-->
മരൂഭൂമി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹരിതാഭവും പച്ചപ്പും ഒന്നുമില്ലാത്ത വരണ്ടുണങ്ങിയ ഒരു ഭൂപ്രദേശമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. സാധാരണ സ്ഥലങ്ങളിലെപോലെ സസ്യങ്ങളോ ജീവജാലങ്ങളോ അധികമായി ഇവിടെ ഉണ്ടായിരിക്കില്ല. ലോകത്തനേകം മരുഭൂമികളുണ്ട്. ഇവയില്‍ അപൂര്‍വമായി മഴകള്‍ പെയ്യാറുമുണ്ട്. അപ്പോള്‍ അവിടെ സംഭവിക്കുന്നത് വളരെ മാന്ത്രികമായ ചില മാറ്റങ്ങളാണ്. മിന്നല്‍ പ്രളയങ്ങള്‍ മുതല്‍ പൊടുന്നനെയുള്ള പച്ചപ്പും പൂക്കാലങ്ങളുമൊക്കെ മഴ കാരണം മരുഭൂമികളില്‍ ഉണ്ടാകുമത്രേ
ഫഌഷ് ഫഌ് എന്നറിയപ്പെടുന്ന മിന്നല്‍പ്രളയങ്ങള്‍ മരുഭൂമികളില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഊഷര മരുഭൂമികളില്‍ പെട്ടെന്നുണ്ടാകുന്ന പെരുമഴയോ, ഇടതടവില്ലാതെ പെയ്യുന്ന മഴകളോ അല്ലെങ്കില്‍ ചുഴലിക്കാറ്റും മറ്റും മൂലമുണ്ടാകുന്ന മഴയോ മിന്നല്‍പ്രളയത്തിന് കാരണമാകാം. ചൈനയിലെ ഗോബി മരുഭൂമി പോലുള്ള ശീതമരുഭൂമികളില്‍ മഞ്ഞുരുകുന്ന പ്രതിഭാസവും മിന്നല്‍പ്രളയങ്ങള്‍ക്ക് ഇടയാക്കും. വളരെ വരണ്ട മണ്ണും ചെളിയുടെ അംശം കൂടിയ മണ്ണും ജലത്തെ ആഗിരണം ചെയ്‌തെടുക്കുന്നതില്‍ പിന്നാക്കം പോകാറുണ്ട്. ധാരാളം ജലം ആഗിരണം ചെയ്ത ശേഷം ഒരു പരിധിയിലെത്തിയ മണ്ണും ആഗിരണത്തില്‍ പിന്നോട്ടു പോകും. ഇവ മിന്നല്‍പ്രളയങ്ങള്‍ക്ക് കാരണമാകാം.
മരുഭൂമികളില്‍ വരണ്ട മണ്ണ് ആഗിരണം ചെയ്യുന്നതില്‍ വരുത്തുന്ന താമസമാണ് പ്രളയത്തിനു കാരണമാകുക.
ലോകത്തെ ഏറ്റവും വരണ്ട മേഖലകളിലൊന്നാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയും ഇതു തന്നെയാണ്. സഹാറയില്‍ പെട്ടെന്നു മഴയുണ്ടാകുമ്പോളും മറ്റും മിന്നല്‍പ്രളയങ്ങള്‍ ഉടലെടുക്കും. ചിലപ്പോഴൊക്കെ ഇതു രൂക്ഷമാകാറുണ്ട്. താത്കാലികമായ നദികളും ചില തടാകങ്ങളുമൊക്കെ ഇത്തരം മിന്നല്‍പ്രളയം മൂലമുണ്ടാകാറുമുണ്ട്.