-->
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലത്തിലേക്ക്. ഖത്തറിലെ പ്രധാന വ്യവസായ നഗരങ്ങളായ റാസ് ലഫാനിലും മിസൈദിലും ഉണ്ടായ സൈനിക ആക്രമണത്തെത്തുടർന്ന് രാജ്യം പ്രകൃതിവാതക (LNG) ഉല്പാദനം പൂർണ്ണമായും നിർത്തിവെച്ചു. ഖത്തർ എനർജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ലോകത്തെ ഞെട്ടിച്ച ഈ പ്രഖ്യാപനമുള്ളത്.
ഖത്തറിന്റെ സാമ്പത്തിക നട്ടെല്ലായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, മിസൈദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ഖത്തർ എനർജി പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇറാന്റെ മിസൈൽ/ഡ്രോൺ ആക്രമണമാണ് ഇവിടങ്ങളിൽ ഉണ്ടായതെന്നാണ് പ്രാഥമിക സൂചനകൾ. സുരക്ഷാ കാരണങ്ങളാൽ എൽഎൻജി ഉല്പാദനവും അനുബന്ധ പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ കമ്പനി നിർബന്ധിതമാകുകയായിരുന്നു.ലോകത്തെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായ ഖത്തർ പിൻവാങ്ങുന്നത് അന്താരാഷ്ട്ര വിപണിയെ വൻ പ്രതിസന്ധിയിലാക്കും.
യുദ്ധം തങ്ങളുടെ തൊഴിലിടങ്ങളെ നേരിട്ട് ബാധിച്ചു തുടങ്ങിയതോടെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കടുത്ത ഭീതിയിലായിരിക്കുന്നത്.
വ്യവസായ കേന്ദ്രങ്ങളിൽ ആക്രമണം നടന്നത് അവിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിച്ചു.
ഉല്പാദനം നിലച്ചതോടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ ഭാവി അനിശ്ചിതത്വത്തിലായി.
വിമാന സർവീസുകൾ നിലച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ വഴികളില്ലാത്ത അവസ്ഥയാണ്.ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിലെ സൈനിക-ഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും എണ്ണ ഉല്പാദന കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ തിരിച്ചടി തുടങ്ങിയത്. സൗദി അറേബ്യയിലെ റസ് തന്നൂറ റിഫൈനറിക്ക് നേരെയും ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ മേഖലയിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.
ഖത്തറിൽ ഇതുവരെ 16പേർക്കാണ്ഭൂമിയിലേക്ക് പതിച്ച മിസൈൽ അവശിഷ്ടങ്ങളിൽ നിന്നും പരിക്കേറ്റത്. മലയാളിയടക്കം 12പേർ ചികിത്സയിലാണ്. രാജ്യത്തെ മൂന്നു സ്ഥലങ്ങളിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്.
-ഷഫീക്ക് അറയ്ക്കൽ