-->
മലയാളി ദൈനംദിന ജീവിതത്തിലൂടെ കടന്നു പോകുന്ന എല്ലാ സാഹചര്യങ്ങളും പരിഹാസത്തിന്റെ മൂർച്ചയുള്ള വാക്കുകളാൽ വെള്ളിത്തിരയിൽ വരച്ചിട്ട കലാകാരനാണ് ശ്രീനിവാസൻ. വെറുമൊരു നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞു. നാലു പതിറ്റാണ്ടിലധികം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീനിവാസന്റെ അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാട് കേരളത്തിലെ സിനിമാ പ്രേമികളെയാകെ ഞെട്ടിച്ചിരുന്നു.
തങ്ങളുടെ ശ്രീനിയെ അവസാനമായി കാണാന്‍ വലിയ ഹൃദയ ഭാരത്തോടെയാണ് താരങ്ങളെല്ലാമെത്തിയിരുന്നു. ശ്രീനിവാസന്റെ സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഉള്‍പ്പെടെയുള്ള നടന്മാര്‍ ഉണ്ടായിരുന്നു. മലയാള സിനിമയില്‍ എഴുത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ശ്രീനിവാസന് അര്‍ഹിക്കുന്ന യാത്രയയപ്പാണ് സംസ്ഥാന സര്‍ക്കാരും സിനിമാ ലോകവും ചേര്‍ന്ന് നനല്‍കി. തമിഴ് സിനിമ ലോകത്തുനിന്നു പോലും താരത്തിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തി.
എന്നാല്‍ ഈ സംസ്‌കാര ചടങ്ങിനിടെ ഏറ്റവും വിമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു ശ്രീനിവാസന്റെ ഉറ്റസുഹൃത്തായ ജയറാമിന്റെയും ശ്രീനിവാസനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുള്ള ഉര്‍വശിയുടെയും അസാന്നിധ്യം. തമിഴ്‌നാട്ടില്‍ നിന്ന് സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെ കാണാന്‍ എത്തിയിട്ടും ജയറാം മാത്രം വരാത്തതില്‍ ആരാധകര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും ജയറാമും കുടുംബവും നേരിടുകയും ചെയ്തു.
ഇപ്പോഴിതാ ന്യൂസ്18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താനും ജയറാമും ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിന് പോകാത്തത് എന്ന് വിശദീകരിക്കുകയാണ് ഉര്‍വശി. പാണ്ഡ്യരാജൻ ഒരുക്കുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു. ആ സമയം സെറ്റിൽ നിന്ന് മാറിയിരുന്നെങ്കിൽ നിർമാതാവിന് വലിയ നഷ്ടവും വരുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും ഉർവശി പറഞ്ഞു.
‘‘ഞാനും ജയറാമും ശ്രീനിയേട്ടന്റെ മരണത്തിന് പോകാത്തതിന് വ്യക്തമായ കാരണമുണ്ട്. ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയി. വല്ലാത്തൊരു സിറ്റുവേഷന്‍ ആയിരുന്നു അത്. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. പകുതിക്ക് നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ പ്രൂവ് ചെയ്യേണ്ട ആവശ്യം എനിക്കില്ല. അത് ശ്രീനിയേട്ടനും അറിയാം, ആ കുടുംബത്തിനും അറിയാം. ജയറാമിന് പോകാന്‍ പറ്റാത്തതിന്റെ കാരണം വ്യക്തമായി എനിക്ക് അറിയാം. ഞങ്ങള്‍ രണ്ടുപേരും ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്...’’ഉര്‍വശി പറയുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ പോലെ തന്നെ ഹിറ്റായിരുന്നു ശ്രീനിവാസനും ജയറാമും ഒന്നിച്ച് അഭിനയിച്ച സിനിമകളും. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ ജയറാമിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഉര്‍വശിയുടെ ഈ തുറന്നു പറച്ചിലൂടെ ഒരു പരിധി വരെയുള്ള വിമര്‍ശനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നു തന്നെ കരുതാം.
ശ്രീനിവാസന്റെ വിയോഗത്തില്‍ തകര്‍ന്നു പോയ ധ്യാന്‍ ശ്രീനിവാസന്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നുവെന്നും ഉര്‍വശി പറയുന്നുണ്ട്. ‘‘ധ്യാന്‍ ഒരുപാട് കളിയാക്കുകയൊക്കെ ചെയ്യുമെങ്കിലും പിള്ളേരുടെ മനസാണ്. ശ്രീനിയേട്ടന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ പൊട്ടിപ്പോയത് അവനാണ്. നമുക്കത് നല്ലോണം മനസിലാകും. സങ്കടകരമായ കാഴ്ചയായിരുന്നു അത്...
ഞാന്‍ കണ്ടതില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിയേട്ടന്‍. സൗന്ദര്യ സങ്കല്‍പ്പത്തിന്റെ അവസാന വാക്കാണ്. അങ്ങനെയൊന്നും ചിന്തിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് തെളിയിച്ച ആളാണ്. സിനിമയ്ക്ക് അതിന്റെയൊന്നും ആവശ്യമേയില്ല. അതൊക്കെ വെറും അബദ്ധ ധാരണയാണ്. സിനിമയില്‍ ജയിക്കാന്‍ വേറെ നിര്‍വ്വാഹമില്ലാത്തവര്‍ക്ക് വെളുത്തും ചുവന്നുമിരുന്ന് മാനേജ് ചെയ്യാം. അല്ലാത്തവര്‍ക്ക് ജയിക്കാന്‍ സൗന്ദര്യം ഒരു ഘടകമേയല്ല.
ജനത്തിന് ആസ്വദിക്കാന്‍ സാധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ജനപ്രീതിയുണ്ടാക്കുക എളുപ്പമുള്ള കാര്യമല്ല. എല്ലാക്കാലത്തും വ്യക്തിപരമായും വലിയ ഇഷ്ടവും ആദരവുമാണ് ശ്രീനിയേട്ടനോട്. ഓര്‍മയില്‍ എക്കാലവും നിലനില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തു വച്ചിട്ടാണ് അദ്ദേഹം പോയത്. ഇനി മക്കള്‍ തെളിയിക്കണം ബാക്കി...’’ ഉര്‍വശി പറയുന്നു.