-->
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രനു തലവേദനയായി വീണ്ടും മത്സരിക്കാനൊരുങ്ങി കെ. സുന്ദര. ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെതിരേ താന്‍ മത്സരിക്കുമെന്നു സുന്ദര പ്രതികരിച്ചു. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്‌തമാക്കി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് കെ. സുരേന്ദ്രന്‍ വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി. സ്‌ഥാനാര്‍ഥിയായി സുന്ദര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പത്രിക പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ തനിക്കു കോഴനല്‍കിയെന്നു സുന്ദര ആരോപിച്ചത് വലിയ വിവാദത്തിനു തിരികൊളുത്തി.
തനിക്കു രണ്ടുലക്ഷം രൂപയും ഒരു സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഇതേത്തുടര്‍ന്നാണു പത്രിക പിന്‍വലിച്ചതെന്നും സുന്ദര പറഞ്ഞു. സുന്ദരയെ തട്ടിക്കൊണ്ടുപോയി ബി.ജെ.പി. ഓഫീസില്‍ ഒളിവില്‍ താമസിപ്പിച്ചെന്നും പരാതിയുയര്‍ന്നു. വിജയിച്ച സ്‌ഥാനാര്‍ഥി എ.കെ.എം. അഷ്‌റഫ് പോലീസില്‍ പരാതി നല്‍കിയോടെ കേസെടുത്തു അന്വേഷണം ആരംഭിച്ചുവെങ്കിലും കേസില്‍ കെ. സുരേന്ദ്രനെ വെറുതെ വിട്ടു.
അതിനിടെ, കെ. സുരേന്ദ്രന്‍ സ്‌ഥാനാര്‍ഥിയായി എത്തിയതോടെ കാസര്‍ഗോഡ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലം ഇന്‍ചാര്‍ജ് ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്നതാണ് അശ്വിനിയുടെ പരാതി.
എന്‍.ഡി.എ. കണ്‍വീനറായി വിജയകുമാര്‍ റൈയെ ഏകപക്ഷീയമായി നിശ്‌ചയിച്ചതിലും അദ്ദേഹം മണ്ഡലത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിലും ഔദാ്യേഗിക പക്ഷത്തിന് എതിര്‍പ്പുണ്ട്. മണ്ഡലത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വിജയകുമാര്‍ റൈ ആണെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മഞ്ചേശ്വരം, കുമ്പള മണ്ഡലം പ്രസിഡന്റുമാരും ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി.
കെ. സുരേന്ദ്രന് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഈ തര്‍ക്കങ്ങള്‍ വലിയ തലവേദനയാകുമോ എന്ന ആശങ്കയിലാണ് സംസ്‌ഥാന നേതൃത്വം. അതിനിടയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ ചുറ്റിച്ച സുന്ദരയുടെ സ്‌ഥാനാര്‍ഥി പ്രഖ്യാപനവും വന്നത്. സി.പി.എം. നിയന്ത്രിക്കുന്ന കോപ്പറേറ്റീവ് ഹോസ്‌പിറ്റലില്‍ സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിക്കുകയാണ് സുന്ദര. അതുകൊണ്ടുതന്നെ മത്സരിക്കാന്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നു സുന്ദരയ്‌ക്കുമേല്‍ സമ്മര്‍ദമുണ്ടായേക്കും.
ബാലഗോപാലന്‍ പെരളത്ത്