Saturday, March 14, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 09.00 AM

ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചിയേറിയ ഭക്ഷണം: ഇന്ത്യന്‍ തെരുവോരത്തെ സൗജന്യ ഭക്ഷണത്തെ പ്രശംസിച്ച് വിദേശ വിനോദ സഞ്ചാരി

stranger, offer, free, biriyani, foreign, vlogger

ഇന്ത്യക്കാരുടെ സ്‌നേഹവും ആതിധ്യമര്യാദയുമെല്ലാം പലപ്പോഴും വിദേശ വിനോദ അത്ഭുതപ്പെടുത്താറുണ്ട്. പലരും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതും പതിവാണ്. ഏതായാലും ഇന്ത്യയില്‍ നേരിട്ട് വന്ന് അത്തരം ഒരു അനുഭവം ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഫിജിയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ താമസിക്കുന്ന ലെപ്പാനി എന്ന സംഗീതജ്ഞന്‍. മൈസൂരിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുമ്പോള്‍ അപരിചിതരായ ഒരു കൂട്ടം ആളുകള്‍ തനിക്ക് സൗജന്യമായി ബിരിയാണിയും ചിക്കന്‍ കറിയും നല്‍കിയ ഹൃദ്യമായ അനുഭവമാണ് ലെപ്പാനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ത്യയിലെ അനുഭവങ്ങളെക്കുറിച്ച് പലരും പലതും പറഞ്ഞിരുന്നെങ്കിലും ഇത്രയും മനോഹരമായ ഒരു അനുഭവം താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

തെരുവോരത്ത് വലിയ ചെമ്പില്‍ ബിരിയാണി വിളമ്പുന്ന കാഴ്ച കണ്ടാണ് ലെപ്പാനി അങ്ങോട്ടേക്ക് ചെന്നത്. ഭക്ഷണത്തിന് എത്ര രൂപയാകുമെന്ന് ചോദിച്ച അദ്ദേഹത്തോട്, പണം വേണ്ടെന്നും ഭക്ഷണം കഴിക്കൂ എന്നും ചിരിച്ചുകൊണ്ട് അവര്‍ മറുപടി നല്‍കി. പ്ലേറ്റ് നിറയെ ബിരിയാണിയും അതിനു മുകളില്‍ ചിക്കന്‍ കറിയും നല്‍കി അവര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും, തന്റെ ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചികരമായ വിഭവങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും ലെപ്പാനി വീഡിയോയില്‍ പറയുന്നു. നാട്ടുകാര്‍ക്കൊപ്പം തെരുവോരത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ലോകത്തിലെ ഏറ്റവും വിനയമുള്ള മനുഷ്യരാണ് ഇന്ത്യയിലുള്ളതെന്ന് പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കി സഹായിക്കുന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെക്കുറിച്ചും പലരും ഓര്‍മ്മിപ്പിച്ചു. അപരിചിതരോടുള്ള ഈ കരുതലും സ്‌നേഹവുമാണ് ഭാരതത്തെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW