-->
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിയോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ ഇറാൻ എംബസിയിൽ സജ്ജീകരിച്ചിട്ടുള്ള അനുശോചന പുസ്തകത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവെച്ചു. നിലവിൽ എംബസിയിൽ ദുഃഖാചരണം നടക്കുകയാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുശോചനം അറിയിക്കുന്നതിനായി ഇന്നും നാളെയും ഒൻപതാം തീയതിയും സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. റഷ്യൻ നയതന്ത്ര പ്രതിനിധികളും അനുശോചനം അറിയിക്കാൻ എംബസിയിൽ എത്തിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി. കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവാണെന്നും അദ്ദേഹം ചരിത്രത്തിലെ ശരിയുടെ പക്ഷത്താണ് നിലകൊണ്ടതെന്നും അംബാസഡർ പറഞ്ഞു. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും സമാധാന ശ്രമങ്ങളെ തകർത്തത് തങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിനും സമാധാനത്തിനും ഇറാൻ സജ്ജമാണെങ്കിലും പാശ്ചാത്യ ശക്തികൾ പശ്ചിമേഷ്യയുടെ സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ അമേരിക്കയുമായി ഒരു സമവായത്തിന് സാധ്യതയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്കൂളുകൾ പോലും തകർക്കപ്പെട്ട സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയിൽ ഇറാൻ എന്നും സത്യസന്ധതയാണ് പുലർത്തിയത്. എന്നാൽ അതിന് പകരമായി കയ്പേറിയ അനുഭവങ്ങളാണ് രാജ്യത്തിന് ലഭിച്ചത്. ഇറാൻ്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക് കൃത്യമായി അറിയാമെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇനി ഇറാൻ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു അയൽരാജ്യത്തെയും ആക്രമിച്ചിട്ടില്ലെങ്കിലും ഇറാന് നേരെ ആക്രമണം നടത്താൻ അയൽരാജ്യങ്ങൾ തങ്ങളുടെ താവളങ്ങൾ വിട്ടുനൽകിയതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
ഇറാനിലെ സ്കൂളുകൾ ആക്രമിക്കപ്പെട്ടത് ഇത്തരം താവളങ്ങളിൽ നിന്നാണെന്നും അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിച്ചിരുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയുടെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ അധികൃതരോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്കിലും ഇന്ത്യയുമായി പണ്ടുകാലം മുതലേ വളരെ അടുത്ത ബന്ധമാണ് ഇറാന് ഉള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.