-->
ദോഹ: ജി.സി.സി രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിലും (GCC) യൂറോപ്യൻ യൂണിയനും (EU) സംയുക്ത പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വന്തം രാജ്യം സംരക്ഷിക്കാനും സ്വയം പ്രതിരോധിക്കാനും (Self-defence) ജി.സി.സി രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രസ്താവന അടിവരയിടുന്നു.
വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്.സിവിലിയൻ കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ (Article 51) അനുസരിച്ച്, ഇറാൻ നടത്തുന്ന സായുധ ആക്രമണങ്ങൾക്കെതിരെ വ്യക്തിപരമായും കൂട്ടായും പ്രതിരോധിക്കാൻ ജി.സി.സി രാജ്യങ്ങൾക്ക് അധികാരമുണ്ട്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അംഗരാജ്യങ്ങൾക്ക് അവകാശമുണ്ടാകും.ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് തുടങ്ങിയ ജലപാതകളിലെ സഞ്ചാര സ്വാതന്ത്ര്യവും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. യൂറോപ്യൻ യൂണിയന്റെ 'ഓപ്പറേഷൻ ആസ്പിഡെസ്' (ASPIDES), 'ഓപ്പറേഷൻ അടലാന്റ' (ATALANTA) എന്നീ പ്രതിരോധ നീക്കങ്ങളുടെ പ്രാധാന്യം മന്ത്രിമാർ എടുത്തുപറഞ്ഞു.പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം. ഈ വിഷയത്തിൽ ഒമാൻ നടത്തുന്ന സമാധാന ശ്രമങ്ങളെ മന്ത്രിമാർ അഭിനന്ദിച്ചു.
തങ്ങളുടെ മണ്ണ് ഇറാനെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കില്ലെന്ന് ജി.സി.സി രാജ്യങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുന്നതിനും ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും വ്യാപനം അവസാനിപ്പിക്കുന്നതിനും സംയുക്ത നയതന്ത്ര നീക്കങ്ങൾ നടത്താൻ ഇരു വിഭാഗവും ധാരണയിലെത്തി.ഗൾഫ് മേഖലയിലെ ഫ്രഞ്ച് പൗരന്മാരുൾപ്പെടെയുള്ള യൂറോപ്യൻ പൗരന്മാർക്ക് ജി.സി.സി രാജ്യങ്ങൾ നൽകുന്ന സഹായത്തിന് യൂറോപ്യൻ യൂണിയൻ നന്ദി അറിയിച്ചു. മേഖലയുടെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഷഫീക്ക് അറയ്ക്കൽ