Tuesday, March 10, 2026 Last Updated 44 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.21 PM

‘ലണ്ടനി​ല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെയ്ട്രസാണവള്‍; പാഠപുസ്തകത്തേക്കാള്‍ അറിവ് നല്‍കുന്നത് ജീവിതമാണ്....’ അഭിമാനത്തോടെ പോസ്റ്റ് പങ്കിട്ട് ഷെഫ് പിള്ള

uploads/news/2026/02/827068/Untitled-6.jpg
Chef Pillai shares her daughter choosing her career (Image Source: Instagram)

പാചകലോകത്ത് തന്റെ സിഗ്നേച്ചര്‍ പതിപ്പിച്ച ഷെഫാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള. തന്റെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ കൊണ്ട് നിരവധി ഭക്ഷണപ്രിയരെ ആരാധകരാക്കി മാറ്റിയ ഷെഫ് പിള്ള ഇന്ത്യയില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫാണ്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന ഷെഫ് പിള്ളയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി റെസ്റ്റോറന്റ് ശാഖകളുണ്ട്. ടെലിവിഷന്‍ കുക്കറി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനാണ് ഷെഫ് പിള്ള. സോഷ്യല്‍ മീഡിയയിലും സജീവമായ താ​‍രം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സ്വന്തം മകളുടെ ജോലി സംബന്ധിച്ച്‌ ഷെഫ് പിള്ള പങ്കിട്ട സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് പകരം ഹോട്ടല്‍ ജോലി ചെയ്യാന്‍ മകള്‍ പറഞ്ഞതിനെക്കുറിച്ചാണ് ഷെഫ് കുറിക്കുന്നത്. മകള്‍ ഐശ്വര്യ ലണ്ടനിലെ ഹോട്ടലില്‍ വെയ്ട്രസായി ജോലി ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന സുരേഷ് പിള്ള ഇതിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
‘‘എന്റെ മകളോട് എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കി ഒരു പരിചാരികയാകാൻ ഞാൻ പറഞ്ഞത് എന്തുകൊണ്ടാണ്.
എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് സുരക്ഷ ആഗ്രഹിക്കുന്നു. മാന്യമായ ഒരു ബിരുദം. ഒരു ഡിഗ്രി, മികച്ച ഒരു കരിയര്‍ നല്ലൊരു ഭാവി എന്നതായിരിക്കും ഏതൊരു രക്ഷിതാവും ചിന്തിക്കുക. നാട്ടിലേക്ക് മടങ്ങുന്നത് വരെ മകള്‍ ഐശ്വര്യ ലണ്ടനിലാണ് പഠിച്ചത്. കേരളത്തിലേക്ക് വന്നതിന് ശേഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ഇതിന് ശേഷം എഞ്ചിനീയറിംഗിന് പോകുന്നതിനായി എന്‍ട്രന്‍സിന് തയ്യാറെടുത്തു, സമ്മർദ്ദവും പ്രതീക്ഷകളും താരതമ്യങ്ങളും നിറഞ്ഞ ഒരു ഘട്ടം, പല ഇന്ത്യൻ കുടുംബങ്ങൾക്കുമത് മനസ്സിലാകും.
എന്നാല്‍ പരീക്ഷാഫലം പ്രതീക്ഷിച്ചത് പോലെ മെച്ചപ്പെട്ടതായില്ല, ഇതോടെ ‘ഒരിക്കല്‍ക്കൂടി ശ്രമിക്കട്ടേ’ എന്നവള്‍ ചോദിച്ചു. എനിക്ക് അതെ എന്ന് പറയാൻ കഴിയുമായിരുന്നു.
പക്ഷേ പകരം, ഞാൻ അവളോട് വ്യത്യസ്തമായിട്ടാണ് പറഞ്ഞത്. ‘ഒരു വർഷത്തെ ഇടവേള എടുക്കുക. യുകെയിലേക്ക് പോകുക. ജോലി ചെയ്യുക. ജീവിതം ആസ്വദിക്കുക. നിന്റെ ഭാവി തീരുമാനിക്കുന്നതിന് മുമ്പ് സ്വയം കണ്ടെത്തുക...’ എന്ന്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനിലേക്ക് തിരികെ പോയ അവള്‍ കഴിഞ്ഞ ആഴ്ച അവിടെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെയ്ട്രസായി തന്റെ ആദ്യ ജോലി ആരംഭിച്ചു.
മുപ്പത് വർഷം മുമ്പ്, ഞാൻ കൊല്ലത്ത് ഒരു വെയിറ്ററായി ആരംഭിച്ചതാണ് ഈ കരിയര്‍. വലിയ പദവിയുമില്ല. കഠിനാധ്വാനവും സ്വസ്ഥമായ അഭിലാഷവും മാത്രം. ആ ഡൈനിംഗ് റൂം എനിക്ക് തന്ന എളിമ, പ്രതിരോധശേഷി, നേതൃത്വം എന്നിവയാണ്. ഏതൊരു ക്ലാസ് മുറിയിലും കഴിയാത്തത്ര ഞാനവിടെ നിന്ന് പഠിച്ചു. ചില കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ അല്ല മറിച്ച്‌ ജീവിതത്തില്‍ നിന്നാണ് പഠിക്കാന്‍ കഴിയുക, അവിടെ നിന്നാണ് കൂടുതല്‍ അറിവ് കിട്ടുന്നത്.
ചില പാഠങ്ങൾ പാഠപുസ്തകങ്ങളിൽ കാണാറില്ല...8 മണിക്കൂർ നിൽക്കുക, അന്തസ്സോടെ സേവിക്കുക, സ്വന്തമായി പണം സമ്പാദിക്കുക, ഉത്തരവാദിത്തം ഏറ്റെടുക്കുക... എന്നതൊക്കെ...ബിരുദങ്ങള്‍ പ്രധാനമാണ്...കരിയർ പ്രധാനമാണ്....എന്നാൽ ക്യാരക്ടറാണ് ഏറ്റവും പ്രധാനം....
ഇത് വിദ്യാഭ്യാസം നിരസിക്കുന്നതിനെക്കുറിച്ചല്ല... മറിച്ച് ദിശ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ്.
സ്ഥാനമാനങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് അവർ ശക്തി വളർത്തട്ടെ....’’എന്നാണ് മകളുടെ ചിത്രം പങ്കിട്ട് ഷെഫ് പിള്ള കുറിച്ചിരിക്കുന്നത്. വലിയ രീതിയില്‍ ഷെഫ് പിള്ളയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളും സ്നേഹവും പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW