-->
ഓരോ വര്‍ഷവും നൂറുകണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനായി ഇവിടേക്ക് എത്തുന്നത്. ഇവരില്‍ പലരും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് കാല്‍നടയായി യാത്ര ചെയ്ത ആലീസിയ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് പോകുന്നതിന് മുന്‍പ് സൂക്ഷിക്കണം എന്ന് പലരും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ തനിക്കുണ്ടായത് വ്യത്യസ്ത അനുഭവം ആയിരുന്നെന്നുമാണ് യുവതി പറയുന്നത്.
ഇന്ത്യയില്‍ പോകുമ്പോള്‍ സൂക്ഷിക്കണം എന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നത്. എന്തിനെയാണ് സൂക്ഷിക്കേണ്ടത്? ഇവിടുത്തെ മനുഷ്യരെ ഇത്രയധികം സ്‌നേഹിച്ചു പോകുന്നതിനെയാണോ? ഓരോ നിമിഷവും ഞാന്‍ അത്ഭുതപ്പെടുകയാണ്. എല്ലാവരും എന്നെ സഹായിക്കുന്നു. ഇത് അതിമനോഹരം തന്നെ' എന്നാണ് അലീസിയ പറയുന്നത്. തന്റെ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ സാധാരണക്കാരായ മനുഷ്യര്‍ നല്‍കിയ സ്‌നേഹവും സഹായവും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. കയ്യില്‍ പണമില്ലെന്ന് തോന്നിയിട്ടാകണം, തനിക്ക് വിശക്കുന്നുണ്ടാകുമെന്ന് കരുതി ദരിദ്രനായ ഒരാള്‍ കുടിവെള്ളം വാങ്ങി നല്‍കിയ സംഭവം അവര്‍ പ്രത്യേകം എടുത്തുപറയുന്നു.
സ്ത്രീ ശാക്തീകരണത്തിനായി ഗ്രാമങ്ങളിലൂടെ ഓടിയാണ് ആലീസിയ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. വാര്‍ത്തകളില്‍ കാണുന്നതിനേക്കാള്‍ മനോഹരമാണ് ലോകമെന്നും അത് നേരിട്ട് കണ്ടറിയണമെന്നുമാണ് അവര്‍ പങ്കുവെക്കുന്ന സന്ദേശം. 3.4 മില്യണിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ, 'ഇതാണ് യഥാര്‍ത്ഥ ഇന്ത്യ' എന്ന കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.