-->
മരുഭൂമികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് രാജസ്ഥാനും ഗര്‍ഫ് രാജ്യങ്ങളുമൊക്കെയാണ്. എന്നാല്‍ ഈ ധാരണ തിരുത്തിക്കുറിച്ച് വടക്കന്‍ ഈജിയന്‍ കടലില്‍ ഒരു കാഴ്ചയുണ്ട്, ഗ്രീക്ക് ദ്വീപായ ലെംനോസില്‍. 'ലെംനോസിലെ മരുഭൂമി' എന്നറിയപ്പെടുന്ന ഈ പ്രദേശം വടക്കന്‍ ഈജിയന്‍ കടലിലെ ഗോമാറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 17 ഏക്കറിലധികം വിസ്തൃതിയുള്ള ഈ മണല്‍ക്കുന്നുകള്‍, ഒരു ഗ്രീക്ക് ദ്വീപിലെന്നതിലുപരി ഉത്തരാഫ്രിക്കയിലെ ഒരു മരുഭൂമിയിലാണെന്ന പ്രതീതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
വിസ്തൃതിയുടെ കാര്യത്തില്‍ ഗ്രീസിലെ എട്ടാമത്തെ വലിയ ദ്വീപാണ് ലെംനോസ്. വടക്കന്‍ ഈജിയന്‍ കടലില്‍, ഗ്രീക്ക് പ്രധാന കരയ്ക്കും ഏഷ്യാമൈനറിനും ഇടയിലുള്ള തന്ത്രപ്രധാന സ്ഥാനത്താണ് ഈ ദ്വീപ്. അഗ്‌നിപര്‍വതജന്യമായ ഭൂപ്രകൃതി, പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങള്‍, ആള്‍ത്തിരക്കില്ലാത്ത കടല്‍ത്തീരങ്ങള്‍, സമ്പന്നമായ ഭക്ഷണരീതികള്‍ എന്നിവയാല്‍ ലെംനോസ് പ്രശസ്തമാണ്.
കടലില്‍ നിന്ന് വീശുന്ന ശക്തമായ കാറ്റും പ്രകൃതിദത്തമായ മണ്ണൊലിപ്പുമാണ് ഈ മണല്‍ക്കുന്നുകള്‍ രൂപപ്പെടാന്‍ കാരണം. കാറ്റിന്റെ ദിശയനുസരിച്ച് ഇവ നിരന്തരം രൂപം മാറിക്കൊണ്ടിരിക്കും. 'പാച്ചിയസ് അമ്മൗഡീസ്' എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ശാസ്ത്രീയമായി ഒരു മരുഭൂമിയല്ലെങ്കിലും, അവിടുത്തെ വരണ്ട ഭൂപ്രകൃതിയും മണല്‍ക്കാഴ്ചകളും ലോകമെമ്പാടുമുള്ള സഞ്ചാരികളെയും സിനിമാ പ്രവര്‍ത്തകരെയും ഒരേപോലെ ആകര്‍ഷിക്കുന്നു.
അപൂര്‍വ്വമായ വെളുത്ത ലില്ലിപ്പൂക്കളും (പാന്‍ക്രാറ്റിയം മാരിറ്റിമം), കാട്ടു ഒലിവ് മരങ്ങളും തൈം ചെടികളുമാണ് ഈ മണല്‍ക്കുന്നുകള്‍ക്ക് ചുറ്റുമുള്ള പ്രധാന സസ്യജാലങ്ങള്‍. അഗ്‌നിപര്‍വ്വതജന്യമായ മണ്ണും ശാന്തമായ കടല്‍ത്തീരങ്ങളും ചേരുന്ന ലെംനോസ് ദ്വീപിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഈ കൊച്ചു മരുഭൂമി. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ച നേരില്‍ കാണാന്‍ നിരവധി പേരാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.