങിയെങ്കിലും വിന്‍സന്റ്‌ 11,562 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ്‌ നിലനിര്‍ത്തി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത്‌ യു.ഡി.എഫിനായിരുന്നു ലീഡ്‌. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാലായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം എല്‍.ഡി.എഫ്‌ നേടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30,987 വോട്ട്‌ നേടിയതാണ്‌ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞതവണ അവരുടെ വോട്ട്‌ 18,664 ആയി കുറഞ്ഞു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 47,376 വോട്ട്‌ നേടി കോവളത്ത്‌ ബി.ജെ.പി രണ്ടാമതെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 29,352 ആയി വോട്ട്‌ ചുരുങ്ങി.

നിലവിലെ എം.എല്‍.എ: എം. വിന്‍സന്റ്‌ തന്നെയാകും കോവളം മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി. മണ്‌ഡലത്തിലെ പൊതുസ്വീകാര്യത തന്നെയാണ്‌ അദ്ദേഹത്തെ വീണ്ടും പരിഗണിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ പ്രേരിപ്പിക്കുന്ന ഘടകം. ഇടതുമുന്നണിയില്‍ സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയായില്ലെങ്കിലും ജെ.ഡി.എസിന്റെ പുതിയ രൂപമായ ഇന്ത്യന്‍ സോഷ്യലിസ്‌റ്റ്‌ ജനതാദളിനാണു (ഐ.എസ്‌.ജെ.ഡി) കോവളം സീറ്റ്‌. സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച്‌ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നു നേതാക്കള്‍ പറയുന്നു.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) ഘടകകക്ഷിയായ ബി.ഡി.ജെ.എസ്‌ കോവളം സീറ്റ്‌ വേണ്ടെന്ന നിലപാടിലാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഷ്‌ണുപുരം ചന്ദ്രശേഖരനാണു താമര ചിഹ്നഹ്‌നത്തില്‍ മത്സരിച്ചത്‌. എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും അദ്ദേഹമിപ്പോള്‍ ബി.ജെ.പി നേതൃത്വവുമായി നല്ല രസത്തിലല്ല. ജില്ലയില്‍ ബി.ജെ.പിക്കു നല്ല രാഷ്‌ട്രീയസ്വാധീനമുള്ള മണ്ഡലം കൂടിയാണു കോവളം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW